ജനപ്രതിനിധി എന്ന നിലയിൽ ഏറ്റവും ആത്മസംതൃപ്തി നൽകുന്ന പ്രവർത്തനമാണ് ഒപ്പം മെഡിക്കൽ ക്യാമ്പ് എന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കളമശ്ശേരി മണ്ഡലത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഒപ്പം മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ആധ്യക്ഷം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മൂന്ന് തവണ നടന്ന ക്യാമ്പുകളിലായി 23000 പേർക്ക് ചികിത്സ ഉറപ്പാക്കാൻ സാധിച്ചു. ഇതുവരെ നടന്നതിൽ ഏറ്റവും ആളുകൾ രജിസ്റ്റർ ചെയ്യുന്ന ക്യാമ്പായി മാറിയിരിക്കുകയാണ് കുന്നുകരയിൽ ഇന്ന് നടക്കുന്ന മെഡിക്കൽ ക്യാമ്പ്. എറണാകുളം ജില്ലയിലെ സ്വകാര്യ സർക്കാർ ആശുപത്രികളെല്ലാം ഒരു കുടക്കീഴിൽ സൗജന്യ പരിശോധന ജനങ്ങൾക്ക് ഒരുക്കുകയാണ് ക്യാമ്പിലൂടെ.
ആർദ്രം മിഷന്റെ ക്യാൻസർ നിർണയ കാമ്പയിനിന്റെ ഭാഗമായി സ്ത്രീകൾക്ക് ക്യാൻസർ സ്ക്രീനിങ്ങിന് സൗകര്യവും ക്യാമ്പിൽ ഒരുക്കി. അലോപ്പതി, ഹോമിയോ, ആയുർവേദം തുടങ്ങിയ മൂന്നു വിഭാഗങ്ങളിലെയും ആരോഗ്യ വിദഗ്ധരും ക്യാമ്പിന്റെ ഭാഗമാണ്. ഹൃദ്രോഗം നേരത്തെ കണ്ടെത്തുന്നതിനുള്ള പരിശോധനയാണ് ഇത്തവണത്തെ ക്യാമ്പിന്റെ പ്രത്യേകത.എക്സ് റേ, ഇ. സി. ജി, മാമോ ഗ്രാം തുടങ്ങിയ പരിശോധന സൗകര്യങ്ങളും ക്യാമ്പിലുണ്ട്.
ക്യാമ്പിന്റെ തുടർച്ചയായി മണ്ഡലത്തിലെ അർഹരായവർക്ക് സൗജന്യമായി മരുന്ന് ലഭ്യമാക്കുന്ന പദ്ധതിക്കും തുടക്കം കുറിക്കുമെന്ന് മന്ത്രി പറഞ്ഞു. വിധവകളായ പെൺകുട്ടികളുടെ അമ്മമാർക്ക് വീട് നിർമ്മിച്ചു നൽകുന്ന മണ്ഡലത്തിൽ തുടക്കം കുറിച്ചു കഴിഞ്ഞു. മണ്ഡലത്തിലെ കുന്നുകര, കരുമാലൂർ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിന് 20 എം എൽ ഡി വെള്ളം ദിവസം പമ്പ് ചെയ്യാൻ കഴിയുന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 24 നടക്കും. അയിരൂർ പാലം, കുന്ന് കോട്ടപ്പുറം പാലം തുടങ്ങി വിവിധ പദ്ധതികൾക്ക് തുക അനുവദിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കുമെന്നും മന്ത്രി.