മദ്യവും മയക്കുമരുന്നും കുത്തിനിറച്ച ദൃശ്യമാധ്യമ സംസ്‌കാരം പുതുതലമുറയെ നാശത്തിലേക്ക് തള്ളിവിടും : ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍

Spread the love

കൊച്ചി : മദ്യവും മയക്കുമരുന്നും കുത്തിനിറച്ച സിനിമകള്‍ ഉള്‍പ്പെടെയുള്ള ആധുനിക ദൃശ്യമാധ്യമ സംസ്‌കാരം പുതുതലമുറയെ നാശത്തിന്റെ വഴികളിലേക്ക് തള്ളിവിടുന്നുവെന്നും ഭരണസംവിധാനങ്ങളും ജനപ്രതിനിധികളും സാമൂഹ്യ സമുദായിക സാംസ്‌കാരിക നേതൃത്വങ്ങളും ഇതിനെതിരെ രംഗത്തുവരണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന പുതുതലമുറയുടെ എണ്ണം സംസ്ഥാനത്ത് ക്രമാതീതമായി ഉയരുന്നത് നിസ്സാരവല്‍ക്കരിക്കരുത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയ ഇന്ന് സജീവമാണെന്ന് ദിവസം തോറുമുള്ള സംഭവങ്ങളും കണക്കുകളും സൂചിപ്പിക്കുന്നു. ബുദ്ധിയും പ്രാഗല്‍ഭ്യവുമുള്ളവര്‍ നാടുവിട്ടോടുമ്പോള്‍ കേരളത്തിനെ മാത്രം ആശ്രയിക്കുന്ന യുവത്വത്തെ വെല്ലുവിളിക്കുന്ന അധോലോക ഭീകരവാദ അജണ്ടകള്‍ മയക്കുമരുന്നുകളുടെ രൂപത്തില്‍ ശക്തി പ്രാപിക്കുന്നത് ഞെട്ടിക്കുന്നതും ആശങ്കള്‍ സൃഷ്ടിക്കുന്നതുമാണ്. മയക്കുമരുന്ന് ഉല്പന്നങ്ങള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നതിന് സർക്കാർ രേഖകളും കണക്കുകളുമുണ്ട്.. ഒരു തലമുറയെ ഒന്നാകെ നാശത്തിലേക്ക് തള്ളിവിടാന്‍ ഭരണ സംവിധാനങ്ങള്‍ കൂട്ടുനില്‍ക്കരുത്.

അടുത്ത നാളുകളില്‍ പുറത്തിറങ്ങിയ ചില സിനിമകളും മയക്കുമരുന്നിന്റെ ഉപയോഗം ഉയര്‍ത്തിക്കാട്ടി യുവസമൂഹത്തില്‍ സാമൂഹ്യ തിന്മകളോട് ആവേശം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. സാമൂഹ്യ വിപത്തുകളെ ചൂണ്ടിക്കാട്ടി സമൂഹത്തിന് ശരിയായ വഴികള്‍ തുറന്നു കൊടുക്കേണ്ടവരാണ് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍. സംസ്ഥാനത്തുടനീളം നടക്കുന്ന കൊലപാതക പ്രതികൾ, ഭീകരവാദവുമായി ബന്ധപ്പെട്ട അറസ്റ്റിലായവര്‍, വിവിധ കേന്ദ്രങ്ങളിലെ അക്രമങ്ങളില്‍ പങ്കുചേര്‍ന്നവര്‍ ഇവരിലേറെയും മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരാണ്. ചിലരാകട്ടെ, ചില നിരോധിത ഭീകരവാദ പ്രസ്ഥാനങ്ങളുടെ കണ്ണികളെന്ന് സംശയിക്കപ്പെടുന്നു.
മദ്യത്തിന്റെ ഉപയോഗം പോലും സംസ്ഥാനത്ത് സുലഭമായിരിക്കുമ്പോള്‍ ഭാവിയില്‍ വലിയ അരക്ഷിതാവസ്ഥയും ജീർണ്ണതയും കലഹങ്ങളും കുടുംബങ്ങളിലും സമൂഹത്തിലും രൂപപ്പെടുമെന്നും ഭാവി പ്രതീക്ഷകളേകി പൊതുസമൂഹത്തിന് വഴിതെളിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ അവരെ വഴിതെറ്റിക്കാന്‍ കൂട്ടുനില്‍ക്കരുതെന്നും ഈ സാമൂഹ്യവിപത്തിനെതിരെ പൊതുസമൂഹം ഉണരണമെന്നും വി സി സെബാസ്റ്റ്യന്‍ പറഞ്ഞു.

Chevalier Adv V C Sebastian
Secretary, Council for Laity
Catholic Bishops’ Conference of India (CBCI)
New Delhi

 

Author

Leave a Reply

Your email address will not be published. Required fields are marked *