കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പുനഃസംഘടിപ്പിച്ചു; തോമസ് വര്‍ഗീസ് പുതിയ സിഇഒ

Spread the love

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ നടത്തിപ്പിനു വിദഗ്ധരെ ഉള്‍പ്പെടുത്തി നടപ്പാക്കിയ പുനസംഘടനാ പ്രക്രിയ പൂര്‍ത്തീകരിച്ചതായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അറിയിച്ചു. സിഇഒ ആയി തോമസ് വര്‍ഗീസിനെ നിയമിച്ചു. നേരത്തെ ബാങ്കോക്കിലെ യുണൈറ്റഡ് നേഷന്‍സ് എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മീഷനുമായി ചേര്‍ന്ന് സുസ്ഥിര നഗര വികസനം, പ്രോജക്റ്റ് മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് തോമസ് വര്‍ഗീസ്. അക്കാദമിക് റിസര്‍ച്ച്, ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ്, ബിസിനസ് മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ അനുഭവപരിചയമുള്ള മാനേജ്‌മെന്റ് പ്രൊഫഷണലാണ്. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും യുഎസിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയിട്ടുണ്ട്. ഇതിന് പുറമെ, നിയമ ഉപദേഷ്ടാവായി മുതിര്‍ന്ന അഭിഭാഷക ഫെരഷ്‌തേ സെത്‌നയെ നിയമിച്ചു. 5 വര്‍ഷത്തേക്കാണ് ഫെരഷ്‌തേയുടെ നിയമനം. കൊച്ചി ആസ്ഥാനമായുള്ള കുരുവിള ആന്റ് ജോസ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സ്ഥാപനത്തെ ഫൗണ്ടേഷന്‍ ഓഡിറ്ററായി നിയമിച്ചു. ട്രസ്റ്റുകളുടെ അഡ്മിനിസ്ട്രേറ്റീവ് കംപ്ലയന്‍സ് ഉള്‍പ്പെടെ അഞ്ച് ദശാബ്ദക്കാലത്തെ പ്രൊഫഷണല്‍ അനുഭവസമ്പത്തുണ്ട് ഓഡിറ്റ് സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്ണര്‍ കെ എം ജോസിന്.

ഘടനാപരമായ പ്രധാന മാറ്റങ്ങളും പ്രൊഫഷണലുകളുടെ നിയമനവും അന്തര്‍ദ്ദേശീയ സമകാലികരുടേതിന് തുല്യമായ ഉയര്‍ന്ന നിലവാരം നിലനിര്‍ത്താന്‍ പ്രാപ്തരാക്കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. വി. വേണു പറഞ്ഞു. പൂര്‍ത്തിയായ പുന സംഘടന പ്രക്രിയ ഞങ്ങളുടെ മുന്നോട്ടുള്ള യാത്രയില്‍ ആവേശകരമായ ഒരു പുതിയ അധ്യായം രചിക്കുമെന്ന് കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി അഭിപ്രായപ്പെട്ടു. ഫൗണ്ടേഷന്റെ സമ്പന്നമായ പൈതൃകം കെട്ടിപ്പടുക്കുമ്പോള്‍ അടുത്ത അധ്യായത്തില്‍ പങ്ക് വഹിക്കാന്‍ കഴിയുന്നത് ബഹുമതിയാണെന്നു കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സിഇഒ തോമസ് വര്‍ഗീസ് പറഞ്ഞു.

Akshay

 

Author

Leave a Reply

Your email address will not be published. Required fields are marked *