സംസ്‌കൃത സർവ്വകലാശാലയിൽ സംസ്കൃതത്തിൽ ഓൺലൈൻ കോഴ്സ് ആരംഭിച്ചു

Spread the love

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ ലേണിംഗ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസുമായി സഹകരിച്ച് നടത്തുന്ന ഓൺലൈൻ സംസ്കൃത കോഴ്സ് ആരംഭിച്ചു. ‘സാൻസ്ക്രിറ്റ് ഫോർ സ്പെഷ്യൽ പർപ്പസ് – ആയുർവേദ’ എന്നാണ് കോഴ്സിന്റെ പേര്. കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയിലെ ആയുർവേദ അധ്യാപകർക്കായി നടത്തുന്ന ഈ ഓൺലൈൻ കോഴ്സിന്റെ ദൈർഘ്യം 16 ആഴ്ചയാണ്. ആഴ്ചയിൽ മൂന്ന് മൊഡ്യൂൾ ക്ലാസുകളും ഒരു അസസ്‍മെന്റും എന്ന രീതിയിലാണ് ക്ലാസിന്റെ ഘടന. 40 മൊഡ്യൂളുകളിലായി മലയാളം പഠനമാധ്യമത്തിൽ പൂർണ്ണമായും ഓൺലൈൻ വഴിയാണ് കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളുടെ ഭാഷയെന്ന നിലയിൽ സംസ്കൃതത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ആയുർവേദം പഠിക്കുന്നവർക്ക് സംസ്കൃത ഭാഷാപരിജ്ഞാനം കൂടുതൽ സഹായകമാകും. സംസ്കൃതഭാഷയുടെ പ്രധാന പ്രത്യേകതകളിൽ ഒന്ന് അതിന്റെ വ്യാഖ്യാന സാധ്യതകളാണ്. നിപാതം, ഉപസർഗം, പ്രകരണം എന്നിങ്ങനെ ഓരോ മൂലകത്തിന്റെയും വ്യാഖ്യാന സാധ്യതകൾ പരിചയപ്പെടുത്തുക വഴി ആയുർവേദത്തിലെ ഏത് ഗ്രന്ഥങ്ങളും ഫലപ്രദമായി വായിക്കാനും മനസ്സിലാക്കാനുമുളള രീതിശാസ്ത്രം കണ്ടെത്തലാണ് ഈ ഓൺലൈൻ കോഴ്സിലൂടെ ഉദ്ദേശിക്കുന്നത്. ആയുർവേദ ഗ്രന്ഥങ്ങൾ ശ്ലോകരൂപത്തിലായതിനാൽ ഈ കോഴ്സിൽ ശ്ലോകങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. സംസ്കൃത ഭാഷയും സാഹിത്യവും പരിചയപ്പെടുത്തുക, സംസ്കൃത വ്യാകരണത്തിന്റെ അടിസ്ഥാനങ്ങളെ മനസ്സിലാക്കുക, സംസ്കൃത ശ്ലോകങ്ങളുടെ വ്യാഖ്യാന ശൈലി തിരിച്ചറിയുക, ആയുർവേദ ഗ്രന്ഥങ്ങൾ സ്വന്തമായി വ്യാഖ്യാനിക്കുവാൻ പര്യാപ്തമാവുക എന്നിവയാണ് ഈ ഓൺലൈൻ കോഴ്സിലൂടെ ലക്ഷ്യമാക്കുന്നതെന്ന്, കോഴ്സ് ഡിസൈൻ ചെയ്ത സംസ്കൃതം സാഹിത്യ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സി. കെ. ജയന്തി, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്രീദേവി എന്നിവർ പറഞ്ഞു.

—————————————————————————————————

പി. ജി. പ്രവേശന പരീക്ഷകൾ മെയ് എട്ടിന് തുടങ്ങും

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ വിവിധ പി. ജി. പ്രോഗ്രാമുകളിലേയ്ക്കുളള പ്രവേശന പരീക്ഷകൾ മെയ് എട്ട് മുതൽ 16 വരെ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. മെയ് എട്ടിന് രാവിലെ സംസ്കൃതം സാഹിത്യം, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഡാൻസ് – മോഹിനിയാട്ടം, മ്യൂസിക് ഉച്ചകഴിഞ്ഞ് കംപാരറ്റീവ് ലിറ്ററേച്ചർ, സൈക്കോളജി, സംസ്കൃതം വേദാന്തം എന്നീ പ്രോഗ്രാമുകളിലേയ്ക്കുളള പ്രവേശന പരീക്ഷകളാണ് നടക്കുക. ഒൻപതിന് രാവിലെ മലയാളം, ഡാൻസ് – ഭരതനാട്യം , പി. ജി. ഡിപ്ലോമ ഇൻ ട്രാൻസ്‍ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇൻ ഹിന്ദി, ഉച്ചകഴിഞ്ഞ് ഹിസ്റ്ററി, ഹിന്ദി, 15ന് രാവിലെ സംസ്കൃതം ജനറൽ, തീയറ്റർ, എം. എസ്. ഡബ്ല്യു., സംസ്കൃതം വ്യാകരണം, ഉച്ചകഴിഞ്ഞ് എം. പി. ഇ. എസ്, സോഷ്യോളജി, 16ന് രാവിലെ എം. എഫ്. എ., സംസ്കൃതം ന്യായം, അറബിക്, ഫിലോസഫി, ജ്യോഗ്രഫി, ഉച്ചകഴിഞ്ഞ് മ്യൂസിയോളജി, വേദിക് സ്റ്റഡീസ്, ഉർദു എന്നീ പ്രോഗ്രാമുകളിലേയ്ക്കും പ്രവേശന പരീക്ഷ നടക്കും. എം. എഫ്. എ., തീയറ്റർ, മ്യൂസിക്, ഡാൻസ് (ഭരതനാട്യം, മോഹിനിയാട്ടം) എന്നീ പ്രോഗ്രാമുകളിലേയ്ക്കുളള അഭിരുചി/ പ്രാക്ടിക്കൽ/പോർട്ട്ഫോളിയോ പ്രസന്റേഷൻ/ ഇന്റർവ്യൂ എന്നിവ പ്രവേശന പരീക്ഷ എഴുതുന്ന ദിവസം തന്നെ കാലടി മുഖ്യക്യാമ്പസിൽ നടക്കും. എം. എഫ്. എ. പ്രോഗ്രാമിന് അപേക്ഷിച്ചിട്ടുളളവർ തങ്ങളുടെ പോർട്ട്ഫോളിയോ പ്രസന്റേഷൻ, പ്രവേശന പരീക്ഷ കഴിഞ്ഞാലുടൻ പെയിന്റിംഗ് വിഭാഗം തലവന് സമർപ്പിക്കണം. എം. പി. ഇ. എസ്. പ്രോഗ്രാമിന് അപേക്ഷിച്ചിട്ടുളളവർ ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിനായി പ്രവേശന പരീക്ഷയുടെ അന്നേ ദിവസം രാവിലെ എട്ടിന് കാലടി മുഖ്യ ക്യാമ്പസിലുളള ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍ നം. 9447123075

 

Author

Leave a Reply

Your email address will not be published. Required fields are marked *