ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന നാലാം ലോക കേരള സഭയിൽ 103 രാജ്യങ്ങളിൽ നിന്നും, 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസികേരളീയ പ്രതിനിധികൾ പങ്കെടുക്കും. 200-ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയിൽ പങ്കെടുക്കുന്നുണ്ട്. ഇതുവരെ ലഭിച്ച 760 അപേക്ഷകരിൽ നിന്നാണ് അർഹരായവരെ തെരഞ്ഞെടുക്കുന്നത്. അംഗങ്ങളുടെ ലിസ്റ്റ് അന്തിമ ഘട്ടത്തിലാണ്.
മൂന്നാം ലോക കേരള സഭയിലെ നിർദ്ദേശപ്രകാരം രൂപീകരിച്ച ലോക കേരളം ഓൺലൈൻ പോർട്ടൽ, കേരള മൈഗ്രേഷൻ സർവ്വേ എന്നിവ ജൂൺ 13 – ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം വൈകുന്നേരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടക്കുന്ന പൊതുയോഗത്തോടെയാണ് ലോകകേരള സഭയുടെ നാലാം സമ്മേളനത്തിന് ഔദ്യോഗികമായി തുടക്കമാകുക.
എമിഗ്രേഷൻ കരട് ബിൽ 2021, വിദേശ റിക്രൂട്ട്മെൻറ് പ്രോഗ്രാമുകൾ, സുസ്ഥിര പുനരധിവാസം – നൂതന ആശയങ്ങൾ, കുടിയേറ്റത്തിലെ ദുർബലകണ്ണികളും സുരക്ഷയും, നവ തൊഴിൽ അവസരങ്ങളും നൈപുണ്യ വികസനവും, കേരള വികസനം – നവ മാതൃകകൾ, വിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴിൽ-കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവർത്തനവും പ്രവാസികളും എന്നിങ്ങനെ എട്ട് വിഷയങ്ങളിൽ അവതരണങ്ങൾ നടക്കും. ഇതിനോടൊപ്പം ഏഴു മേഖലാ അടിസ്ഥാനത്തിലുളള ചർച്ചകളും സംഘടിപ്പിക്കുന്നുണ്ട്.