പാട്ട് പൂത്ത പൂമരങ്ങൾ- ജനപ്രിയ സംഗീതത്തിന്റെ ചരിത്രവും സമകാലികതയും

Spread the love

പാട്ട് പൂത്ത പൂമരങ്ങൾ(ഡോ. മനോജ് കുറൂർ)ഒരു ജനതയുടെ ചരിത്രം അവരുടെ ഗാനങ്ങളിലാണ് കാണാൻ കഴിയുക എന്നു പറഞ്ഞത് ജനപ്രിയനായ റേഡിയോ അവതാരകൻ ജോർജ് ജെല്ലിനെക് ആണ്. അങ്ങനെയെങ്കിൽ മലയാളി എന്ന ജനതയുടെ അഭിരുചികളും ശീലങ്ങളും നമുക്ക് മലയാളഗാനങ്ങളിൽനിന്നു കണ്ടെത്താവുന്നതാണ്. കേരളത്തിൽ പരമ്പരാഗതസംഗീതത്തിന് പ്രാചീനസംഘകാലത്തോളം വേരുകളുണ്ടെങ്കിലും പിന്നീട് സംവേദനത്തിലും വിനിമയത്തിലും അത് വിവിധസമുദായങ്ങൾക്കു കല്പിച്ച നിയന്ത്രിതമേഖലകളിലേക്ക് ഒതുങ്ങുകയാണുണ്ടായത്. അതിനു കാതലായ വ്യത്യാസമുണ്ടായത് ആധുനികകാലത്തു രൂപംകൊണ്ട ജനപ്രിയസംഗീതത്തിന്റെ പ്രചാരത്തോടെയാണ്. ആ നിലയിൽ ഒരു ജനതയുടെ സംഗീതം എന്നു വിശേഷിപ്പിക്കാവുന്ന ഒരു തലം തീർച്ചയായും ജനപ്രിയസംഗീതത്തിനുണ്ട്. എങ്കിലും ഈ മേഖലയും ചില വീണ്ടുവിചാരങ്ങൾ ആവശ്യപ്പെടുന്നുണ്ട് എന്നു തോന്നുന്നു.അടുത്ത കാലംവരെ ജനപ്രിയസംഗീതം എന്നു പറഞ്ഞാൽ അതിൽ പ്രധാനമായും ഉൾപ്പെടുക ചലച്ചിത്രഗാനങ്ങളായിരുന്നല്ലൊ. ഇന്ത്യൻ ജനപ്രിയസിനിമയിൽ സംഗീതം പശ്ചാത്തലത്തിലുപയോഗിക്കേണ്ട ഒന്നു മാത്രമല്ല. ഗാനങ്ങളുടെ സമൃദ്ധമായ വിന്യാസത്തിലൂടെ ചിലപ്പോൾ അത് കാഴ്ചയെക്കാൾ കേൾവിയിൽ കേന്ദ്രീകരിക്കാൻ നിർബന്ധിതമാക്കുന്നു. ഈണത്തിന്റെയും താളത്തിന്റെയും പ്രത്യേകതകൾക്കനുസരിച്ച് ദൃശ്യവിന്യാസത്തിന്റെ പരിചരണത്തിൽത്തന്നെ വ്യത്യസ്തസമീപനമാവശ്യപ്പെടുന്നു. പലപ്പോഴും സവിശേഷമായി ശൈലീവത്ക്കരിക്കപ്പെട്ട ആഖ്യാനരീതിയുടെ ഇന്ത്യൻ മാതൃകയാവുന്നു. സിനിമയിൽ ശബ്ദം കടന്നുവന്ന നാൾ മുതൽ കാഴ്ചയ്ക്കൊപ്പമോ കാഴ്ചയെ മറികടന്നോ ഉള്ള ശ്രദ്ധ കേൾവിയുടെ കലയായ സംഗീതത്തിന് സിനിമയിൽ ലഭിച്ചുപോന്നിട്ടുണ്ട്. മലയാളസിനിമയുടെ കഥയും വ്യത്യസ്തമല്ല.

