ബഹിരാകാശത്തെ ട്രാഫിക് മുതല്‍ സുനിതവില്യംസിന്റ ആരോഗ്യം വരെ; കഥപേലെ അറിവുകള്‍ പകര്‍ന്ന് ഐഎസ്ആര്‍ഒ ചെയര്‍മാനുമൊത്ത് ശാസ്ത്രസംവാദം

Spread the love

ടൈം ട്രാവല്‍ ചെയ്യാന്‍ പറ്റുമോ സര്‍, തമോഗര്‍ത്തത്തിന് എക്‌സിറ്റുണ്ടോ, ലോകാവസാനം ഉണ്ടാകുമോ, സുനിതവില്യംസിന്റെ ആരോഗ്യമൊക്കെ എങ്ങിനെയുണ്ട്, നമ്മുടെ ഭാവികാലം കാണാന്‍ പറ്റുമോ സര്‍…സ്‌പേസിനെക്കുറിച്ച് എന്ത് കഥയാണ് നിങ്ങള്‍ക്കിന്ന് കേള്‍ക്കേണ്ടത് എന്ന് ചോദിച്ചുകൊണ്ട് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ് ആരംഭിച്ച ശാസ്ത്രസംവാദം കുട്ടികളുടെ അവസാനിക്കാത്ത ചോദ്യങ്ങള്‍കൊണ്ട് ജിജ്ഞാസയുടെ ആഘോഷമായി മാറി.
സംസ്ഥാനസ്‌കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ച് പ്രധാനവേദിയായ സെന്റ് ജോസഫ് സ്‌കൂളില്‍ ബഹിരാകാശത്തെ ഇന്ത്യന്‍ കുതിപ്പ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശാസ്ത്രസംവാദമാണ് പ്രപഞ്ചത്തിന്റെ അകപ്പൊരുള്‍ ലളിതമായി വിശദീകരിക്കുന്ന സംവാദസദസ്സായി മാറിയത്. രാവിലെ 10 മണിക്ക് സംവാദം തുടങ്ങുമ്പോള്‍ പ്രധാനവേദി കുട്ടികളെക്കൊണ്ട് നിറഞ്ഞിരുന്നു. ശാസ്ത്രതല്‍പരരായ കുട്ടികള്‍ക്ക് ഐഎസ്ആര്‍ഒ തലവനെത്തന്നെ മുന്നില്‍കിട്ടിയപ്പോള്‍ ആവേശമായി. എല്ലാ ചോദ്യങ്ങള്‍ക്കും ലളിതമായി മറുപടി പറഞ്ഞും തമാശകള്‍ പറഞ്ഞ് രസിപ്പിച്ചും ശാസ്ത്രാധ്യാപകനെപ്പോലെ ഡോ. സോമനാഥും കൂടെക്കൂടി.
ചോദ്യങ്ങള്‍ ചോദിക്കാന്‍ ധൈര്യമുണ്ടാവണം, എപ്പോഴും ചോദിച്ചുകൊണ്ടേയിരിക്കണമെന്നും ഡോ. എസ് സോമനാഥ് കുട്ടികളോട് പറഞ്ഞു. മൈക്കല്‍ ഫാരഡേ പറഞ്ഞെന്ന് പറഞ്ഞാല്‍ പോലും വിശ്വസിക്കരുത്, അത് സ്വയം കണ്ടുപിടിക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഐഎസ്ആര്‍ഒയിലെ അനുഭവങ്ങളും ജീവിതത്തില്‍ പ്രചോദനമായ വ്യക്തികളെക്കുറിച്ചുമൊക്കെ അദ്ദേഹം കുട്ടികളോട് സംസാരിച്ചു.
സ്‌പോസ് സയന്‍സിലെ നിര്‍മിത ബുദ്ധിയുടെ ഉപയോഗം, ബഹിരാകാശത്ത് മനുഷ്യന്‍ നേരിടുന്ന പ്രതിസന്ധികള്‍, എ ടി വി ടെസ്റ്റ് ബഡ് എന്താണ്, സ്‌പേസ് മേഖലയില്‍ ഉപയോഗിക്കുന്ന ആധുനിക സാങ്കേതികവിദ്യകള്‍ എന്തൊക്കെ, ബഹിരാകാശ സാങ്കേതിക വിദ്യയെ കൃഷിക്കും ദുരന്തനിവാരണത്തിനും എങ്ങിനെ ഉപയോഗിക്കുന്നു തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ കുട്ടികളില്‍ നിന്ന് ഉയര്‍ന്നു. റോക്കറ്റിന്റെ എക്‌സറേ വിശകലനം ചെയ്യാന്‍ അടക്കം നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നുണ്ടെന്നും ആര്‍ക്കും കണ്ടുപിടിക്കാനാവാത്ത പാസ്‌വേഡ് ക്വാണ്ടം സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണ്ടാക്കാമെന്നും പുതിയ കൃഷിസ്ഥലങ്ങള്‍ കണ്ടെത്തുന്നത് മുതല്‍ ദുരന്തനിവാരണത്തിന് വരെ ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്വാണ്ടം എന്റ്റാംഗിള്‍മെന്റ് പരീക്ഷണങ്ങള്‍, മൊബൈല്‍ സിഗ്‌നല്‍ സഞ്ചാരം, റീ ഫ്യുവലിങ് സാറ്റലൈറ്റ്, ബഹിരാകാശത്തെ അവശിഷ്ടങ്ങള്‍ നീക്കല്‍, എന്‍ ജി എല്‍ ഡി റോക്കറ്റ്, ടെറാ ഫോമിങ്, മില്‍ക്കിവേ, ആന്‍ഡ്രോമെട ഗ്യാലക്‌സികള്‍ തമ്മിലുള്ള കൂട്ടിയിടി, ആദിത്യ എല്‍ വണ്‍ ഉപഗ്രഹത്തിന്റെ ദൗത്യം തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ ഡോ. സോമനാഥ് കുട്ടികള്‍ക്ക് വിശദീകരിച്ചുകൊടുത്തു.

രണ്ട് മണിക്കൂറോളം നീണ്ട സെഷനെടുവില്‍ ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഡോ. സോമനാഥിന് നന്ദി പറഞ്ഞു. ലോകത്തിന്റെ വിളക്കും വെളിച്ചവുമായി മാറുന്ന ഐഎസ്ആര്‍ഒയുടെ മേധാവിയെ തന്നെ ശാസ്ത്രസംവാദത്തിന് ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും കുട്ടികള്‍ക്ക് സെഷന്‍ വലിയ പ്രചോദനമായി മാറുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാനും പിപി ചിത്തരഞ്ജന്‍ എംഎല്‍എയും ചേര്‍ന്ന് ഡോ. എസ് സോമനാഥിനെ പൊന്നാട അണിയിച്ചു. ശാസ്ത്രാധ്യാപകന്‍ എസ്. സത്യജ്യോതി മോഡറേറ്ററായി. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സി എ സന്തോഷ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ എസ് ശ്രീലത, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. കാര്‍ത്തികേയന്‍ നായര്‍, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ വി അനിത എന്നിവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *