സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ് : അപേക്ഷ സ്വീകരിക്കുന്ന തീയതി ദീർഘിപ്പിച്ചു

Spread the love

കേരളത്തിലെ സർക്കാർ / സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) ജനസംഖ്യാനുപാതികമായി 2024-25 സാമ്പത്തിക വർഷത്തിലെ സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ് / ഹോസ്റ്റൽ സ്‌റ്റൈപന്റിന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 17 വരെ വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച സ്വാശ്രയ മെഡിക്കൽ/എഞ്ചിനീയറിഗ് കോളേജുകളിൽ പഠിക്കുന്നവർക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ഒരു വിദ്യാർത്ഥിനിക്ക് സ്‌കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്‌റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം.

ബിരുദത്തിന് 5000 രൂപയും, ബിരുദാനന്തര ബിരുദത്തിന് 6000 രൂപയും, പ്രൊഫഷണൽ കോഴ്‌സിന് 7000 രൂപയും, ഹോസ്റ്റൽ സ്‌റ്റൈപ്പന്റ് ഇനത്തിൽ 13,000 രൂപയുമാണ് സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. ആദ്യ വർഷങ്ങളിൽ അപേക്ഷിക്കാൻ കഴിയാതെ പോയവർക്കും ഇപ്പോൾ പഠിക്കുന്ന വർഷത്തേയ്ക്ക് അപേക്ഷിക്കാം. അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയിരിക്കണം. കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്‌റ്റൈപ്പന്റിനായി അപേക്ഷിക്കാം.

കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്‌കോളർഷിപ്പിനായി തെരഞ്ഞെടുക്കുന്നത്. കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത് (ബി.പി.എൽ-കാർക്ക് മുൻഗണന). അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in – എന്ന വെബ് സൈറ്റിലെ സ്‌കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ അപ്‌ലോഡ്‌ ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളിൽ സ്ഥാപനമേധാവിയ്ക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2300524, 0471-2302090, 0471-2300523 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Author

Leave a Reply

Your email address will not be published. Required fields are marked *