90-കൾ; ക്ലാസിക്കൽ ആഭിമുഖ്യം
എൺപതുകളിൽ സജീവമായ ക്ലാസിക്കൽ ആഭിമുഖ്യം തീവ്രമാകുന്നതാണ് തൊണ്ണൂറുകളിൽക്കാണുന്ന പ്രധാനസവിശേഷത. ക്ലാസിക്കൽ സംഗീതമെന്നു പറയുമ്പോൾ സിനിമാലോകം നിർമ്മിച്ചെടുത്ത ക്ലാസിക്കൽ സംഗീതം എന്നു പ്രത്യേകം പറയേണ്ടതുണ്ട്. അദ്വൈതം, ഹിസ് ഹൈനസ് അബ്ദുള്ള, ദേവാസുരം, ആറാം തമ്പുരാൻ തുടങ്ങിയ ചിത്രങ്ങളെയാണ് ഇവിടെ ഉദ്ദേശിച്ചത്. ജനപ്രിയസംഗീതത്തിൽ സാധ്യമായ വൈവിധ്യങ്ങളെയാകെ റദ്ദുചെയ്തുകൊണ്ടാണ് ഈ പ്രഖ്യാപിത ക്ലാസ്സിക്കൽ ബാധ ചലച്ചിത്രസംഗീതത്തെ പിടിച്ചെടുത്തത്.രണ്ടായിരാമാണ്ടു മുതല്‍ക്കുള്ള ഗാനങ്ങളുടെ വൈവിധ്യം ശ്രദ്ധേയമാണ്. നിരവധി പുതിയ ഗായകര്‍. പുതിയ സംഗീതസംവിധായകര്‍. പുതിയ ഗാനരചയിതാക്കള്‍. അവരില്‍പ്പലരുടെയും ചില ചെറിയ പരീക്ഷണങ്ങള്‍. മുന്‍പേ ശ്രദ്ധിക്കപ്പെട്ട ചിലരുടെ സാന്നിധ്യവുമുണ്ട്. മില്ലനിയം സ്റ്റാര്‍സി(2000)ലൂടെ വിദ്യാസാഗറാണ് പരീക്ഷണത്തിനുള്ള ശ്രമങ്ങള്‍ക്കു തുടക്കമിട്ടത്. ആ ചിത്രത്തില്‍ ഗിരീഷ് പുത്തഞ്ചേരിയെഴുതിയ ‘പറയാന്‍ ഞാന്‍ മറന്നു’ (യേശുദാസ്, ഹരിഹരന്‍) തുടങ്ങിയ ഗാനങ്ങള്‍ സംഗീത ആല്‍ബങ്ങളുടെ സംസ്‌കാരം മലയാളത്തിലേക്കു കൊണ്ടുവരുന്നതിനുള്ള ശ്രമമായിരുന്നു. സിനിമയില്‍ മുഴുനീളഗാനങ്ങള്‍ അപൂര്‍വമാവുകയും അവ പലതായി മുറിച്ച് അതതു സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുകയും ചെയ്തുതുടങ്ങി. ഗാനങ്ങളുടെ സ്വഭാവത്തിലും വലിയ വ്യതിയാനങ്ങള്‍ വന്നു. ഞാന്‍ സ്റ്റീവ് ലോപ്പസ് (2014) എന്ന ചിത്രത്തില്‍ അന്‍വര്‍ അലിയെഴുതി ഷഹബാസ് അമന്‍ സംഗീതം നല്കിയ ‘ഊരാകെ കലപില’, പ്രേമ(2015)ത്തില്‍ ശബരീഷ് വര്‍മ്മ എഴുതിപ്പാടിയ ‘സീന്‍ കോണ്‍ട്രാ’ തുടങ്ങിയ ഗാനങ്ങള്‍ പ്രാദേശികഭാഷയും ചടുലതാളവും ചേര്‍ന്ന സംസാരഗാനത്തിന് മലയാളത്തില്‍ കൂടുതല്‍ പ്രചാരം നല്കി. റാപ്പിനു സമീപകാലത്തു ലഭിച്ച സ്വീകരണത്തിന് ഉദാഹരണമാണ് തല്ലുമാല(2022)യിലെ ‘മണവാളന്‍ തഗ്’ (ഡബ്സീ), ഇര്‍ഫാന ഹമീദ് എഴുതി വിഷ്ണു വിജയ് ഈണമിട്ട ‘കണ്ണില്‍ പെട്ടോളേ’, രോമാഞ്ച(2023)ത്തില്‍ വിനായക് ശശികുമാര്‍ എഴുതി സുഷിന്‍ ശ്യാം സംഗീതം നല്കിയ ‘തലതെറിച്ചവര്‍’ (എം സി കൂപ്പര്‍), മഞ്ഞുമ്മല്‍ ബോയ്സി(2024)ല്‍ സുഷിന്‍ ശ്യാം സംഗീതം നല്കിയ ‘കുന്ത്രാണ്ടം’ (വേടന്‍), ആവേശ(2024)ത്തില്‍ വിനായക് ശശികുമാര്‍ എഴുതി സുഷിന്‍ ശ്യാം ഈണം നല്കിയ ‘ഇല്ലൂമിനാറ്റി’ (ഡബ്സീ) തുടങ്ങിയ ഗാനങ്ങള്‍.

Author

Leave a Reply

Your email address will not be published. Required fields are marked *