കേരളം നിര്‍മ്മിത ബുദ്ധിയിലേക്ക് എത്തിയിരിക്കുന്നു : മന്ത്രി വീണാ ജോര്‍ജ്

Spread the love

ജി ഗൈറ്റര്‍ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ലാതല ആശുപത്രിയായി തിരുവനന്തപുരം ജനറല്‍ ആശുപത്രി.

ജി ഗൈറ്റര്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു.

തിരുവനന്തപുരം: വര്‍ത്തമാനകാലത്തില്‍ നിര്‍മ്മിത ബുദ്ധിക്ക് സുപ്രധാന പങ്കുണ്ടെന്നും കേരളം അതില്‍ എത്തിയിരിക്കുന്നതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പും കെ ഡിസ്‌കും കൂടിയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍, അഡ്വാന്‍സ് ഗെയ്റ്റ് ട്രെയിനിങ് റോബോട്ട് ആയ ജി

ഗൈറ്റര്‍ സാധ്യമാക്കുന്നത്. ആരോഗ്യ സംവിധാനത്തില്‍ ഇതുപോലെയുള്ള നൂതന ആശയങ്ങള്‍ നടപ്പിലാക്കാനാണ് പരിശ്രമിക്കുന്നത്. ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്റിനെ കുറിച്ചുള്ള വിവരങ്ങള്‍ വളരെ വേഗത്തില്‍ അറിയാന്‍ സാധിക്കുന്നതാണ് ആന്റിബയോഗ്രാം ആപ്ലിക്കേഷന്‍ ആന്റ് യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമെന്നും മന്ത്രി പറഞ്ഞു.

ലോകോത്തര നിലവാരത്തിലുള്ള ആധുനിക ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സ ഉറപ്പാക്കാന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച അഡ്വാന്‍സ് ഗെയ്റ്റ് ട്രെയിനിങ് റോബോട്ട് ആയ ജി ഗൈറ്ററിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഇതോടൊപ്പം ആന്റിബയോഗ്രാം ആപ്ലിക്കേഷന്‍ ആന്റ് യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം – കരിയര്‍ ലോഞ്ചും നിര്‍വഹിച്ചു.

 

ജി ഗെയ്റ്റര്‍ സാങ്കേതികവിദ്യ നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രിയായി തിരുവനന്തപുരം ജനറല്‍ ആശുപത്രി ഇതോടെ മാറുകയാണ്. കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (K-DISC) സംസ്ഥാനത്തിന്റെ വികസനത്തിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ജന്റോബോട്ടിക്‌സിന്റെ ജി ഗെയ്റ്റര്‍ റോബോട്ടിനെ ജനറല്‍ ഹോസ്പിറ്റലില്‍ സ്ഥാപിച്ചത്.

സ്‌ട്രോക്ക്, സ്പൈനല്‍ കോര്‍ഡ് ഇഞ്ചുറി, ആക്‌സിഡന്റ്, പക്ഷാഘാതം, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയ നിരവധി കാരണങ്ങള്‍ മൂലം ചലനശേഷി നഷ്ടമായവരെ വീണ്ടും നടത്താന്‍ പഠിപ്പിക്കുന്ന റോബോട്ട് ആണ് ജി ഗൈറ്റര്‍. ഇത്തരം രോഗാവസ്ഥകള്‍ മൂലം നടക്കാനായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ധാരാളമുണ്ട്. ജി ഗൈറ്റര്‍ സാങ്കേതിക വിദ്യയിലൂടെ ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്ന രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും, വേഗത്തിലുള്ള പുനരധിവാസത്തിലേക്ക് അവരെ നയിക്കാനും സാധിക്കും.

കേരളത്തിന്റെ സ്വന്തം സ്റ്റാര്‍ട്ടപ്പ് ആയ ജന്റോബോട്ടിക്സ് ആണ് ജി ഗെയിറ്റര്‍ വികസിപ്പിച്ചത്. ജി ഗൈറ്റര്‍ സ്ഥാപിക്കുന്നത് വഴി റീഹാബിലിറ്റേഷന്‍ രംഗത്ത് ലോകോത്തര നിലവാരത്തിലേക്ക് കേരളത്തിന്റെ ആരോഗ്യരംഗം ഉയരുകയും ചെയ്യും.

വി.കെ. പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍ പാളയം രാജന്‍, കെ ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണന്‍, ജന്റോബോട്ടിക്‌സിലെ വിമല്‍ ഗോവിന്ദ് എം.കെ., അഫ്‌സല്‍ മുട്ടിക്കല്‍, നിഖില്‍ എന്‍.പി. പങ്കെടുത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *