പ്ലാച്ചിമട ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച സബ്മിഷന്‍ (11/07/2024)

Spread the love

പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച സബ്മിഷന്‍ (11/07/2024).

പ്ലാച്ചിമട ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്ന വിഷയത്തില്‍ തീരുമാനമാകുന്നതിന് മുമ്പ് കൊക്കോകോള കമ്പനി കൈവശം വെച്ചിരിക്കുന്ന 36.7 ഏക്കര്‍ ഭൂമിയും കെട്ടിടവും സര്‍ക്കാറിന് കൈമാറിയ നടപടി ദുരിതബാധിതരെ ആശങ്കയില്‍ ആഴ്ത്തിയിരിക്കുന്നു. പ്ലാച്ചിമടയിലെ ഭൂമി കൈമാറാന്‍ കൊക്കക്കോളയെ അനുവദിച്ചത് ആദിവാസികളടക്കമുള്ള ജനവിഭാഗങ്ങള്‍ക്കുണ്ടായ നഷ്ടങ്ങള്‍ നികത്തിക്കിട്ടാനുള്ള അവകാശങ്ങളെ അട്ടിമറിക്കുന്ന നീക്കമാണ്. നഷ്ടപരിഹാരത്തിന് ഈടായി മാറേണ്ട ഭൂമിയും കെട്ടിടങ്ങളും ആ പ്രശ്‌നത്തിന് ഒരു തീരുമാനവുമുണ്ടാക്കാതെ ഏറ്റെടുത്തതിന്റെ ഉദ്ദേശ്യം സര്‍ക്കാര്‍ വ്യക്തമാക്കണം.

കേരള നിയമസഭ 13 വര്‍ഷം മുമ്പ് പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ ഇപ്പോഴും നിയമമായി മാറാത്ത സാഹചര്യമാണ് ഉള്ളത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊണ്ട് പ്ലാച്ചിമടയില്‍ ഇപ്പോഴും സത്യഗ്രഹ സമരം തുടരുകയാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്ലാച്ചിമട കൊക്കക്കോള കമ്പനിക്കെതിരെ വാട്ടര്‍ ആക്ടിന്റെ 43 ,47 വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും, പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യണമെന്നുമുള്ള ആവശ്യവും സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.

2011 ല്‍സംസ്ഥാന നിയമസഭ ഏകകണ്ഠ മായി പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ 2015ല്‍ രാഷ്ട്രപതി ഒപ്പിടാതെ മടക്കി. ഗ്രീന്‍ ട്രൈബ്യൂണലിനെ സമീപിക്കാന്‍ പറഞ്ഞാണ് മടക്കിയത്. എന്നാല്‍ 2004നു മുമ്പെയുള്ള മലിനീകരണമായതിനാല്‍ ഗ്രീന്‍ ട്രൈബ്യൂണലിനെ സമീപിക്കാനാവില്ലെന്നും വീണ്ടും നിയമസഭ നിയമം പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തോടെ സംസ്ഥാന ഗവര്‍മെന്റിന്റെ ഉന്നതാധികാര സമിതി നിശ്ചയിച്ച 216.26 കോടിയുടെ നഷ്ടപരിഹാരം ഈടാക്കാനാകുമെന്നു നിയമോപദേശം ലഭിക്കുകയും ചെയ്തിരുന്നു. പ്ലാച്ചിമട ദുരിതബാധിതരുടെ നഷ്ടപരിഹാര വിഷയം ഞാന്‍ മുന്‍പ് നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍, അംഗീകാരം ലഭിക്കാതെ പോയ ബില്ലിന് പകരം നിയമനിര്‍മ്മാണം നടത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും ഹരിത ട്രിബ്യൂണലില്‍ റെപ്രസെന്ററ്റീവ് സ്യൂട്ട് ഫയല്‍ ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ കാര്യങ്ങളില്‍ ഒന്നും തുടര്‍നടപടികള്‍ സ്വീകരിച്ചതായി കാണുന്നില്ല.

