കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യമല്ല കേരളം ചോദിച്ചത്; വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്തത് അനീതി – പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Spread the love

പ്രതിപക്ഷ നേതാവ് പെരിന്തല്‍മണ്ണയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (15/02/2025

പെരിന്തല്‍മണ്ണ : കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യമല്ല കേരളത്തിനു വേണ്ടത്. വയനാട്ടില്‍ ഉണ്ടായത് തീവ്രദുരന്തമാണെന്ന് കേന്ദ്രം അംഗീകരിച്ചതാണ്. പ്രത്യേക സാമ്പത്തിക പാക്കേജ് പ്രകാരം 2000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. അത് തരാതെ 590 കോടി രൂപ കടമായി തരുന്നത് കേരളത്തെ അപമാനിക്കുന്നതിനും പരിഹസിക്കുന്നതിനും തുല്യമാണ്. കേരളത്തോടുള്ള പൂര്‍ണമായ അവഗണനയാണിത്. ഈ പണം 50 വര്‍ഷം കഴിഞ്ഞ് അടയ്‌ക്കേണ്ടെന്നു

പറയാന്‍ കെ. സുരേന്ദ്രന്‍ ആരാണ്? അങ്ങനെ പറയാന്‍ സുരേന്ദ്രന് എന്ത് അവകാശമാണുള്ളത്? സംസ്ഥാനത്തിന് ദുരന്തം ഉണ്ടാകുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണം. അല്ലാതെ കേന്ദ്രത്തിന്റെ ഔദാര്യമില്ല. ഹിമാചല്‍ പ്രദേശും ഉത്തര്‍ പ്രദേശും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചിട്ടുണ്ട്. ആ സഹായം കേരളത്തിന് തരില്ലെന്നു പറയുന്നത് എന്ത് നീതിയാണ്? പാവപ്പെട്ട മനുഷ്യരുടെ കാലിന് അടിയിലെ മണ്ണ് ഒലിച്ചു പോയിട്ടും പണം 50 കൊല്ലത്തിനകം തിരിച്ചടയ്ക്കണമെന്നാണ് പറയുന്നത്. ഒന്നരമാസം പോലും ബാക്കിയില്ലാത്ത സമയത്താണ് മാര്‍ച്ച് 31 നകം പണം ചെലവഴിക്കണമെന്ന് പറയുന്നത്. കേന്ദ്രം സംസ്ഥാനത്തോട് കാട്ടേണ്ട ഒരു മാന്യതയും കാണിക്കാതെ പൂര്‍ണമായ അവഗണനയും പരിഹാസവുമാണിത്. അതിനെതിരെ ശക്തമായ നിലപാട് പ്രതിപക്ഷം സ്വീകരിക്കും.

പകുതി വില തട്ടിപ്പില്‍ നല്ല പദ്ധതിയാണെന്നു കരുതി ചേര്‍ന്നവരും തട്ടിപ്പ് നടത്താന്‍ ഉദ്ദേശിച്ച് ചേര്‍ന്നവരുമുണ്ട്. നിരപരാധികളായ ഒരുപാട് പേര്‍ ഇതില്‍ കുടുങ്ങിപ്പോയിട്ടുണ്ട്. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ പോലുള്ള ഒരാളെ സര്‍ക്കാര്‍ ഒരിക്കലും പ്രതിയാക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹം തട്ടിപ്പുകാരനാണോ? എല്ലാവരും ബഹുമാനിക്കുന്ന റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയാണ് അദ്ദേഹം. എത്ര ലാഘവത്വത്തോടയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. അദ്ദേഹം എന്തെങ്കിലും തട്ടിപ്പ് നടത്തിയോ? അത് ശരിയല്ല. മന്ത്രി കൃഷ്ണന്‍ കുട്ടിയുടെ പി.എ സര്‍ക്കാര്‍ പദ്ധതിയാണെന്ന് പറഞ്ഞ് തട്ടിപ്പിന് കൂട്ട് നിന്നിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണം. നിരപരാധികളെയല്ല, യഥാര്‍ത്ഥ പ്രതികളെയാണ് അറസ്റ്റ് ചെയ്ത് നിയമനത്തിന് മുന്നില്‍ കൊണ്ടു വരേണ്ടത്. ഇത്തരം തട്ടിപ്പുകള്‍ കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. നിരവധി പേരാണ് ഇരകളായി മാറുന്നത്. അതുകൊണ്ട് ഇത്തരം സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ സര്‍ക്കാരും ബന്ധപ്പെട്ട ഏജന്‍സികളും ശ്രദ്ധിക്കണം.

കേരളം മികച്ച വ്യവസായ അന്തരീക്ഷമുള്ള സംസ്ഥാനമല്ല. മെച്ചപ്പെടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ശശി തരൂര്‍ എന്ത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് ലേഖനം എഴുതിയതെന്ന് അറിയില്ല. കേരളത്തില്‍ മൂന്നര വര്‍ഷം കൊണ്ട് മൂന്നു ലക്ഷം സംരംഭങ്ങള്‍ ഉണ്ടായെന്നാണ് വ്യവസായ മന്ത്രി പറഞ്ഞത്. അങ്ങനെയെങ്കില്‍ ഒരു നിയോജക മണ്ഡലത്തില്‍ 2000 സംരംഭങ്ങളെങ്കിലും തുടങ്ങണം. ഗള്‍ഫില്‍ നിന്ന് തിരിച്ച് വരുന്നവര്‍ തുടങ്ങിയ ബേക്കറിയും പെട്ടിക്കടകളുമൊക്കെ സംരംഭങ്ങളായി കൂട്ടരുത്. മൂന്ന് ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്ന അവകാശവാദത്തോട് യോജിപ്പില്ല. ശശി തരൂര്‍ അങ്ങനെ പറയാനുണ്ടായ സാഹചര്യം പാര്‍ട്ടി പരിശോധിക്കും. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം വിജയമാണെന്ന് വിലയിരുത്താനാകില്ല. ഇന്ത്യയുടെ ഒരു ആവശ്യങ്ങളും പരിഗണിച്ചില്ല. ഇന്ത്യയോടുള്ള ട്രംപിന്റെ നിലപാടില്‍ ചെറിയ മാറ്റം പോലും വരുത്താന്‍ മോദിയുടെ സന്ദര്‍ശനത്തിന് സാധിച്ചിട്ടില്ല. സാമ്പത്തിക സഹകരണത്തിലും കയറ്റുമതി ഇറക്കുമതി രംഗങ്ങളിലുമുള്ള കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിലൊന്നും മാറ്റമുണ്ടാക്കാന്‍ മോദിയുടെ സന്ദര്‍ശനത്തിന് കഴിഞ്ഞിട്ടില്ല.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *