ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: റൂട്ട് പ്രഖ്യാപിച്ചു

Spread the love

കൊച്ചി: ഫെബ്രുവരി 11ന് നടക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാരത്തണ്‍ റൂട്ട് അനാവരണം ചെയ്തു. 42.195 കി.മീ മാരത്തണ്‍, 21.097 കി.മീ ഹാഫ് മാരത്തണ്‍, 10 കി.മീ, 3 കി.മീ ഗ്രീന്‍ റണ്‍ എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ ഇത്തവണ ശാരീരിക അവശതകള്‍ നേരിടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി 1.3 കിലോമീറ്റര്‍ സ്പെഷ്യല്‍ റണ്‍ നടക്കും. വെള്‍ഡ് അത്ലറ്റിക്സ് അംഗീകൃത റൂട്ടിലാണ് മാരത്തണ്‍ നടക്കുക.

മാരത്തണ്‍ പുലര്‍ച്ചെ 4 മണിക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ഫ്ളാഗ് ഓഫ് ചെയ്യും. എം ജി റോഡ് വഴി തേവര ജംഗ്ഷന്‍, ഓള്‍ഡ് തേവര റോഡ്, ചര്‍ച്ച് ലാന്‍ഡിംഗ് റോഡ്, ഫോര്‍ഷോര്‍ റോഡ്, മറൈന്‍ ഡ്രൈവ്, ഗോശ്രീ പാലം ജംഗ്ഷനില്‍ നിന്നും ചാത്യാത് വാക്ക് വേ വഴി തിരിഞ്ഞ് ഗോശ്രീ പാലം കയറി കണ്ടയിനര്‍ റോഡ് വഴി ചേരാനല്ലൂര്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് കണ്ടയിനര്‍ റോഡ് വഴി മറൈന്‍ ഡ്രൈവ്, ഫോര്‍ഷേര്‍ റോഡ്, ഹോസ്പിറ്റല്‍ റോഡ് വഴി മഹാരാജാസ് ഗ്രൗണ്ടില്‍ സമാപിക്കും. ഹാഫ് മാരത്തണ്‍ രാവിലെ 5 മണിക്കും, 10 കി മീ മാരത്തണ്‍ 6 മണിക്കും, 3 കിമീ ഗ്രീന്‍ റണ്‍ 7 മണിക്കും, 1.3 കിലോ മീറ്റര്‍ സ്പെഷ്യല്‍ റണ്‍ 7.30നും ആരംഭിക്കും. 7280 പേര്‍ ഇതിനകം മാരത്തണില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 9,10 ദിവസങ്ങളിലായി നടക്കുന്ന എക്സ്പോയില്‍ സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടാകും. ഇതിലൂടെ 800 മുതല്‍ ആയിരം വരെ രജിസ്ട്രേഷന്‍ പ്രതീക്ഷിക്കുന്നു. സ്പെഷ്യല്‍ റണ്‍ കാറ്റഗറിയില്‍ 800 രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചിട്ടിട്ടുണ്ട്.

പത്തിലേറെ രാജ്യങ്ങളില്‍ നിന്നും, ഇന്ത്യയിലെ ഇരുപതിലേറെ സംസ്ഥാനങ്ങളില്‍ നിന്നുള്ള മികച്ച അത്ലറ്റുകളുടെ സാന്നിധ്യം കൊണ്ട് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ അന്തര്‍ ദേശീയ ഇവന്റായി മാറുമെന്ന് റേസ് ഡയറക്ടര്‍ ശബരി നായര്‍ പറഞ്ഞു.

ഫെഡറല്‍ ബാങ്ക് കൊചി മാരത്തണ്‍ ജനപങ്കാളിത്തം കൊണ്ട് തന്നെ ശ്രദ്ധ നേടുമെന്ന് ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റ് സുരേഷ് കുമാര്‍ പറഞ്ഞു. ഫെഡറല്‍ ബാങ്കിലെ 500-ഓളം ജീവനക്കാര്‍ മാരത്തണില്‍ ഓടുമെന്നും അദ്ദേഹം അറിയിച്ചു. പതിനഞ്ചു ലക്ഷം രൂപയാണ് ഇത്തവണത്തെ സമ്മാനത്തുക.

