പ്രതിപക്ഷ നേതാവ് മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞത്.
മോദി സര്‍ക്കാര്‍ ഫാസിസ്റ്റല്ലെന്ന കണ്ടുപിടുത്തം സംഘ്പരിവാറിന് വിധേയരായി പ്രവര്‍ത്തിക്കാനുള്ള സിപി.എം തീരുമാനത്തിന്റെ ഭാഗം; ഇപ്പോള്‍ പുറത്തുവന്നത് കാലങ്ങളായുള്ള സി.പി.എം- ബി.ജെ.പി രഹസ്യബന്ധം; കരട് രേഖയുണ്ടാക്കാന്‍ നേതൃത്വം നല്‍കിയത് കേരളത്തിലെ പി.ബി അംഗങ്ങള്‍; ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ ഒരു അരാഷ്ട്രീയവുമില്ല; പാവങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ താല്‍പര്യമില്ലാത്ത സര്‍ക്കാര്‍ സ്വന്തക്കാര്‍ക്ക് ലക്ഷങ്ങള്‍ നല്‍കുന്നു; കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വയനാട്ടിലെ പാവങ്ങളെ കഷ്ടപ്പെടുത്തുന്നു; സമരം തിരുവനന്തപുരത്തേക്കും വ്യാപിപ്പിക്കും.
—————————————————————————————————————————————————————-
മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ അല്ലെന്ന സി.പി.എമ്മിന്റെ പുതിയ രേഖ ഒരിക്കലും ഞെട്ടലുണ്ടാക്കുന്നതല്ല. കാരണം കാലങ്ങളായി ബി.ജെ.പിയുമായുള്ള രഹസ്യബന്ധമാണ് ഇപ്പോള്‍ പുറത്തായത്. കഴിഞ്ഞ രണ്ടു സമ്മേളനങ്ങളിലെയും തീരുമാനങ്ങളെ മറികടന്ന് മോദി സര്‍ക്കാര്‍ ക്ലാസിക് ഫാസിസ്റ്റുകളുമല്ല നവഫാസിസ്റ്റുകളുമല്ല, ഇങ്ങനെ പോയാല്‍ അവര്‍ അങ്ങനെ ആകാനുള്ള സാധ്യതയുണ്ടെന്നുമാണ് സി.പി.എം കണ്ടുപിടിച്ചിരിക്കുന്നത്. ഫാസിസവുമായി എല്ലാ കാലത്തും കേരളത്തിലെ സി.പി.എം സന്ധി ചെയ്തിട്ടുണ്ട്. സംഘ്പരിവാറുമായും സന്ധി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടിയാണ് മോദി സര്‍ക്കാര്‍ ഫാസിറ്റ് സര്‍ക്കാരല്ലെന്ന പുതിയ രേഖ അവതരിപ്പിച്ചിരിക്കുന്നത്. മോദിയുമായി കൈകോര്‍ക്കാനും സംഘ്പരിവാറുമായി സന്ധി ചെയ്യാനും അവര്‍ക്ക് കീഴടങ്ങാനുമുള്ള സി.പി.എം തീരുമാനത്തിന്റെ ഭാഗമാണിത്.
