രാസലഹരി വിപത്തിനെതിരേ ജാഗ്രത വേണം: മന്ത്രി എം.ബി. രാജേഷ്

Spread the love

കോട്ടയം: ലഹരി മാഫിയയെ നേരിടാൻ സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് എക്സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷ്.
സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി എക്സൈസ് വിമുക്തി മിഷൻ നടപ്പാക്കുന്ന ഉണർവ് പദ്ധതിയുടെ ഭാഗമായി കങ്ങഴ മുസ്ലിം ഹയർ സെക്കൻഡറി സ്‌കൂളിൽ പണികഴിപ്പിച്ച ബാഡ്മിന്റൺ കോർട്ടിന്റെ ഉദ്ഘാടനവും കായിക ഉപകരണങ്ങളുടെ വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർധിച്ചു വരുന്ന രാസലഹരി വിപത്തിനെതിരേ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അതീവ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാലയങ്ങളിൽ ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണം. രാസലഹരിയുടെ ഉപയോഗം ചെറുപ്പക്കാരെയാണ് ഏറെ ബാധിക്കുക. ലഹരിക്കെതിരെ നിയമപരമായ വഴികൾ മാത്രം പോരാ, വലിയ ബോധവൽക്കരണം വേണം.
ഹൈജമ്പ് പിറ്റ്, ഷട്ടിൽ ബാറ്റ്, കോക്ക്, ഷോട് പുട് , ഹാമ്മർ , മെഡിസിൻ ബോളുകൾ, മസാജിങ് ഉപകരണങ്ങൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി സ്‌കൂളിന് നൽകി.
‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയിലുൾപ്പെടുത്തി ലൈഫ് ഭവന പദ്ധതിയിലേക്ക് 11 സെന്റ് സ്ഥലം കൈമാറുന്നതിനു പുതുപ്പറമ്പിൽ മാമ്മൻ ജോസഫ്, ജോൺ ജോസഫ് എന്നിവർ നൽകിയ സമ്മതപത്രം മന്ത്രി എം.ബി. രാജേഷ് ചടങ്ങിൽ ഏറ്റുവാങ്ങി.
വിദ്യാലയങ്ങൾ ലഹരി മുക്തമാക്കുന്നതിനും സ്‌കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ വിദ്യാർഥികളെ ലഹരി ഉപയോഗിക്കുന്നതിൽനിന്നു പിന്തിരിപ്പിക്കുന്നതിനും അവരുടെ കർമശേഷിയെ ക്രിയാത്മകമായ മറ്റു മേഖലകളിൽ വിന്യസിക്കുന്നതിനുമായി സംസ്ഥാന വിമുക്തി മിഷനുമായി ചേർന്ന് എക്‌സൈസ് വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഉണർവ്.

Author

Leave a Reply

Your email address will not be published. Required fields are marked *