പത്തനംതിട്ട റാന്നി നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. റാന്നി ടിബിയില്‍ നവകേരള സദസ് സംബന്ധിച്ച പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. 17ന് ഉച്ചയ്ക്ക് മൂന്നിനു റാന്നി മാര്‍ സേവിയസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലാണ് സദസ് സംഘടിപ്പിക്കുന്നത്. അന്‍പതിനായിരം ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കും. പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കുവാന്‍ 20 കൗണ്ടറുകള്‍ തയ്യാറായി. അംഗപരിമിതര്‍, മുതിര്‍ന്ന പൗരന്മാര്, സ്ത്രീകള്‍ എന്നിവര്‍ക്കായി അഞ്ചു കൗണ്ടറുകള്‍ സജ്ജീകരിക്കും. രാവിലെ 11 മുതല്‍ കൗണ്ടറുകളില്‍ പരാതി സ്വീകരിക്കും. മൂന്നു ജീവനക്കാര്‍, വളണ്ടിയര്‍മാര്‍ എന്നിവര്‍ ഓരോ കൗണ്ടറിലും ഉണ്ടാവും. ജീവനക്കാര്‍ക്കും വാളണ്ടിയര്‍മാര്‍ക്കും പരിശീലനം നല്കി. ഒന്നര മുതല്‍ വേദികളില്‍ കലാപരിപാടികള്‍ ആരംഭിക്കും.
റാന്നി പാര്‍ക്കിങ് ക്രമീകരണങ്ങള്‍:നവകേരളസദസ്സില്‍ പങ്കെടുക്കുവാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തി. വലിയ പാലം കടന്നു വരുന്ന വാഹനങ്ങള്‍ ബ്ലോക്ക് പടിക്ക് ശേഷമുള്ള പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഇടത് ഭാഗത്തും വൈക്കം പെട്രോള്‍ പമ്പ് മുതല്‍ മന്ദിരം പടി വരെയുള്ള പഴയ സംസ്ഥാന പാതയുടെ വശങ്ങളിലും പാര്‍ക്ക് ചെയ്യും. മറുഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങള്‍ ഇട്ടിയപ്പാറ ബസ്റ്റാന്‍ഡ്, സെന്റ് മേരീസ് സ്കൂള്‍ മൈതാനം, എസ് സി സ്കൂകൂളിന്റെ മൈതാനങ്ങള്‍, അങ്ങാടി സര്‍വീസ് സഹകരണ ബാങ്ക് പരിസരം, പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ചെത്തോങ്കര മുതല്‍ മന്ദമരുതി വരെയുള്ള ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്യാം.