ആര്‍എസ്എസ് രഹസ്യചര്‍ച്ച: തൂശൂര്‍പൂരം കലക്കിയതിലെ സിപിഎമ്മിന്റെയും ബിജെപിയുടെയും പങ്ക് വ്യക്തമായെന്ന് കെ.സുധാകരന്‍ എംപി

Spread the love

എഡിജിപി ആര്‍എസ്എസ് നേതൃത്വത്തെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടി.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി എം.ആര്‍.അജിത്കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്തോത്രേയ ഹൊസബാളയുമായി നടത്തിയ രഹസ്യചര്‍ച്ച പുറത്തുവന്നതിലൂടെ തൃശൂര്‍പൂരം കലക്കാനുള്ള തിരക്കഥ സിപിഎമ്മും ബിജെപിയും ചേര്‍ന്ന് മുന്‍കൂട്ടിതയ്യാറാക്കിയതാണെന്ന് വ്യക്തമായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

ആര്‍എസ്എസ് നേതാവുമായുള്ള എഡിജിപിയുടെ സന്ദര്‍ശനത്തിന് ശേഷമാണ് തൃശൂര്‍പൂരം കലക്കാന്‍ പോലീസ് ചൂട്ടുപിടിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിലത് ബിജെപിക്ക് നേട്ടമായി.ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി എന്തിനാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വിശദീകരിക്കാനുള്ള ബാധ്യത കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമില്ലാതെ ഇത്തരത്തില്‍ ഒരു കൂടിക്കാഴ്ച നടക്കില്ല.ഹൈന്ദവ വികാരം ഇളക്കിവിട്ട് തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയ പിണറായി വിജയന്‍ കമ്യൂണിസ്റ്റ് ചരിത്രത്തിലെ കറുത്ത അധ്യായമാണ്.

എഡിജിപിക്കെതിരെ പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലൊന്ന് തൃശൂര്‍പൂരം കലക്കിയതുമായി ബന്ധപ്പെട്ടാണ്. ഇതിന് പുറമെ സ്വര്‍ണ്ണം കടത്തല്‍,കൊലപാതകം,ഫോണ്‍ചോര്‍ത്തല്‍ ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളും ഭരണകക്ഷി എംഎല്‍എ ഉന്നയിച്ചിട്ടും എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. മുഖ്യമന്ത്രിയുടെ ബിജെപി ബന്ധത്തിന് പാലം ഇട്ടത് കൊണ്ടാണ് എഡിജിപിക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്നതെന്നും കെ.സുധാകരന്‍ ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ആര്‍എസ്എസ് ഏജന്റാണ്.എഡിജിപിയും ആര്‍എസ്എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചയെ കുറിച്ച് പ്രതിപക്ഷനേതാവ് ഉന്നയിച്ച ആരോപണത്തോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് ദുരൂഹമാണ്. മുഖ്യമന്ത്രിയെ ബിജെപിയുടെ പ്രിയതോഴനാക്കി മാറ്റിയതും ബിജെപിയുമായി തിരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയതും അദ്ദേഹത്തിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിലെ ഭയമാണ്.

അണികളെ പ്രീതിപ്പെടുത്താനും ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുവാനും മാത്രമാണ് മുഖ്യമന്ത്രി മതേതരവാദം ഉയര്‍ത്തുന്നത്.സംഘപരിവാര്‍ രഹസ്യബന്ധത്തിലൂടെ ന്യൂനപക്ഷങ്ങളെ സിപിഎമ്മും മുഖ്യമന്ത്രിയും വഞ്ചിച്ചു.വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുമായുള്ള ചങ്ങാത്തത്തിലൂടെ പിണറായി വിജയന്‍ സിപിഎമ്മിന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുകയാണ്. സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കായി കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ പോലും പിണറായി വിജയന്‍ വില്‍പ്പന ചരക്കാക്കി. വിലപേശല്‍ രാഷ്ട്രീയത്തിലൂടെ സ്വന്തം നിലഭദ്രമാക്കുകയാണ് മുഖ്യമന്ത്രി. അണികളെ വിഡ്ഢികളാക്കി വര്‍ഗീയ ശക്തികളുമായി കൂട്ടുകുടാന്‍ പിണറായി വിജയന് ഒരുമടിയുമില്ല.തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയെ നിയന്ത്രിക്കാന്‍ സിപിഎമ്മിന് കാഴിയാത്തത് അവര്‍ നേരിടുന്ന സംഘടനാ ദൗര്‍ബല്യത്തിന്റെ തെളിവാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *