കായിക താരങ്ങളുടെ നിയമനങ്ങളിൽ റെക്കോഡിട്ട് കേരളം; 703 പേർക്ക് സർക്കാർ ജോലി

Spread the love

249 പേരുടെ നിയമനം ഉടൻ.
തിരുവനന്തപുരം: കായിക രംഗത്തെ പശ്ചാത്തല സൗകര്യ വികസനത്തില്‍ മുന്നേറ്റം നടത്തി കൊണ്ടിരിക്കുന്ന കേരളം കായിക താരങ്ങൾക്ക് സർക്കാർ ജോലികളിൽ നിയമനം നൽകുന്നതിലും പുതിയ റെക്കോർഡിട്ടു. ഏഴു വർഷത്തിനിടെ 703 കായിക താരങ്ങൾക്കാണ് സ്പോർട്സ് ക്വാട്ടയിൽ വിവിധ വകുപ്പുകളിലായി നിയമനം നൽകിയത്. 249 പേർക്കു കൂടി നിയമം നൽകാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ഇതിനു പുറമെയാണ് കെഎസ്ഇബിയിലേയും കേരള പൊലീസിലേയും സ്പോർട്സ് ക്വോട്ട നിയമനങ്ങൾ.

2010-2014 വർഷം വരെ മുടങ്ങിക്കിടന്ന നിയമനങ്ങളാണ് കഴിഞ്ഞ ഏഴു വർഷത്തിനിടെ എൽഡിഎഫ് സർക്കാർ യാഥാർത്ഥ്യമാക്കി വരുന്നത്. 2010-14 റാങ്ക് ലിസ്റ്റിൽ നിന്ന് 65 പേർക്ക് കൂടി ഈ സർക്കാർ നിയമനം നൽകി. കൂടാതെ പൊലീസിൽ സ്പോർട്സ് ക്വാട്ടയിൽ 31 പേർക്കും കെഎസ്ഇബിയിൽ 27 പേർക്കും നിയമനം ലഭിച്ചു.

2015-19 കാലയളവിലെ സ്‌പോട്‌സ് ക്വാട്ട നിയമന നടപടികള്‍ പുരോഗമിച്ചു വരികയാണ്. സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയായി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ഈ ലിസ്റ്റിൽ നിന്ന് 249 പേര്‍ക്കാണ് നിയമനം ലഭിക്കുക. ഒരു തസ്തികയില്‍ പ്രത്യേക പരിഗണനയില്‍ ഫുട്ബോൾ താരം സി കെ വിനീതിന് നേരത്തേ ജോലി നല്‍കിയിരുന്നു. ഇതിനു പുറമെ പൊലീസിലും കെഎസ്ഇബിയിലും പുതിയ സ്‌പോട്‌സ് ക്വാട്ട നിയമനങ്ങളും നടക്കും.

2010-14 സ്‌പോട്‌സ്‌ക്വാട്ട നിയമനം അന്നത്തെ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് മുടങ്ങിക്കിടന്നതാണ്. തുടര്‍ന്നു വന്ന എല്‍ ഡി എഫ് സർക്കാർ 2019 ഫെബ്രുവരിയിൽ 409 പേര്‍ ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഒഴിവുള്ള 250 തസ്തികകളിലും നിയമനം നടത്തി. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഞ്ചു വര്‍ഷത്തിനിടെ 110 കായിക താരങ്ങൾക്കു മാത്രമാണ് നിയമനം നൽകിയത്.

2015ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ ടീം ഇനത്തില്‍ വെള്ളി, വെങ്കലം മെഡല്‍ നേടിയ 83 കായികതാരങ്ങള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനം നല്‍കുമെന്ന് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, ഇതു പ്രായോഗികമല്ലായിരുന്നു. ഈ കായിക താരങ്ങൾക്ക് 2021ൽ സംസ്ഥാന സർക്കാർ കായിക-യുവജനകാര്യ ഡയറക്ടറേറ്റിൽ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് എൽഡിസി തസ്തികയിൽ നിയമനം നൽകി. 2015 ദേശീയ ഗെയിംസില്‍ വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി, വെങ്കലം നേടിയവരും ടീം ഇത്തില്‍ സ്വര്‍ണം നേടിയവരുമായ 68 പേര്‍ക്ക് നേരത്തേ നിയമനം നൽകിയിരുന്നു.

സന്തോഷ് ട്രോഫി ജേതാക്കളായ കേരള ഫുട്ബോൾ ടീമിലെ ജോലിയില്ലാതിരുന്ന 11 താരങ്ങൾക്കും മുൻ എൽഡിഎഫ് സർക്കാർ എൽഡിസി തസ്തികയിൽ നിയമനം നൽകിയിട്ടുണ്ട്. കൂടാതെ പൊലീസില്‍ 137 പേര്‍ക്കും കെ എസ് ഇ ബിയിൽ 34 പേര്‍ക്കും ജോലി നൽകി. ജീവിതം പ്രതിസന്ധിയിലായ ബിൻസി ജോർജ് എന്ന ക്രോസ്കൺട്രി താരത്തിന് ജില്ലാ സ്പോർട്സ് കൗണ്‍സിലില്‍ ജോലി നല്‍കി.

അവശ കായികതാരങ്ങളുടെ പെന്‍ഷന്‍ 1300 രൂപയായി വര്‍ദ്ധിപ്പിച്ചു. പെന്‍ഷൻ അര്‍ഹതയ്ക്കുള്ള വരുമാനപരിധി 20,000 രൂപയിൽ നിന്നും ഒരു ലക്ഷം രൂപയാക്കി വർധിപ്പിക്കുകയും ചെയ്തു.

Divya Raj.K

Author

Leave a Reply

Your email address will not be published. Required fields are marked *