പവൻ ശ്രീധറിന് സെഞ്ച്വറി, കർണ്ണാടകയ്ക്കെതിരെ രണ്ടാം ഇന്നിങ്സിൽ കേരളം മികച്ച സ്കോറിലേക്ക്

Spread the love

ബംഗ്ലൂര്‍: സി കെ നായിഡു ട്രോഫിയിൽ കർണ്ണാടകയ്ക്ക് എതിരെ രണ്ടാം ഇന്നിങ്സിൽ കേരളം മികച്ച സ്കോറിലേക്ക്. മൂന്നാം ദിവസം കളി നിർത്തുമ്പോൾ കേരളം രണ്ടാം ഇന്നിങ്സിൽ ഏഴ് വിക്കറ്റിന് 341 റൺസെന്ന നിലയിലാണ്. കേരളത്തിന് ഇപ്പോൾ 333 റൺസിൻ്റെ ലീഡുണ്ട്. സെഞ്ച്വറി നേടിയ പവൻ ശ്രീധറിൻ്റെ ഇന്നിങ്സാണ് കേരളത്തിന് കരുത്തായത്.

വിക്കറ്റ് പോകാതെ 43 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നല്കിയത്. ഒമർ അബൂബക്കറും പവൻ ശ്രീധറും ചേർന്ന് ഓപ്പണിങ് കൂട്ടുകെട്ടിൽ 120 റൺസ് കൂട്ടിച്ചേർത്തു. ഒമർ അബൂബക്കർ 69 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ അഹ്മദ് ഇമ്രാൻ മൂന്ന് റൺസെടുത്ത് പുറത്തായെങ്കിലും പവൻ ശ്രീധറും രോഹൻ നായരും ചേർന്ന് 67 റൺസ് കൂട്ടിച്ചേർത്തു. 39 റൺസെടുത്ത രോഹൽ നായർക്ക് ശേഷമെത്തിയ ക്യാപ്റ്റൻ അഭിഷേക് ജെ നായർ, ആസിഫ് അലി, അഭിജിത് പ്രവീൺ എന്നിവർക്ക് കാര്യമായി പിടിച്ചു നില്ക്കാനായില്ല. അഭിഷേക് നായർ അഞ്ചും ആസിഫ് അലി രണ്ടും അഭിജിത് പ്രവീൺ 14ഉം റൺസെടുത്ത് പുറത്തായി. 120 റൺസെടുത്ത പവൻ ശ്രീധർ കൂടി ഔട്ടായതോടെ അധികം നീളില്ലെന്ന് തോന്നിയ കേരള ഇന്നിങ്സിനെ 300 കടത്തിയത് കിരൺ സാഗറിൻ്റെ പ്രകടനമാണ്. കളി നിർത്തുമ്പോൾ കിരൺ സാഗർ 50 റൺസുമായി ക്രീസിലുണ്ട്. 48 പന്തുകളിൽ 18 റൺസുമായി ബാറ്റിങ് തുടരുന്ന എം. യു ഹരികൃഷ്ണൻ്റെ പ്രകടനവും കേരള ഇന്നിങ്സിൽ നിർണ്ണായകമായി. കർണ്ണാടകയ്ക്ക് വേണ്ടി കെ ശശികുമാർ അഞ്ച് വിക്കറ്റ് വീഴ്ത്തി.

PGS Sooraj

Author

Leave a Reply

Your email address will not be published. Required fields are marked *