കേരളത്തിലെ പോളിറ്റ് ബ്യൂറോ അംഗങ്ങളാണ് ഇത്തരമൊരു രേഖ ഉണ്ടാക്കാന്‍ നേതൃത്വം നല്‍കിയതും അവരാണ് സംഘ്പരിവാര്‍ ബാന്ധവം ആഗ്രഹിക്കുന്നതും. അതിന്റെ പരിണിതഫലമായാണ് മോദി സര്‍ക്കാര്‍ ഫാസിസ്റ്റല്ലെന്ന് തീരുമാനിച്ചത്. ഇടതു മുന്നണിയില്‍ ഉള്‍പ്പെട്ട സി.പി.ഐയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിയും അതിശക്തമായാണ് മോദി സര്‍ക്കാര്‍ ഫാസിസ്റ്റാണെന്നാണ് പറയുന്നത്. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് അല്ലെന്ന, ഇന്ത്യ മുന്നണിയില്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിന്റെ കണ്ടുപിടുത്തം സംഘ്പരിവാറിന് വിധേയരായി പ്രവര്‍ത്തിക്കാനുള്ള തീരുമനത്തിന്റെ ഭാഗവും സംഘ്പരിവാറിന് സി.പി.എം നല്‍കുന്ന സര്‍ട്ടിഫിക്കറ്റുമാണ്. എന്ത് സാഹചര്യത്തിലാണ് ഇങ്ങനെയൊരു കരട് രേഖ തയാറാക്കിയത്. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് ആണോ അല്ലയോ എന്നാണോ സി.പി.എം സമ്മേളനം ചര്‍ച്ച ചെയ്യുന്നത്. സംഘ്പരിവാറുമായി സി.പി.എം പൂര്‍ണമായും സന്ധി ചെയ്തിരിക്കുകയാണ്.
ആശ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്ന ആതേ ആവശ്യങ്ങള്‍ ഉന്നയിച്ച് എളമരം കരീമിന്റെ നേതൃത്വത്തില്‍ സി.ഐ.ടി.യു സമരം ചെയ്തപ്പോള്‍ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ. ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ ഒരു അരാഷ്ട്രീയവുമില്ല. രാഷ്ട്രീയക്കാരായ ഞങ്ങള്‍ കൂടി പിന്തുണയ്ക്കുന്ന സമരമാണ്. അവിടെ സമരം ചെയ്യുന്നവരെല്ലാം ആശ വര്‍ക്കര്‍മാരാണ്. കേരളത്തില്‍ എവിടെ ചെന്നാലും ആശ വര്‍ക്കര്‍മാര്‍ കരഞ്ഞുകൊണ്ടാണ് സങ്കടങ്ങള്‍ പറയുന്നത്. ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം പണി ചെയ്താല്‍ മതിയെന്നു പറഞ്ഞ് 7000 രൂപ ഓണറേറിയത്തിന് തുടങ്ങിയ ആശ വര്‍ക്കര്‍മാരുടെ ജോലി പന്ത്രണ്ടും പതിനാലും മണിക്കൂര്‍ ചെയ്താലും തീരാത്ത അവസ്ഥയാണ്. അമിതമായ ജോലി ഭാരമാണ് അവരുടെ തലയില്‍ കെട്ടിവച്ചിരിക്കുന്നത്. ഓണറേറിയം വര്‍ധിപ്പിക്കില്ലെന്നു മാത്രമല്ല പതിമൂവായിരം രൂപ നല്‍കുന്നുണ്ടെന്ന നുണയും പറഞ്ഞു. മൂന്നു മാസത്തെ ഓണറേറിയും ഇപ്പോഴും കുടിശികയാണ്. എന്നിട്ടാണ് ആരോഗ്യമന്ത്രിയും
ധനകാര്യമന്ത്രിയും അപമാനിച്ചത്. ആശാ വര്‍ക്കര്‍മാരെ അപമാനിച്ച മന്ത്രിമാര്‍ ഇരുന്ന മന്ത്രിസഭാ യോഗത്തിലാണ് പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം ലക്ഷങ്ങളായി വര്‍ധിപ്പിക്കാനും പെന്‍ഷന്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചത്. എന്താണ് സര്‍ക്കാരിന്റെ മുന്‍ഗണന? പാവങ്ങളുടെ സങ്കടം കേള്‍ക്കുന്നതാണോ പി.എസ്.എസി അംഗങ്ങളുടെ ശമ്പളം ഉയര്‍ത്തുന്നതിലാണോ സര്‍ക്കാരിന്റെ മുന്‍ഗണന? മന്ത്രിമാര്‍ക്ക് കിട്ടുന്ന ശമ്പളത്തിന്റെ നാലിരട്ടിയാണ് പി.എസ്.എസി ചെയര്‍മാന്റെ ശമ്പളം. പെന്‍ഷനും ശമ്പളവും ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്താന്‍ പണമില്ലാതെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ധനപ്രതിസന്ധിയിലൂടെ സര്‍ക്കാര്‍ പോകുമ്പോള്‍ സ്വന്തക്കാര്‍ക്ക് ലക്ഷങ്ങള്‍ ശമ്പളം കൂട്ടിക്കൊടുക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചത്. പാവങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല.
