കെപിസിസി ‘ദ ഐഡിയ ഓഫ് ഇന്ത്യാ ക്യാമ്പയിന്‍’ ഓക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 31 വരെ

Spread the love

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഓക്ടോബര്‍ 31 മുതല്‍ പൂര്‍ണ്ണസ്വരാജ് ദിനമായ ഡിസംബര്‍ 31 വരെ ദ ഐഡിയ ഓഫ് ഇന്ത്യ(ഇന്ത്യയെന്ന ആശയം) ക്യാമ്പയിന്‍ നടത്താന്‍ കെപിസിസി തീരുമാനിച്ചതായി സംഘടനാ ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.

ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനവുമായ ഒക്ടോബര്‍ 31ന് പുതുതായി രൂപികരിച്ച വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വിപുലമായ പരിപാടികളോടെ ആചരിക്കും. രാവിലെ 8ന് ഇന്ദിരാഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും. ശേഷം ഇരുവരുടെയും ജീവചരിത്ര പാരായണവും അനുസ്മരണ പരിപാടികളും നടത്തും.

നവംബര്‍ 9ന് മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരാണന്റെ ചരമദിനവും നവംബര്‍ 11ന് മൗലാന അബ്ദുള്‍ കലാം ആസാദിന്റെ ജന്മദിനവും ഡിസിസികളുടെ നേതൃത്വത്തില്‍ ആചരിക്കും.

പ്രഥമ പ്രധാനമന്ത്രിയും അധുനിക ഇന്ത്യയുടെ ശില്‍പ്പിയുമായ ജനഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14ന് വൈകുന്നേരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജവഹര്‍ ബാല്‍മഞ്ചിന്റെ സഹകരണത്തോടെ നെഹ്‌റു അനുസ്മരണ പരിപാടികള്‍ നടത്തും. നവംബര്‍ 1 മുതല്‍ 14 വരെയുള്ള രണ്ടാഴ്ചക്കാലം കുട്ടികള്‍ക്കായി പ്രസംഗം, സംവാദം,പെയിന്റിംഗ്,പ്രബന്ധരചന,ക്വിസ്,കവിത,-കഥാ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കും.അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗ മത്സരത്തിലെ വിജയികളായ കുട്ടികളെ പങ്കെടുപ്പിച്ച് 15 മിനിറ്റോളം നെഹ്‌റുവിന്റെ പ്രാധാന്യവും പ്രസക്തിയും എന്ന വിഷയത്തില്‍ പ്രസംഗവും നടത്തും.

നവംബര്‍ 19 ഇന്ദിരാഗാന്ധിയുടെ ജന്മദിനം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആചരിക്കും. ഭരണഘടനാ ശില്‍പ്പി ഡോ.ബി.ആര്‍.അംബേദ്ക്കറുടെ ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 6 കെപിസിസിയുടെ നേതൃത്വത്തില്‍ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും. ഡിസിസികളുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഭരണഘടനയും ബി.ആര്‍.അംബേദ്ക്കറും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും എന്ന വിഷയത്തില്‍ ഭരണഘടനയുടെ പ്രാധാന്യം വിളിച്ചോതുന്ന സെമിനാറുകളും സംഘടിപ്പിക്കും.

കര്‍ണാടകയിലെ ബെല്‍ഗാമില്‍ വെച്ച് നടന്ന എഐസിസി സമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി മഹാത്മാഗാന്ധി തിരഞ്ഞെടുക്കപ്പെട്ടതിന്റെ നൂറാം വാര്‍ഷികമാണ് ഡിസംബര്‍ 27ന്. അതിനോട് അനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് ഗാന്ധി ജയന്തി ദിനത്തില്‍ കെപിസിസി തുടക്കം കുറിച്ചിരുന്നു. ഒരു വര്‍ഷക്കാലം വ്യത്യസ്തങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ഒരു കമ്മിറ്റിക്കും കെപിസിസി രൂപം നല്‍കും.ഒരു വര്‍ഷക്കാലത്തെ തുടര്‍പരിപാടികളുടെ വിശദാംശം കെപിസിസി അറിയിക്കും. കോണ്‍ഗ്രസ് സ്ഥാപക ദിനമായ ഡിസംബര്‍ 28 വിപുലമായ പരിപാടികളോടെ ആഘോഷിക്കാനും കെപിസിസി തീരുമാനിച്ചിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *