അന്ന സെബാസ്റ്റ്യന്റെ മരണം: തൊഴിലടിമത്വത്തിനെതിരെ സ്വകാര്യ ബില്ലിനനുമതി തേടി കെ.സുധാകരന്‍ എംപി

Spread the love

കോർപ്പറേറ്റ് തൊഴിലിടങ്ങളില്‍ നേരിടുന്ന ചൂഷണങ്ങളില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കണമെന്നും ഇത്തരം ചൂഷണം തടയാന്‍ നിലവിലുള്ള കാലഹരണപ്പെട്ട തൊഴില്‍ നിയമങ്ങള്‍ സമഗ്രമായി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ല് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
ആധുനികകാലത്ത് അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ പോലും തൊഴിലടിമകളായി മാറുന്ന വ്യവസ്ഥതിക്കെതിരായ സ്വകാര്യ ബില്ലാണ് കെ.സുധാകരന്‍ വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്.
കോര്‍പ്പറേറ്റ് മേഖലയില്‍ തൊഴില്‍ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുക എന്നതാണ് ബില്ലിന്റെ പ്രധാന ഉദ്ദ്യേശ്യങ്ങളിലൊന്ന്.

പുണെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ജോലിഭാരം താങ്ങാന്‍ കഴിയാതെ ആത്മഹത്യ ചെയ്ത അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോയെന്ന കെ.സുധാകരന്‍ എംപിയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി നല്‍കിയില്ല. അന്ന സെബാസ്റ്റ്യന്റെ മരണത്തെ തുടര്‍ന്ന് സമഗ്രമായ അന്വേഷണം നടത്തി പത്തുദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. തൊഴിൽ മേഖലയിലെ കലാഹരണപ്പെട്ട നിയമങ്ങളും അന്നയുടെ കുടുംബത്തിനുള്ള നീതിഷേധവും തൊഴിലാളികളോടുള്ള അവഗണനയാണെന്നും കെ.സുധാകരന്‍ ചൂണ്ടിക്കാട്ടി.എംപിമാരായ ഡീന്‍ കുര്യാക്കോസ്, പ്രൊഫ. സൗഗത റേ എന്നിവരും സമാനചോദ്യം സഭയില്‍ ഉന്നയിച്ചു.

തൊഴിലിടങ്ങളില്‍ ചൂഷണത്തിന് പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍ നിസ്സംഗത പുലര്‍ത്തുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പരിധിയില്‍ വരുന്ന കണ്‍കറന്റ് ലിസ്റ്റിന് കീഴിലുള്ള വിഷയമായണിതിന്നെ മറുപടിയാണ് കേന്ദ്ര മന്ത്രിയുടേത്. 1948-ലെ ഫാക്ടറീസ് ആക്ട്, ബഹുരാഷ്ട്ര കമ്പനികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന സംസ്ഥാന-നിര്‍ദ്ദിഷ്ട ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് തുടങ്ങിയ കാലഹരണപ്പെട്ട നിയമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ വാദത്തെ മന്ത്രി ന്യായീകരിക്കുന്നത്.
കോർപ്പറേറ്റ് കാലത്തെ
തൊഴിലിടങ്ങളിലെ ചൂഷണം തടയാൻ നിലവിലെ നിയമം പര്യാപ്തമല്ല. തൊഴില്‍ ചൂഷണം തടയുന്നതിൽ കേന്ദ്ര സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്നും കെ.സുധാകരന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *