അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കല്‍; സര്‍ക്കാരിന്റെ അഴിമതിക്ക് കേരളത്തെ ഇരുട്ടിലാക്കരുത് : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ്.

തിരുവനന്തപുരം : ലോഡ് ഷെഡ്ഡിംഡ് ഇല്ലെന്ന് വൈദ്യുതി മന്ത്രി പരസ്യമായി പറയുമ്പോഴും സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലാണ്. പകലും രാത്രിയും അപ്രഖ്യാപിതമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ നിന്നും കെ.എസ്.ഇ.ബി പിന്മാറണം. അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാരും വൈദ്യുതി വകുപ്പും നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങളും കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് കാരണം.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ദീര്‍ഘകാല വൈദ്യുത കരാര്‍ റദ്ദാക്കിയ നടപടിയാണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ എത്തിച്ചത്. 465 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ 25 വര്‍ഷത്തേക്ക് യൂണിറ്റിന് 4 രൂപ 29 പൈസ നിരക്കിലാണ് കരാറുറപ്പിച്ചിരുന്നത്. എന്നാല്‍ കോടികളുടെ അഴിമതി ലക്ഷ്യമിട്ടാണ് ഈ കരാര്‍ റദ്ദാക്കിയത്. ഇതിന് പിന്നില്‍ സര്‍ക്കാരിന്റെയും റെഗുലേറ്ററി കമ്മീഷന്റെയും ഗൂഢാലോചനയുണ്ട്. 4 രൂപ 29 പൈസയ്ക്ക് കിട്ടേണ്ട വൈദ്യുതി ഏഴ് മുതല്‍ 12 രൂപ നിരക്കിലാണ് ഇപ്പോള്‍ ഹ്രസ്വകാല കരാറിലൂടെ കെ.എസ്.ഇ.ബി വാങ്ങുന്നത്. ഇതിലൂടെ ഒരു ദിവസം എട്ട് മുതല്‍ പത്ത് കോടി രൂപ വരെയാണ് കെ.എസ്.ഇ.ബിയ്ക്കുണ്ടാകുന്ന അധിക ബാധ്യത.

കരാര്‍ റദ്ദാക്കിയതിന് പിന്നിലെ തട്ടിപ്പ് പുറത്തായതോടെ കരാര്‍ പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും എല്ലാ കമ്പനികളും അനുകൂലമായി പ്രതികരിച്ചിട്ടില്ല. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തു നിന്നും ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത നിരക്ക് വര്‍ധനവിയിലൂടെ ഉപയോക്താക്കളില്‍ നിന്നും ഈടാക്കുമെന്നതാണ് വാസ്തവം. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും കേരളത്തെ ഒന്നാകെ ഇരുട്ടിലാക്കുന്നത് അംഗീകരിക്കാനാകില്ല.

Author

Leave a Reply

Your email address will not be published. Required fields are marked *