ജനനീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ വര്‍ഗ്ഗീയവാദമായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരം : ഷെവലിയര്‍ അഡ്വ വി സി സെബാസ്റ്റ്യൻ

Spread the love

കൊച്ചി: ജനകീയനീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ക്രൈസ്തവ പുരോഹിതരെ വര്‍ഗ്ഗീയവാദികളായി ചിത്രീകരിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരും നൂറ്റാണ്ടുകളായി ക്രൈസ്തവ സേവനങ്ങളുടെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നവരുമാണെന്ന് മറക്കരുതെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ വി. സി. സെബാസ്റ്റ്യന്‍.സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രിതന്നെ ക്രൈസ്തവ പുരോഹിതരെ വര്‍ഗ്ഗീയവാദികളായി ചിത്രീകരിക്കുമ്പോള്‍ ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ നിന്ന് കേരളത്തിലെ ക്രൈസ്തവര്‍ക്ക് എങ്ങനെ നീതി ലഭിക്കും? മന്ത്രിസ്ഥാനത്തിരിക്കുന്ന ജനപ്രതിനിധികള്‍ക്ക് എന്തും വിളിച്ചുപറയാവുന്ന സ്ഥിതിവിശേഷം സത്യപ്രതിജ്ഞാലംഘനവും ഭരണഘടനാവിരുദ്ധവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്.

മുനമ്പം വിഷയത്തില്‍ മാത്രമല്ല കേരളത്തിലെ തീരദേശ മലയോര മേഖലയിലെ ജനകീയ പ്രശ്‌നങ്ങളിലെല്ലാം ക്രൈസ്തവ പുരോഹിതര്‍ മുന്നോട്ടിറങ്ങി പോരാടിയത് പൊതുസമൂഹത്തിനൊന്നാകെ നീതി ലഭിക്കാനാണ്. കാര്‍ഷികമേഖലയിലെ വിലത്തകര്‍ച്ച, വന്യജീവി അക്രമണം, ജനങ്ങളെ കുടിയിറക്കുന്ന പരിസ്ഥിതിലോലവിഷയങ്ങള്‍, ബഫര്‍സോണ്‍ എന്നിങ്ങനെ ഒട്ടനവധി പ്രശ്‌നങ്ങളില്‍ ക്രൈസ്തവസഭയിലെ പിതാക്കന്മാരും വൈദികരും ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് വര്‍ഗ്ഗീയത സൃഷ്ടിക്കാനോ ക്രിസ്ത്യാനികള്‍ക്ക് മാത്രമായി എന്തെങ്കിലും നേടിയെടുക്കാനോ അല്ലെന്നുള്ളത് പൊതുസമൂഹത്തിനറിയാം. എന്നിട്ടും ഭരണത്തിലിരിക്കുന്നവരും ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളുമിത് തിരിച്ചറിയാത്തത് ഏറെ ദുഃഖകരം. ക്രൈസ്തവ വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങള്‍ സകലജനങ്ങള്‍ക്കും ആശ്രയമായ സേവനമേഖലയായിരിക്കുമ്പോള്‍ വൈദികരെ വര്‍ഗ്ഗീയവാദികളായി ചിത്രീകരിക്കുവാന്‍ ശ്രമിക്കുന്നവര്‍ മലര്‍ന്നുകിടന്ന് തുപ്പുന്നതിനു തുല്യമാണ്.

ഉത്തരവാദിത്വപ്പെട്ട മന്ത്രിസ്ഥാനം എന്തും പറയാനുള്ള ലൈസന്‍സായി ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കാണരുത്. ജനാധിപത്യഭാരതത്തില്‍ 5 കോടിയിലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. ക്രൈസ്തവസഭയും പുരോഹിതരും വര്‍ഗ്ഗീയവാദികളായിരുന്നെങ്കില്‍ ഇന്ത്യ എത്രയോകാലം മുമ്പേ ക്രൈസ്തവ രാജ്യമാകുമായിരുന്നു. വര്‍ഗ്ഗീയവാദമുയര്‍ത്തി സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് നേട്ടവും പൊതുസമൂഹത്തില്‍ ഭിന്നിപ്പും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നത് ആരെന്ന് തിരിച്ചറിയാനുള്ള അറിവും ആര്‍ജ്ജവവും ഇന്നത്തെ പൊതുസമൂഹത്തിനുണ്ട്. വര്‍ഗ്ഗീയത ആരോപിച്ച് ക്രൈസ്തവര്‍ക്കുനേരെ വിരല്‍ ചൂണ്ടുന്നവരുടെ സ്വന്തം നെഞ്ചിലേയ്ക്കാണ് മറ്റു മൂന്നു വിരലുകളെന്നും ഓര്‍മ്മിക്കണം.  നാടുഭരിക്കുന്നവര്‍ തന്നെ നിരുത്തരവാദപരമായ പ്രസ്താവനങ്ങള്‍ നടത്തി സമൂഹത്തില്‍ വര്‍ഗ്ഗീയവിഷം ചീറ്റുന്നതും ഭിന്നിപ്പുകള്‍ സൃഷ്ടിക്കുന്നതും നിര്‍ഭാഗ്യകരമാണെന്നും ജനകീയ സമരങ്ങളെയും ജീവനും ജീവിതത്തിനും നിലനില്പിനുമുള്ള പോരാട്ടങ്ങളെയും അതിന്റേതായ രീതിയില്‍ കണ്ട് ഭരണത്തിലിരിക്കുന്നവര്‍ തിരുത്തലുകള്‍ നടത്തുകയും രാഷ്ട്രീയ മത വര്‍ഗ്ഗീയതയ്ക്ക് അതീതമായി പൊതുസമൂഹത്തെ ഒറ്റക്കെട്ടായി ചേര്‍ത്തുനിര്‍ത്തി പ്രശ്‌നപരിഹാരം കാണുവാന്‍ ശ്രമിക്കുകയുമാണ് വേണ്ടതെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

Chevalier Adv V C Sebastian
Secretary, Council for Laity
Catholic Bishops’ Conference of  India (CBCI)
New Delhi
Tel  : +91 4828234056

Author

Leave a Reply

Your email address will not be published. Required fields are marked *