വയനാട് ദുരന്തമുണ്ടായി ഏഴ് മാസമായിട്ടും സര്‍ക്കാര്‍ അവിടെ എന്താണ് ചെയ്തത്? പരിക്കേറ്റവര്‍ക്കുള്ള ധനസഹായം പോലും നല്‍കിയില്ല. ഗുരുതരമായി പരിക്കേറ്റവര്‍ സ്വന്തമായി പണമുണ്ടാക്കിയാണ് ചികിത്സിക്കുന്നത്. കോടിക്കണക്കിന് രൂപ കയ്യിലുണ്ടായിട്ടും പുനരധിവാസത്തിനുള്ള സ്ഥലം പോലും നിശ്ചയിച്ചിട്ടില്ല. 30 ലക്ഷം രൂപയ്ക്ക് ആയിരം സ്‌ക്വയര്‍ ഫീറ്റ് വീട് വയ്ക്കുമെന്ന് പറഞ്ഞിട്ട് വീട് പോലുമില്ല. പത്ത് സെന്റ് എന്ന് പറഞ്ഞത് 5 സെന്റായി. എവിടെയാണ് സ്ഥലം എന്ന് ചോദിച്ചാല്‍ അറിയില്ല. ഏഴ് മാസമായിട്ടും സ്ഥലം ഏറ്റെടുത്തിട്ട് പോലുമില്ല. പുനരധിവാസം അനങ്ങാതെ കിടക്കുകയാണ്. ഇതിനെതിരെ സ്വാഭാവികമായും ഇരകളായവര്‍ സമരം ചെയ്യും. സമരം ചെയ്യുന്നവര്‍ക്ക് യു.ഡി.എഫ് പൂര്‍ണപിന്തുണ നല്‍കും. ടി. സിദ്ധിഖ് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സമരം തിരുവനന്തപുരത്തേക്കും വ്യാപിപ്പിക്കും. വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിന് ഒരു ഉപാധികളും ഇല്ലാതെയാണ് പ്രതിപക്ഷം പിന്തുണ നല്‍കിയത്. കോണ്‍ഗ്രസും ലീഗും കര്‍ണാടക സര്‍ക്കാരും യൂത്ത് കോണ്‍ഗ്രസും വാഗ്ദാനം ചെയ്ത വീടുകള്‍ പോലും പണിയാന്‍ സാധിക്കുന്നില്ല. വീടിന് 30 ലക്ഷമാക്കിയതോടെ നിരവധി സ്‌പോണ്‍സര്‍മാര്‍ പിന്‍മാറി. പുനരധിവാസ ചുമതലയുള്ള നാല് മന്ത്രിമാര്‍ ഇതുവരെ യോഗം പോലും ചേര്‍ന്നിട്ടില്ല. ദുരന്തബാധിതരോട് പൂര്‍ണായ അവഗണനയാണ്. പ്രധാനമന്ത്രി വന്നു പോയതോടെ എല്ലാ നിലച്ചു. സംസ്ഥാന സര്‍ക്കാര്‍ കയ്യിലുള്ള പണം ചെലവാക്കാതെ നില്‍ക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അര്‍ഹതപ്പെട്ട പണം നല്‍കുന്നില്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വയനാട്ടിലെ പാവങ്ങളെ കഷ്ടപ്പെടുത്തുകയാണ്. അതിനെതിരെയാണ് സമരം.