പാലക്കാട്ടെ യു.ഡി.എഫ് വിജയത്തിന്റെ തിളക്കം ഇല്ലാതാക്കാന്‍ ചില മാധ്യമങ്ങള്‍ മനപൂര്‍വമായി സി.പി.എമ്മുമായി ചേര്‍ന്ന് അജണ്ട സെറ്റ് ചെയ്യുകയാണ് : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് എറണാകുളം ഡി.സി.സിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

കൊച്ചി : തിരഞ്ഞെടുപ്പില്‍ ഇത്രയും വലിയ ആഘാതമുണ്ടായിട്ടും ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടു പോകുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ പ്രീണനം നടത്തിയ പിണറായി വിജയന്‍ ഓന്തിന്റെ നിറം മാറുന്നതു പോലെയാണ് ഇപ്പോള്‍ ഭൂരിപക്ഷ പ്രീണനം നടത്തുന്നത്. അതിന്റെ ഭാഗമായാണ് പാണക്കാട് സാദിഖലി തങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്.

ആരാണ് മുഖ്യമന്ത്രിക്ക് ഈ പ്രസംഗം എഴുതിക്കൊടുക്കുന്നത്.? പാലക്കാട് സി.പി.എമ്മിന് വോട്ട് കൂടിയെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയുമായുള്ള വ്യത്യാസം കുറഞ്ഞുവെന്നും പറഞ്ഞു. എന്റെ മാര്‍ക്ക് കൂടിയില്ലെങ്കിലും രണ്ടാം സ്ഥാനത്തുള്ള സഹപാഠിയുടെ മാര്‍ക്ക് കുറഞ്ഞതോടെ ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസം കുറഞ്ഞെന്ന് ഒരു കുട്ടി അമ്മയോട് പറഞ്ഞതു പോലെയാണ് പിണറായി വിജയന്‍ സംസാരിക്കുന്നത്. 50000 ഉണ്ടായിരുന്ന ബി.ജെ.പിയുടെ വോട്ട് 39000 ആയി കുറഞ്ഞു. അപ്പോഴാണ് സി.പി.എം അടുത്തെത്തി എന്നു പറഞ്ഞത്. ആരാണ് മുഖ്യമന്ത്രിയെ കൊണ്ട് ഇത്രയും പരിഹാസ്യമായ കാര്യങ്ങള്‍ പറയിക്കുന്നത്. ബി.ജെ.പിയുടെ വോട്ട് കുറഞ്ഞു പോകുന്നതില്‍ ഏറ്റവും സങ്കടപ്പെടുന്നതും കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. എസ്.ഡി.പി.ഐയുടെ സഹായത്തോടെയാണ് യു.ഡി.എഫ് ജയിച്ചതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇ ശ്രീധരന് കിട്ടിയ വോട്ടിന്റെ വലിയൊരു ശതമാനം വോട്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടിയത്. ഇ ശ്രീധരന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കിട്ടിയത് എസ്.ഡി.പി.ഐയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും വോട്ടായിരുന്നോ?

പാലക്കാട്ടെ യു.ഡി.എഫ് വിജയത്തിന്റെ തിളക്കം ഇല്ലാതാക്കാന്‍ ചില മാധ്യമങ്ങള്‍ മനപൂര്‍വമായി സി.പി.എമ്മുമായി ചേര്‍ന്ന് അജണ്ട സെറ്റ് ചെയ്യുകയാണ്. കെ.സി വേണുഗോപാലും വി.ഡി സതീശനും പ്രവര്‍ത്തകരെയും നേതാക്കളെയും ശാസിച്ചു എന്നു വരെ ഒരു ചാനല്‍ വാര്‍ത്ത നല്‍കി. ഒരു കാലത്തും കാണാത്ത വര്‍ക്ക് നടത്തിയതിന് പ്രവര്‍ത്തകരെ അഭിനന്ദിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയത്. പാലക്കാട് ദയനീയമായ മൂന്നാം സ്ഥാനത്തേക്ക് പോയെന്ന് സി.പി.എം ഇനിയെങ്കിലും മനസിലാക്കണം. ചേലക്കരയില്‍ നാല്‍പ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം പന്ത്രണ്ടായിരമായി കുറച്ചു. എഴുപത്തിഅയ്യായിരത്തോളം വോട്ടാണ് വയനാട്ടില്‍ കുറഞ്ഞത്. എന്നിട്ടാണ് സര്‍ക്കാരിനെതിരെ ഒരു ജനവികാരവും ഇല്ലെന്നു പറയുന്നത്. അവര്‍ അങ്ങനെ തന്നെ വിശ്വസിക്കുന്നതാണ് നല്ലത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വി.ഡി സതീശന് പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്‌ക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് പോകുമെന്നും എനിക്ക് കണ്ടകശനിയാണെന്നുമാണ് കെ. സുരേന്ദ്രന്‍ പറഞ്ഞത്. അദ്ദേഹം പറഞ്ഞതെല്ലാം ശരിയാണ്. പക്ഷെ എന്നെയല്ല, ബി.ജെ.പിയെയാണ് അതെല്ലാം ബാധിച്ചിരിക്കുന്നത്. സി.പി.എമ്മും ബി.ജെ.പിയും ഒരു പോലെയാണ് എനിക്കെതിരെ ആക്രമണം നടത്തിയത്.