കേരള സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി വിശദമായ പഠനത്തിന് ശേഷമാണ് നഷ്ടപരിഹാരം ഈടാക്കുന്നതിന്ന് നിയമനിര്‍മ്മാണത്തിന് ശുപാര്‍ശ നല്‍കിയത്. പാരിസ്ഥിതികമായ നശീകരണം, മണ്ണിന്റെ ശിഥിലീകരണം, ജലമലിനീകരണം, കാര്‍ഷിക ഉല്‍പ്പാദന ത്തിലെ കുറവ്, കാഡ്മിയം, ലെഡ്, ക്രോമിയം എന്നീ മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തുടര്‍ന്നുണ്ടായ സാമൂഹ്യപ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവ സമിതി വസ്തുനിഷ്ഠമായി വിലയിരുത്തി. കൊക്കക്കോള കമ്പനിയുടെ പ്രവര്‍ത്തനം മൂലം ഭൂഗര്‍ഭ ജലവിതാനത്തില്‍ വലിയ കുറവുണ്ടായി, നിലവിലെ നിയമവ്യവസ്ഥകള്‍ ലംഘിച്ച് കമ്പനി പ്രവര്‍ത്തിച്ചു, ജലസ്രോതസുകളെ ദോഷകരമായി ബാധിച്ചു, മണ്ണിനെ കൃഷി യോഗ്യമല്ലാതാക്കി , കാര്‍ഷിക ഉല്‍പ്പാദനം ഗണ്യമായി കുറച്ചു, ക്ഷീരകര്‍ഷകര്‍ക്കും കോഴി വളര്‍ത്തുന്നവര്‍ക്കും ഭീമമായ നഷ്ടമുണ്ടായി, പൊതു ജനാരോഗ്യത്തെ ദോഷകരമായി ബാധിച്ചു, ജനിക്കുന്ന കുട്ടികള്‍ക്ക് ഭാരക്കുറവും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായി, കുടിവെളളത്തിനായി സ്ത്രീകള്‍ കിലോമീറ്ററോളം നടക്കേണ്ട തരത്തില്‍ ജലലഭ്യത കുറഞ്ഞു, കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി തുടങ്ങിയവ തെളിവു സഹിതം നിരത്തിയാണ് 2010ല്‍ ഘഉഎസര്‍ക്കാര്‍ തന്നെ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്

ഈ നഷ്ടപരിഹാരം ആനുപാതികമായ വര്‍ധനവോടെ കമ്പനിയില്‍ നിന്ന് ഈടാക്കി നല്‍കാതെയും അതിനുള്ള നിയമ നിര്‍മ്മാണത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെയും കുറ്റവാളികളായി സര്‍ക്കാര്‍ നിയോഗിച്ച സമിതി തന്നെ കണ്ടെത്തിയ കമ്പനിയുടെ വാഗ്ദാനം കണക്കിലെടുത്ത് അവരുടെ ഭൂമി ഏറ്റെടുക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് ദുരിതബാധിതരോട് ചെയ്യുന്ന വഞ്ചനയാണ്. പതിറ്റാണ്ടുകളായി ദുരിതമനുഭവിക്കുന്ന പ്ലാച്ചിമടയിലെ ജനങ്ങളോട് നീതിപുലര്‍ത്താനുള്ള ഉത്തരവാദിത്തം ഈ സഭയ്ക്ക് ഉണ്ട്.

ആയതിനാല്‍,മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്ലാച്ചിമട കൊക്കക്കോള കമ്പനിക്കെതിരെ വാട്ടര്‍ ആക്ടിന്റെ 43 ,47 വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും, പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യുകയും കൊക്കകോളയുടെ പ്ലാച്ചിമടയിലെ ആസ്തികള്‍ കണ്ടു കെട്ടുകയും ചെയ്യണമെന്നും ട്രൈബ്യൂണല്‍ സമ്പൂര്‍ണ്ണ നഷ്ടപരിഹാരം നല്‍കുന്നത് വരെ സര്‍ക്കാര്‍ താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കണമെന്നും സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി നഷ്ടപരിഹാര പ്രശ്‌നം പരിഹരിക്കുന്നതു വരെ മറ്റാര്‍ക്കും കൈമാറുകയില്ലെന്ന് ഉറപ്പു വരുത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *