വയോജനങ്ങളെ മുന്നില്‍കണ്ടുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നൽകി പന്തളം ബ്ലോക്ക് പഞ്ചായത്ത്. പൂര്‍ണമായും വയോജന സൗഹൃദമാകുന്നതിനായി ‘ഒത്തുചേരാം നമുക്ക് മുന്‍പേ നടന്നവര്‍ക്കായി’ വയോജനക്ഷേമ പഠന റിപ്പോർട്ട് തയ്യാറാക്കി.
2023-2024 വാര്‍ഷിക പദ്ധതിപ്രകാരമുള്ള സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബ്ലോക്കിന്റെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളായ പന്തളം തെക്കേക്കര, തുമ്പമണ്‍, ആറന്മുള, മെഴുവേലി, കുളനട എന്നിവിടങ്ങളിലെ വയോജനങ്ങളുമായി സംവദിച്ചാണ് പഠനം നടത്തിയത്. ആരോഗ്യ സംരക്ഷണം, സാമ്പത്തിക-സാമൂഹിക സുരക്ഷ, സഹായഉപകരണങ്ങളുടെ ആവശ്യകത, വിധവകള്‍ ഒറ്റയ്ക്ക് താമസിക്കുന്ന അവസ്ഥ, കിടപ്പു രോഗികള്‍ക്ക് ഫിസിയോ തെറാപ്പി സംവിധാനം, പകല്‍ വീടിന്റെ ആവശ്യകത, വയോജന ക്ലബ്, ഉല്ലാസ കേന്ദ്രങ്ങളുടെ ആവശ്യകത എന്നിവയ്ക്കാകും പദ്ധതിയില്‍ പ്രാധാന്യം നല്‍കുക.പഞ്ചായത്ത് തലത്തിലുള്ള വയോജന ക്ലബ്ബുകള്‍വഴി വയോജനങ്ങളുടെ സാമൂഹികവും വൈകാരികവുമായ അടുപ്പം വര്‍ധിപ്പിക്കാനാണ് വഴിയൊരുങ്ങുന്നത്. പൊതുഇടങ്ങളിലും പരിപാടികളിലും വയോജനങ്ങള്‍ക്ക് പങ്കെടുക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതും പദ്ധതിയുടെ ഭാഗമാണ് .വയോജനങ്ങള്‍ക്കൊപ്പവും സര്‍ക്കാരുണ്ട് എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് പദ്ധതികളിലൂടെ സാധ്യമാകുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ് മോന്‍ പറഞ്ഞു.