ചേലക്കരയില്‍ മാത്രല്ല, എല്ലായിടത്തും രാഷ്ട്രീയ പോരാട്ടമാണ് നടന്നത്. നാല്‍പ്പതിനായിരത്തോളം വോട്ടിന് വിജയിച്ച സി.പി.എമ്മിന്റെ ഭൂരിപക്ഷം പന്ത്രണ്ടായിരമായി കുറയ്ക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. പാലക്കാട് രാഷ്ട്രീയ മത്സരമല്ലാതെ പിന്നെ സൗന്ദര്യ മത്സരമാണോ. മൂന്നാം സ്ഥാനം ഉറപ്പിച്ച സി.പി.എം ബി.ജെ.പിയെ ജയിപ്പിക്കുന്നതിനു വേണ്ടിയാണ് യു.ഡി.എഫിനെതിരെ വിവാദമുണ്ടാക്കിയത്. എന്നാല്‍ എല്ലാം തിരിച്ചടിച്ചു. ജമാഅത്ത് ഇസ്ലാമിക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കും എതിരെ ഇപ്പോള്‍ ആഞ്ഞടിക്കുന്ന പിണറായി വിജയനും സി.പി.എമ്മും നേരത്തെ അവര്‍ക്കൊപ്പമായിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പി.ഡി.പി പിന്തുണയുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന ബോര്‍ഡ് വച്ചവരാണ് സി.പി.എം. ഭൂരിപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും പ്രോത്സാഹിപ്പിക്കില്ലെന്നതാണ് യു.ഡി.എഫ് നിലപാട്. ഓന്തിന്റെ നിറം മാറുന്നതു പോലെ ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും മാറ്റി മാറ്റി പിടിക്കുന്നത് എന്തുകൊണ്ടാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ചോദിക്കണം. ഒരു ചോദ്യം ചോദിക്കാന്‍ പോലും നിങ്ങള്‍ക്ക് സാധിക്കില്ല. മുസ്ലീം സംഘടനകളുടെ രണ്ടു പത്രത്തില്‍ പരസ്യം കൊടുത്ത നാണംകെട്ട പാര്‍ട്ടിയാണ് സി.പി.എം. ഇവര്‍ എന്ത് ഇടതുപക്ഷവും കമ്മ്യൂണിസ്റ്റുമാണ്? തലയില്‍ തുണിയുമിട്ട് നടക്കുന്നതാണ് നല്ലത്. സംഘ്പരിവാര്‍ പോലും നാണം കെടുന്ന രീതിയില്‍ സി.പി.എം വര്‍ഗീയത ആളിക്കത്തിക്കുന്ന തരത്തില്‍ പരസ്യം നല്‍കിയതിനെ കുറിച്ച് അവരോട് മാധ്യമങ്ങള്‍ ചോദിക്കണം. യു.ഡി.എഫ് തുടക്കം മുതല്‍ക്കെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

ചേലക്കരയില്‍ നാല്‍പ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം പന്ത്രണ്ടായിരമായി കുറച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. 28000 വോട്ടാണ് കുറച്ചത്. അടുത്ത തിരഞ്ഞെടുപ്പില്‍ ജയിക്കും. തൃക്കാക്കരയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു മാസം ക്യാമ്പ് ചെയ്തിട്ടും പി.ടി തോമസ് ജയിച്ചതിന്റെ ഇരട്ടി വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉമ തോമസ് ജയിച്ചത്. വയനാട്ടില്‍ എല്‍.ഡി.എഫ് 75000 വോട്ടിന് പിന്നില്‍ പോയതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്? പാവം സി.പി.ഐക്കാരെ സി.പി.എം പറ്റിച്ചതാണോ?

Author

Leave a Reply

Your email address will not be published. Required fields are marked *