സെറ്റ് ടോപ് ബോക്സ് ഇല്ലാതെയും ടിവി കാണാം; വിപ്ലവമാകാനൊരുങ്ങി ഡിഷ് ടിവി

Spread the love

സാംസങ് ഇന്ത്യയുടേയും നാഗ്രാവിഷന്റെയും സഹകരണത്തോടെ തുടങ്ങുന്ന സേവനം ആദ്യം ലഭിക്കുക സാംസങ് സ്മാർട്ട് ടിവിയിൽ

കൊച്ചി: സെറ്റ് ടോപ് ബോക്സിന്റെ ആവശ്യമില്ലാതെ ചാനലുകളും ഒടിടി പ്ലാറ്റുഫോമുകളും ലഭ്യമാക്കി പ്രമുഖ ഡിടിഎച്ച് സേവന ദാതാക്കളായ ഡിഷ് ടിവി. തുടക്കത്തിൽ, സാംസങ് ടിവി ക്ലൗഡ് ടെക്നോളജിയിലൂടെ സാംസങ് സ്മാർട്ട് ടിവിയിലാണ് സേവനം ലഭ്യമാക്കുക. തുടർന്ന് ടെലിവിഷൻ മേഖലയിലാകെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും ഡിഷ് ടിവി അറിയിച്ചു. ഇതിനായി സാറ്റലൈറ്റ് ടെലിവിഷൻ മേഖലയിലെ പ്രമുഖരായ കുഡൽസ്‌കി ഗ്രൂപ്പിന്റെ മീഡിയ ആൻഡ് എൻ്റർടൈൻമെൻ്റ് ടെക്നോളജി വിഭാഗം നാഗ്രാവിഷനുമായി സഹകരിക്കാനും ധാരണയായി. സാംസങ് ടെലിവിഷൻ ഉപഭോക്താക്കൾക്ക് ഡിഷ് ടിവിയുടെ സ്മാർട്ട് പ്ലസ് സേവനങ്ങൾ ക്ലൗഡിലൂടെ ആസ്വദിക്കാം. ഇതിനായി പ്രത്യേകം സെറ്റ് ടോപ് ബോക്സ് സ്ഥാപിക്കേണ്ടതില്ല. പുതിയ സേവനം അവതരിപ്പിക്കുന്നതിന്റെ ഭാഗമായി, പതിനാറോളം ഒടിടി പ്ലാറ്റുഫോമുകൾ ലഭ്യമാകുന്ന ഒരുമാസത്തെ സബ്സ്ക്രിപ്ഷൻ സൗജന്യമായി നൽകാനും ഡിഷ് ടിവി തീരുമാനിച്ചു.

പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉപഭോക്താക്കൾക്ക് നൂതന സേവനങ്ങൾ നൽകുകയാണ് ഡിഷ് ടിവിയുടെ ലക്ഷ്യമെന്ന് ഡിഷ് ടിവി ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ മനോജ് ഡോബൽ പറഞ്ഞു. “വലിയൊരു പരിവർത്തനമാണ് ഡിടിഎച്ച് വ്യവസായ രംഗത്ത് സംഭവിക്കുന്നത്. ടെലിവിഷൻ മേഖലയിൽ സെറ്റ് ടോപ് ബോക്സ് ഇല്ലാതാകുന്ന കാലം വിദൂരമല്ല. ക്ലൗഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ടെലിവിഷനിലേക്ക് നേരിട്ട് ചാനലുകളും ഒടിടി പ്ലാറ്റുഫോമുകളും എത്തിക്കുന്ന രീതിക്ക് തുടക്കമിടുന്ന ഡിഷ് ടിവി, ഈ മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്നു. മുഴുവൻ ഉപഭോക്താക്കൾക്കും മികച്ച സേവനങ്ങൾ നൽകാനും അവരുടെ മാറിവരുന്ന അഭിരുചികൾക്കനുസരിച്ച് പ്രവർത്തിക്കാനും ഡിഷ് ടിവി സദാ പ്രതിജ്ഞാബദ്ധരാണ്.”- അദ്ദേഹം പറഞ്ഞു. പരമ്പരാഗത ചാനലുകളും ഒടിടി സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് സമന്വയിപ്പിക്കുന്ന ഡിഷ് ടിവിയുടെ ഈ ഉദ്യമം ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണെന്ന് ഡിഷ് ടിവിയുടെ മാർക്കറ്റിംഗ് കോർപറേറ്റ് ഹെഡ് സുഖ്‌പ്രീത് സിംഗ് പറഞ്ഞു. നാഗ്രാവിഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് മാർക്കറ്റിംഗ് ഓഫീസറുമായ നാൻസി ഗോൾഡ്ബർഗ് ചടങ്ങിൽ പങ്കെടുത്തു.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *