വയനാട്ടിലെ മേപ്പാടി ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട ദുരിതബാധിതർക്കായി രണ്ട് ടൗൺഷിപ്പുകൾ നിർമിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും കല്പറ്റ വില്ലേജിലെ എൽസ്റ്റോൺ എസ്റ്റേറ്റുമാണ് ടൗൺഷിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്.ദുരന്തബാധിതർക്ക് വീടു വെച്ചുനൽകുക എന്നതു മാത്രമല്ല പുനരധിവാസം കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ രീതിയിലും ദുരന്തത്തെ അതിജീവിച്ചു ജീവിതം മുന്നോട്ടു കൊണ്ട് പോകാനുള്ള ഉപജീവനമാർഗങ്ങൾ ഉൾപ്പെടെയാണ് പുനരധിവാസം യഥാർത്ഥ്യമാക്കുക. അതിന് സഹായവുമായി മുന്നോട്ടുവരുന്ന എല്ലാവരെയും ചേർത്തു പിടിക്കും. എല്ലാ സഹായങ്ങളും ഏകോപിപ്പിച്ചായിരിക്കും പുനരധിവാസ പദ്ധതി പൂർത്തിയാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
2005 ലെ ഡിസാസ്റ്റർ മാനേജ്‌മെൻറ് നിയമം വഴിയാണ് ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കുക്കാൻ തീരുമാനിച്ചത്. തോട്ടം ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിലനിൽക്കുന്ന വ്യവഹാരങ്ങളിൽ സർക്കാരിനുള്ള നിലപാട് തുടർന്നുകൊണ്ടുതന്നെയാണ് ഇവിടെ പുനരധിവാസം സാധ്യമാക്കുക.
ടൌൺ ഷിപ്പിനായി ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച വിഷയത്തിൽ ഹൈക്കോടതി സർക്കാരിനനുകൂലമായ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ടെത്തിയ ഭൂമിയിൽ പുനരധിവാസത്തിനും നിർമ്മാണത്തിനും അനുയോജ്യമല്ലാത്ത ഭാഗം ഒഴിവാക്കിയതിനു ശേഷം എൽസ്റ്റോൺ എസ്റ്റേറ്റിൽ 58.50 ഹെക്ടറും നെടുമ്പാല എസ്റ്റേറ്റിൽ 48.96 ഹെക്ടറുമാണ് ഏറ്റെടുക്കുക. ഏറ്റെടുക്കാത്ത ഭൂമിയിൽ പ്ലാൻറേഷൻ മുന്നോട്ടു കൊണ്ടുപോകാൻ അനുമതി നൽകും. ഭൂമി കണ്ടെത്തിയത് ഡ്രോൺ സർവേയിലൂടെയാണ്. ഇപ്പോൾ നടക്കുന്ന ഫീൽഡ് സർവേ പൂർത്തിയാകുന്നതോടെ കൂടുതൽ കണിശതയുള്ള കണക്കുകൾ ലഭ്യമാകും.