റാഗിങിന് നേതൃത്വം നല്‍കിയ കോളേജുകളില്‍ എസ്എഫ്‌ഐയെ നിരോധിക്കണം: യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍

Spread the love

റാഗിങിന് നേതൃത്വം നല്‍കിയ കോളേജുകളില്‍ എസ്എഫ്‌ഐയെ നിരോധിക്കണം: യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ 2. യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം കളമശേരി ചാക്കോളാസ് പവിലിയനില്‍ 27ന്.

കേരളത്തില്‍ റാഗിങ് ഉണ്ടായ കോളേജുകളില്‍ അതിന് നേതൃത്വം നല്‍കിയ എസ്എഫ് ഐയുടെ സംഘടനാ പ്രവര്‍ത്തനത്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍.

കാര്യവട്ടം സര്‍ക്കാര്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് റാഗിങിന് വിധേയമാക്കിയത് എസ്എഫ് ഐക്കാരാണ്. കേട്ടാല്‍ ഭയക്കുന്ന വിധമായിരുന്നു ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയോട് എസ്എഫ് ഐക്കാര്‍ പെരുമാറിയത്. കൊടിയ മര്‍ദ്ദനത്തിന് ഇരയായ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ റാഗിങ് നിയമം ചുമത്താന്‍ പോലും ആദ്യം പോലീസ് തയ്യാറായില്ല. ഇതില്‍ നിന്ന് തന്നെ കാമ്പസുകളില്‍ എസ്എഫ് ഐ നടത്തുന്ന കിരാത നടപടികള്‍ക്ക് കോളേജും പോലീസും കുടപിടിക്കുന്നുയെന്ന് വ്യക്തമാണ്.അമിതമായ ലഹരിക്കടിമകളാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ പങ്കാളികളാക്കുന്നത്. കോളേജുകളില്‍ ലഹരി വ്യാപനത്തിന് എല്ലാ സൗകര്യവും എസ്എഫ് ഐ ഒരുക്കുന്നു. ലഹരിയുടെ പിടിയിലാണ് എസ്എഫ് ഐ നിയന്ത്രിക്കുന്ന കാമ്പസുകള്‍.അതുകൊണ്ട് തന്നെ ഇവരെ ക്രിമിനലുകളെന്ന് മുദ്രകുത്തി നിരോധിക്കണം.

കോട്ടയം ഗാന്ധിനഗര്‍ സര്‍ക്കാര്‍ നഴ്‌സിങ് കോളേജിലും റാഗിങിന് നേതൃത്വം നല്‍കിയതിലേയും വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ ജെ.എസ്. സിദ്ധാര്‍ത്ഥന്റെ ദാരുണ മരണത്തിലേയും പ്രതികളും എസ്എഫ് ഐക്കാരാണ്. പ്രാകൃതവും ക്രൂരവുമായ അക്രമവാസനയാണ് ഇത്തരം ക്രിമിനലുകള്‍ക്ക്. ഇവര്‍ സമൂഹത്തിന് തന്നെ ഭീഷണിയാണ്. ഇവരെ വിദ്യാര്‍ത്ഥികളായി പരിഗണിക്കാനാവില്ല. സിദ്ധാര്‍ത്ഥന്റെ കേസിലെ പ്രതികള്‍ക്ക് തുടര്‍പഠനത്തിന് അവസരം നല്‍കിയത് ഇത്തരം കുറ്റംകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് തുല്യമാണ്. റാഗിങ് കാമ്പസുകളില്‍ നിന്ന് തുടച്ചുമാറ്റണമെങ്കില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും സിപിഎമ്മും ഇത്തരം കേസുകളിലെ ക്രിമിനലുകള്‍ക്ക് നല്‍കുന്ന പരോക്ഷ പിന്തുണ അവസാനിപ്പിക്കണമെന്നും ഹസന്‍ പറഞ്ഞു.

റാഗിങിന് നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും എന്നേക്കുമായി പുറത്താക്കി ക്രിമിനല്‍ കേസെടുക്കണം. റാഗിങ്ങുകള്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കേണ്ടവര്‍ പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കുന്നതിനാലാണ് ഇത്തരം ദുഷ്‌കൃത്യങ്ങള്‍ തുടര്‍ക്കഥയാകുന്നത്. റാഗിങ് കേസുകളിലെ പ്രതികളെ സംരക്ഷിച്ച ശേഷം റാഗിങ്ങിനെതിരെ സംസാരിക്കുന്നത് എസ്എഫ് ഐയുടെയും സിപിഎമ്മിന്റെയും രാഷ്ട്രീയ കാപട്യമാണ്.എല്‍ഡിഎഫ് സര്‍ക്കാരും സിപിഎമ്മും എസ്എഫ് ഐക്കാരായ ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനലാണ് നടപടിയെടുക്കാന്‍ പോലീസ് മടിക്കുന്നത്.സിദ്ധാര്‍ത്ഥന്‍ മരിച്ച് ഒരു കൊല്ലം കഴിഞ്ഞിട്ടും പ്രതികളെല്ലാം ഇപ്പോഴും നിയമത്തിന് പുറത്തിറങ്ങി നടക്കുന്നതും അതിനാലാണെന്നും ഹസന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *