കഴിഞ്ഞ നാളുകളിൽ പിണറായി സർക്കാർ അവതരിപ്പിച്ച സംസ്ഥാന ബജറ്റുകൾക്ക് വിശ്വാസ്യതയും നിയമസാധുതയും നഷ്ടപ്പെടുത്തുന്നതാണെന്നും മാത്യു കുഴൽനാടൻ എംഎൽഎ. ഭരണഘടനയുടെ 204 ആം വകുപ്പ് പ്രകാരം നിയമസഭ പാസാക്കുന്ന ബജറ്റ് നിർദ്ദേശങ്ങൾ പിന്നേട് മാറ്റം വരുത്താൻ കഴിയില്ലെന്ന് നിയമംമൂലം അനുശാസിക്കുന്നുണ്ട്. എന്തെങ്കിലും ഭേദഗതി കൊണ്ടുവരണമെങ്കിൽ തന്നെ നിയമസഭയിലൂടെ മാത്രമെ സാധിക്കൂ.എന്നാൽ കഴിഞ്ഞ നാളുകളിൽ വലിയ പ്രഖ്യാപനങ്ങൾ നടത്തുകയും എന്നാൽ പിന്നീട് സർക്കാർ ഉത്തരവുകൾ വഴി ബജറ്റ് തുകയും പദ്ധതിവിഹിതവും വെട്ടിക്കുറയ്ക്കുന്ന നടപടിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ മാസം ബജറ്റിലെ പ്രഖ്യാപനങ്ങളെല്ലാം അട്ടിമറിച്ചുകൊണ്ട് പദ്ധതി വിഹിതത്തിന്റെ 50 ശതമാനത്തോളം വെട്ടിക്കുറച്ചു. ഇത് സംബന്ധിച്ച് ചട്ടം 300 പ്രകാരം നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപനവും നടത്തി. ഇത് നിയമവിരുദ്ധവും ബജറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതുമാണ് . ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് ധനമന്ത്രി ഇതിന് മറുപടി നൽകണമെന്നും മാത്യു കുഴൽ നാടൻ ആവശ്യപ്പെട്ടു.ഇക്കാര്യം ചൂണ്ടിക്കാട്ടി വിശദമായ നിവേദനം മാത്യു കുഴൽ നാടൻ ഗവർണർക്ക് സമർപ്പിച്ചു. നിയമവിരുദ്ധമായ ഈ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും പുതിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഇക്കാര്യങ്ങളിൽ വ്യക്തത വേണമെന്നും ഗവർണർക്ക് നൽകിയ കത്തിൽ മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.