കേരളത്തിന്റെ നേട്ടങ്ങളെല്ലാം തന്റേതെന്നു വരുത്തുന്ന അല്പനാണ് പിണറായിയെന്ന് കെ സുധാകരന്‍

Spread the love

‘നാം ഒന്നായി നേടിയ വിജയം’ എന്ന വായ്ത്താരി മുഴക്കിയശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വച്ച് ഈ നേട്ടങ്ങളെല്ലാം തന്റേതാക്കുന്ന കൗശലം ജനങ്ങള്‍ തിരിച്ചറിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പ്രചാരണങ്ങളില്‍ നിന്ന് സഹമന്ത്രിമാരെ വരെ പുറത്താക്കി ‘ഞാനും പിന്നെ ഞാനും എന്റെ മുഖവും’ എന്ന പിണറായിയുടെ ധാര്‍ഷ്ട്യത്തിനെതിരേ ശബ്ദമുയര്‍ത്താന്‍ പോലും കഴിയാത്ത അടിമക്കൂട്ടങ്ങളാണ് ഇടതുമന്ത്രിമാരെന്നും സുധാകരന്‍ പറഞ്ഞു.

പിണറായിയുടേതെന്നു പ്രചരിപ്പ 70ലധികം നേട്ടങ്ങളില്‍ ഒന്നും പോലും സ്വന്തമല്ല എന്നതാണ് വാസ്തവം. കോടികള്‍ ചെലവാക്കിയ പരസ്യങ്ങളിലൂടെ പിണറായി വെറും കുമിളയാണെന്ന വസ്തുത ജനങ്ങള്‍ക്ക് ബോധ്യമായി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെയും മുന്‍ സര്‍ക്കാരുകളുടെയും നേട്ടങ്ങള്‍ തന്റേതാക്കി പ്രചരിപ്പക്കുന്ന

പിണറായിയുടെ തൊലിക്കട്ടി സമ്മതിച്ചു കൊടുക്കണം. വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപിക്കുകയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ഈ പദ്ധതിയില്‍ ജുഡീഷ്യല്‍ അന്വേഷണവും വിജിലന്‍ അന്വേഷണവും നടത്തിച്ച മഹാനാണ് ഇപ്പോള്‍ ഈ പദ്ധതി തന്റേതാക്കി അവതരിപ്പിച്ചത്.

ഗെയില്‍ ഗെയില്‍ ഗോ എവേ, ഭൂമിക്കടിയിലെ ബോംബ് എന്നൊക്കെ വിശേഷിപ്പിച്ച് പദ്ധതിക്കെതിരേ പോരാടിയവര്‍ ഇന്നത് നെഞ്ചേറ്റുന്നു. യുഡിഎഫ് തുടങ്ങിയ പിങ്ക് പോലീസിനെ സ്വന്തമാക്കി. ഇന്റര്‍നെറ്റ് അടിസ്ഥാന അവകാശമാക്കി പ്രഖ്യാപിച്ച് അതിന്റെ മറവില്‍ തുടങ്ങിയ കെ ഫോണില്‍ വന്‍ അഴിമതി നടത്തി. 62

ലക്ഷം പാവപ്പെട്ടവരുടെ ക്ഷേമപെന്‍ഷന്‍ കുടിശികയായിട്ട് നാലു മാസം. കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ മുടങ്ങിയിട്ട് മൂന്നു മാസം. മുന്നോട്ടു കുതിച്ചെന്നു പറയുന്ന കാര്‍ഷികമേഖലയിലെ നെല്‍കര്‍ഷകര്‍ വിറ്റ നെല്ലിന്റെ പണത്തിന് സര്‍ക്കാരിനോട് യാചിക്കുന്നു. മരുന്നും സൗകര്യങ്ങളുമില്ലാത്ത സര്‍ക്കാര്‍ ആശുപത്രികളെ ഓര്‍ത്ത് അഭിമാനിക്കാന്‍ വിദേശത്തു ചികിത്സ നടത്തുന്ന പിണറായിക്കേ കഴിയൂ. തലയുയര്‍ത്തി നില്ക്കുന്ന പൊതുമേഖലാസ്ഥാപനത്തിന്റെ അധിപന്‍ പണം വച്ച് ചൂതാട്ടം നടത്തി പോലീസ് പൊക്കിയിട്ടും നടപടിയില്ല. പൊതുവിദ്യാലയമഹിമയെക്കുറിച്ച് ഗീര്‍വാണം പറയുമ്പോള്‍ കുട്ടികളുടെ ഉച്ചക്കഞ്ഞി മുടങ്ങാതിരിക്കാന്‍ കിടപ്പാടം പണയപ്പെടുത്തി പണം കണ്ടെത്തിയ പ്രധാന അധ്യാപകരെ മറക്കുന്നു.

ജനങ്ങള്‍ മഹാദുരിതത്തില്‍ ആണ്ടുകിടക്കുമ്പോഴാണ് 27 കോടിയുടെ നികുതിപ്പണം ഉപയോഗിച്ച് തലസ്ഥാന നഗരി മുഴുവന്‍ മുഖ്യമന്ത്രിയുടെ ബാഹുബലി മോഡല്‍ ഫ്ളക്സ് നിറച്ചിരിക്കുന്നത്. മീഡിയ പ്രവര്‍ത്തനത്തിനു മാത്രം നാലുകോടി. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് കേരളീയം പരിപാടിയുടെ കരാറുകള്‍ നല്‍കിയതിലും കോടികളുടെ തിരിമറി നടന്നു. പാര്‍ട്ടിക്കാര്‍ക്ക് കൈയിട്ടുവാരാനുള്ള ചക്കര ഭരണിയാണെന്ന് തിരിച്ചറിഞ്ഞാണ് എല്ലാവര്‍ഷവും കേരളീയം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നത്.

കോടികളുടെ കടമെടുത്ത് ധൂര്‍ത്ത് നടത്തി ഒടുവില്‍ മൊട്ടുസൂചി പോലും വാങ്ങാന്‍ ശേഷിയില്ലാത്ത ഖജനാവ് സൃഷ്ടിച്ചതാണ് പിണറായി സര്‍ക്കാരിന്റെ ആകെയുള്ള ഭരണനേട്ടം. സാമ്പത്തിക പ്രതിസന്ധി ഭരണസ്തംഭനത്തിലേക്ക് നീങ്ങിയിട്ടും സര്‍ക്കാരിന് കുലുക്കമില്ല. ദൈനംദിന ചെലവുകളുടെ ബില്ലുകളുടെ പരിധി 5 ലക്ഷമാക്കിയിട്ടാണ് മികവിന്റെ സംസ്ഥാനമെന്ന് കേരളത്തെ മുഖ്യമന്ത്രി വിശേഷിപ്പിക്കുന്നത് പരിഹാസ്യമാണ്.

സാമ്പത്തിക തകര്‍ച്ചയില്‍, തൊഴിലില്ലായ്മയില്‍, കടത്തില്‍, ജീവനക്കാരുരടെ ഡിഎ കുടിശി നല്കാത്തതില്‍, സ്ത്രീപീഡനങ്ങളില്‍, കുറ്റകൃത്യങ്ങളില്‍, കൊലപാതകങ്ങളില്‍ ഒന്നാം സ്ഥാനത്താണ് കേരളം. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍, ലാവ്‌ലിന്‍ കേസുകളിലൊക്കെ പ്രതിക്കൂട്ടിലാകുകയും 40 അകമ്പടി വാഹനങ്ങളോടെ മാത്രം സഞ്ചരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നു സുധാകരന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *