പാലക്കാട്: ക്ഷേത്രങ്ങൾക്ക് സമ്പൂർണ്ണ ഡിജിറ്റൽ സൊല്യൂഷൻ നൽകുന്നതിന്റെ ഭാഗമായി പരിയാനംപറ്റ ദേവി ക്ഷേത്രത്തിലേക്ക് ഇന്ററാക്ടിവ് കിയോസ്‌ക് കൈമാറി സൗത്ത് ഇന്ത്യൻ ബാങ്ക്. ക്ഷേത്രങ്ങളിലെ പണമിടപാടുകൾ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഡിജിറ്റൽവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിയോസ്‌ക് സ്ഥാപിച്ചത്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ആദ്യത്തെ ഇന്ററാക്ടിവ് കിയോസ്‌കാണ് പരിയാനംപറ്റ ക്ഷേത്രത്തിലേത്. വഴിപാടുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും തുകയും ഭക്തരുടെ പേരുവിവരങ്ങളും നക്ഷത്രവും മറ്റും കൃത്യമായി മെഷീനിൽ രേഖപ്പെടുത്തിയാൽ ഓൺലൈൻ ആയി പണം അടച്ച് റസീപ്റ്റ് കൈപ്പറ്റാൻ സാധിക്കും. എല്ലാ യുപിഐ പണമിടപാടുകളും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാനും ക്യുആർ കോഡ് സ്കാൻ ചെയ്തു പണം അടയ്ക്കാനും കിയോസ്കിലൂടെ സാധിക്കും. ഭക്തർക്ക് സ്വയം ഇടപാടുകൾ നടത്താൻ കഴിയുന്ന കിയോസ്‌ക് മുഖേന തിരക്ക് നിയന്ത്രിക്കാനും ക്ഷേത്ര സന്ദർശനം സുഗമമാക്കാനും കഴിയും.
ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജർ ചിത്ര എച്ച്, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി സി ബിജു ചന്ദ്രശേഖറിന് കിയോസ്‌ക് കൈമാറി. സൗത്ത് ഇന്ത്യൻ ബാങ്ക് പാലക്കാട് റീജണൽ ഹെഡ് അഭിലാഷ് പി, ഒറ്റപ്പാലം ക്ലസ്റ്റർ ഹെഡ് പ്രസാദ് ഒ എം, ഡിജിറ്റൽ സെയിൽസ് ഹെഡ് വിശ്വരാജ്, ഡിജിറ്റൽ സെയിൽസ് മാനേജർ രാകേഷ്, മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി ചെയർമാൻ എം ദണ്ഡപാണി, ട്രസ്റ്റി ബോർഡ് ചെയർമാൻ മനോജ് കുമാർ, പരിയാനംപറ്റ ദേവസ്വം മാനേജർ സജീവൻ കാനത്തിൽ, ഒറ്റപ്പാലം ബ്രാഞ്ച് മാനേജർ ദിവ്യ മേനോൻ എന്നിവർ പങ്കെടുത്തു.
Asha Mahadevan