അമേരിക്കയിലെ ഇന്ത്യൻ വംശജരായ നഴ്സുമാരുടെ ദേശീയ സംഘടനയായ നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്കയ്ക്ക് (നൈന) പുതിയ നേതൃ സമിതി. രണ്ടുവർഷത്തെ കാലാവധി പിന്നിട്ട പ്രസിഡന്റ് സുജ തോമസിന്റ നേതൃത്വത്തിലുള്ള ടീം പുതിയ സാരഥികൾക്ക് ഉത്തരവാദിത്വവും കൈമാറും.
ഉമാമഹേശ്വരി വേണുഗോപാൽ (പ്രസിഡന്റ് ), ലിഫി ചെറിയാൻ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ), താരാ ഷാജൻ (വൈസ് പ്രസിഡന്റ് ), ഡോ. മുനിറ വെൽസ് (സെക്രെട്ടറി), ഡോ. ഷീല സാജൻ (ട്രെഷറർ) എന്നിവർ എക്സിക്യൂട്ടീവ് ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബിനു ഷാജിമോൻ (എ പി ആർ എൻ), ഉഷാ ചെറിയാൻ (അഡ്വക്കസി ആൻഡ് പോളിസി), മായ ജോസെഫ് (അവാർഡ്‌സ് ആൻഡ് സ്കോളര്ഷിപ്സ്), സിബി വറുഗീസ് (ബൈലാസ്), രാജിത ബൊമ്മകാന്തി (കമ്മ്യൂണിക്കേഷൻസ്), നിഷ മാത്യൂസ് (എഡിറ്റോറിയൽ), എലിസബത്ത് സാം (എലെക്ഷൻസ്), സാറാമ്മ ഐപ് (ഫണ്ട് റെയ്സിങ്), ലൈസി അലക്സ് (മെമ്പർഷിപ്), വിന്സിയ പാണ്ട്യൻ (റിസേർച് ആൻഡ് ഗ്രാന്റ്സ്) എന്നിവർ കമ്മിറ്റി ചെയർ പേര്സൺസ് ആയി പ്രവർത്തിക്കും. മുൻ പ്രെസിഡന്റുമാരായ സുജ തോമസ്, ഡോ. ലിഡിയ ആൽബുക്കര്ക്കി, ഡോ. ജാക്കി മൈക്കിൾ, സാറ ഗബ്രിയേൽ, ഡോ. സോളിമോൾ കുരുവിള, ഡോ. ഓമന സൈമൺ എന്നിവരാണ് അഡ്വൈസറി ബോർഡിൽ.
അമേരിക്കയിൽ നഴ്സിംഗ് പ്രാക്ടിസിലും ആരോഗ്യരംഗത്തും ഉള്ള ഇന്ത്യൻ വംശജരായ നഴ്സുമാരെയും നഴ്സിംഗ് വിദ്യാർഥികളെയും ഒരു സംഘടനയ്ക്കുള്ളിൽ കൊണ്ടുവന്ന് വിവിധ ശ്രമങ്ങളിലൂടെ മികവുറ്റ ഒരു നഴ്സിംഗ് സമൂഹ വിഭാഗത്തെ പടുത്തുയർത്തുകയെന്ന അടിസ്ഥാന ദർശനത്തോടെ സ്ഥാപിതമായ നൈനയ്ക്ക് ദേശവ്യാപകമായി ഇരുപത്തിയൊന്ന് ചാപ്റ്ററുകളാണുള്ളത്.
ഉന്നത വിദ്യാഭ്യാസം, ഉയർന്ന നിലവാരം, പ്രൊഫെഷണലിസത്തിലെ മികവ്, അഡ്വക്കസി, എന്നിവയിലൂടെ നഴ്സിങ്ങിന്റെ സ്വാധീനം വർധിപ്പിച്ചു ആരോഗ്യത്തിന്റെ മേന്മയ്ക്കായി സംഭാവന ചെയ്യുക എന്ന ലക്‌ഷ്യം വയ്ക്കുന്ന നൈന വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, സർജൻ ജനറൽ വിവേക് മൂർത്തി എന്നിവരുടെ അഭിനന്ദനങ്ങൾ നേടിയിട്ടുണ്ട്. അമേരിക്കൻ ആരോഗ്യരംഗത്തെ സ്വാധീന ശക്തിയായ അമേരിക്കൻ നഴ്സസ് അസോസിയേഷൻ, വിദേശത്തെ നഴ്സിംഗ് വിദ്യാഭ്യാസത്തെ വിലയിരുത്തുന്ന സി ജി എഫ് എൻ എസ് എന്നീ സംഘടനകളുമായി വളരെ സഹകരിച്ചു പ്രവർത്തിക്കുന്ന നൈന അമേരിക്കയിലെ ഇന്ത്യൻ നഴ്സുമാരുടെ പ്രതിനിധി സംഘടനയായി പൊതുവെ ഗണിക്കപ്പെടുന്നു.
നൈനയുടെ പുതിയ സാരഥികൾ ജനുവരി ഒന്നിന് ചുമതലയേൽക്കും.