മാരത്തണ്‍ സുരക്ഷിതമായി നടത്തുന്നതിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സംഘാടകര്‍ അറിയിച്ചു. ഹോള്‍ഡിംഗ് ഏരിയയില്‍ ബേസ് മെഡിക്കല്‍ ക്യാമ്പും മാരത്തണ്‍ റൂട്ടില്‍ ആറ് മെഡിക്കല്‍ സ്റ്റേഷനുകളും സജ്ജീകരിക്കുമെന്ന് ആസ്റ്റര്‍ മെഡിസിറ്റി എമര്‍ജന്‍സി വിഭാഗത്തിലെ ഡോ. ഹരി പറഞ്ഞു. അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനായി മൂന്ന് ആംബുലന്‍സുകളുടെ സേവനവും ഒരുക്കും. എല്ലാ വോളന്റിയര്‍മാര്‍ക്കും അടിയന്തര പരിചരണങ്ങളിലും സിപിആര്‍ പോലുള്ള പ്രക്രിയകളിലും പരിശീലനം നല്‍കിയിട്ടുണ്ടെന്നും ഡോ. ഹരി അറിയിച്ചു.

അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധികള്‍ സ്റ്റാര്‍ട്ട്, ഫിനിഷ് ലൈനുകളും യു ടേണുകളിലും ഔദ്യോഗികമായി നിരീക്ഷിക്കും. മാരത്തണിന്റെ ഓഫീഷ്യല്‍ പെയിന്‍ റിലീഫ് പാര്‍ട്ണറായ ടൈഗര്‍ ബാം മാരത്തണ്‍ റൂട്ടിലുടനീളം ഓട്ടക്കാര്‍ക്കുണ്ടാകുന്ന ഏതൊരു വേദനയും പരിഹരിക്കാന്‍ ടച്ച് പോയിന്റുകള്‍ സ്ഥാപിക്കും, കൂടാതെ മാരത്തണിന് ശേഷമുണ്ടാകുന്ന വേദനകളും അസ്വസ്ഥതകളും പരിഹരിക്കുന്നതിനും പരിചരണത്തിനുമായി പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് തെറാപ്പിസ്റ്റുകളുടെ റിലീഫ് സോണും സജ്ജമാക്കും.

ക്ലിയോ സ്‌പോര്‍ട്‌സ് ഡയറക്ടര്‍മാരായ അനീഷ് കെ. പോള്‍, ബൈജു പോള്‍, എം.ആര്‍.കെ. ജയറാം, ശബരി നായര്‍ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ പ്രൊജക്ട് ഹെഡ് വിപിന്‍ നമ്പ്യാര്‍, കേരള സ്റ്റേറ്റ് അത്ലറ്റിക്സ് അസോസിയേഷന്‍ പ്രതിനിധി സോളമന്‍ ആന്റണി, കോഴ്‌സ് ഡയറക്ടര്‍ അമീര്‍ ശാന്തിവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ കാപ്ഷന്‍: ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഒരുക്കങ്ങള്‍ വിലയിരുത്തുന്ന പത്രസമ്മേളനത്തില്‍ പ്രൊജക്ട് ഹെഡ് വിപിന്‍ നമ്പ്യാര്‍, ഡോ. ഹരി, കേരള സ്റ്റേറ്റ് അത്ലറ്റിക്സ് അസോസിയേഷന്‍ പ്രതിനിധി സോളമന്‍ ആന്റണി, കോഴ്‌സ് ഡയറക്ടര്‍ അമീര്‍ ശാന്തിവന്‍, റേസ് ഡയറക്ടര്‍ ശബരി നായര്‍ എന്നിവര്‍.

vijin vijayappan

Author

Leave a Reply

Your email address will not be published. Required fields are marked *