സ്മാർട്ട് അങ്കണവാടികൾ: സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് മുഖ്യമന്ത്രി നിർവഹിക്കും

Spread the love

ഇതുവരെ യാഥാർത്ഥ്യമായത് ആകെ 117 സ്മാർട്ട് അങ്കണവാടികൾ.

സംസ്ഥാനത്ത് പ്രവർത്തനസജ്ജമായ 30 സ്മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പെരുങ്കടവിള ഒറ്റശേഖരമംഗലം കരവറ 60-ാം നമ്പർ അങ്കണവാടി കേന്ദ്രീകരിച്ച് ജനാർദനപുരം ഹയർസെക്കന്ററി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി മൂന്നിന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. സി.കെ. ഹരീന്ദ്രൻ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. അതത് സ്മാർട്ട് അങ്കണവാടികളിലെ ഉദ്ഘാടന ചടങ്ങുകളിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും.
അങ്കണവാടികളിൽ എത്തിച്ചേരുന്ന കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വികസനത്തിന് ശിശു സൗഹൃദപരമാക്കുന്നതിന്റെ ഭാഗമായാണ് അങ്കണവാടികളെ സ്മാർട്ട് അങ്കണവാടികളാക്കിയതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ 189 സ്മാർട്ട് അങ്കണവാടികൾക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി അനുമതി നൽകിയിട്ടുള്ളതിൽ 87 അങ്കണവാടികളുടെ ഉദ്ഘാടനം കഴിഞ്ഞിട്ടുണ്ട്. ഇത് കൂടാതെ 30 സ്മാർട്ട് അങ്കണവാടികളാണ് ഇപ്പോൾ പ്രവർത്തനസജ്ജമായത്. ഇതോടെ 117 സ്മാർട്ട് അങ്കണവാടികൾ യാഥാർത്ഥ്യമായി. ബാക്കിയുള്ളവയുടെ നിർമ്മാണം പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
ഒന്നാം ക്ലാസിന് മുമ്പ് കുട്ടികൾ എത്തുന്ന ഇടമാണ് അങ്കണവാടികൾ. അതനുസരിച്ച് അങ്കണവാടികളുടെ അടിസ്ഥാന സൗകര്യത്തിലും കരിക്കുലത്തിലും വലിയ മാറ്റങ്ങൾ വരുത്തി. സ്ഥല സൗകര്യം അനുസരിച്ച് 10, 7.5, 5, 3, 1.25 സെന്റുകളുള്ള പ്ലോട്ടുകൾക്ക് അനുയോജ്യമായാണ് സ്മാർട്ട് അങ്കണവാടികൾ രൂപകല്പന ചെയ്തിരിക്കുന്നത്. കുഞ്ഞുങ്ങളുടെ ഭാവിയുടെ സമഗ്ര വികാസം ഉറപ്പാക്കിയാണ് സ്മാർട്ട് അങ്കണവാടികളിൽ സൗകര്യങ്ങളൊരുക്കിയിട്ടുള്ളത്. പഠനമുറി, വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള, സ്റ്റോർ റൂം, ഇൻഡോർ ഔട്ട്ഡോർ പ്ലേ ഏരിയ, ഹാൾ, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. വനിതശിശുവികസന വകുപ്പ്, ആർ.കെ.ഐ., തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എം.എൽ.എ. എന്നീ ഫണ്ടുകൾ സംയുക്തമായി വിനിയോഗിച്ചാണ് സ്മാർട്ട് അങ്കണവാടികൾ പൂർത്തീകരിച്ചത്.

Author

Leave a Reply

Your email address will not be published. Required fields are marked *