ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ നൂറുകണക്കിന് ആംബുലന്‍സുകളാണ് തളരാതെ ഓടിയത്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ കണക്ക് പ്രകാരം 237 ആംബുലന്‍സുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ആരോഗ്യവകുപ്പിന്‍റെ രണ്ട് അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളും 10 ബെയ്സിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളുമടക്കമുള്ള 36 ആംബുലന്‍സുകളും ദുരന്തമേഖലയില്‍ ഉണ്ട്. കൂടാതെ ജില്ലയ്ക്ക് പുറത്തുനിന്നും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ആംബുലന്‍സുകള്‍ എത്തിയിട്ടുണ്ട്. ദുരന്തമേഖലകളിലേക്കും ആശുപത്രികളിലേക്കും മൃതദേഹങ്ങളുടെ സംസ്കാരം നടക്കുന്ന പ്രദേശങ്ങളിലേക്കും ആംബുലന്‍സുകളുടെ സേവനം ആവശ്യമാണ്. നിരവധി ആംബുലന്‍സുകള്‍ സ്വമേധയാ രക്ഷാപ്രവര്‍ത്തനത്തിന് എത്തുകയായിരുന്നു. സന്ദിഗ്ധഘട്ടത്തില്‍ കൈത്താങ്ങായ ഇവരുടെ സേവനം അഭിനന്ദനാര്‍ഹമാണ്.