ആറളത്ത് ആദിവാസി ദമ്പതികള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടാന്‍ കാരണം വനംവകുപ്പിന്റെ അനാസ്ഥയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി.
കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ആദിവാസി ദമ്പതികള്‍ കാട്ടാന ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്.വന്യജീവി ആക്രമണം രൂക്ഷമായതോടുകൂടി വന വിഭവങ്ങള്‍ ശേഖരിക്കാന്‍ ആദിവാസികള്‍ക്ക് കാട്ടിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ആനകളെ പ്രതിരോധിക്കാനുള്ള ആറളത്തെ ആനമതില്‍ നിര്‍മ്മാണത്തില്‍ ഗുരുതരമായ അലംഭാവമുണ്ടായിട്ടുണ്ട്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 14 ഓളം മനുഷ്യജീവനുകളാണ് ഇവിടെ മാത്രം കാട്ടാന കലിക്ക് ഇരയായി നഷ്ടപ്പെട്ടത്.
അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാരിന്റെയും വനംവകുപ്പിന്റെയും ചട്ടപ്പടി നടപടികളും കുറച്ച് പ്രഹസനങ്ങളും കഴിഞ്ഞാല്‍ എല്ലാം വീണ്ടും പഴയപടിയാണ്. ശാശ്വത പരിഹാരമാണ് മലയോരപ്രദേശത്തെ ജനങ്ങള്‍ ആവശ്യപ്പെടുന്നത്.അതൊരുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ് ഇങ്ങനെ ഒരു വകുപ്പും അതിനൊരു മന്ത്രിയുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ചോദിച്ചു.
സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടത് ആദിവാസികളാണ്. മലയോര പ്രദേശത്ത് അധിവസിക്കുന്ന ആദിവാസികളുടെ ജീവിതമാകെ വഴിമുട്ടി. വന്യജീവി ആക്രമണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ ഒരു ഇടപെടലും നടത്തുന്നില്ല.വനം വകുപ്പ് സമ്പൂര്‍ണ്ണ പരാജയമാണ്.
ആറളത്ത് ആദിവാസി പുനരധിവാസ മേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഒട്ടും സുരക്ഷിതമല്ലാത്ത പ്രദേശങ്ങളിലേക്കാണ് ആദിവാസികളെ പുനരധിവസിപ്പിച്ചരിക്കുന്നത്. അവരുടെ ജീവന് സര്‍ക്കാര്‍ സുരക്ഷ ഒരുക്കണം. മരണഭീതിയിലാണ് അവിടത്തെ പാവങ്ങള്‍ രാപ്പകലുകള്‍ തള്ളിനീക്കുന്നത്. ഇത്തരം അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് ഇവരുടെ കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുകയെന്നും കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.
കാട്ടാന ആക്രമണം ഉണ്ടായ പ്രദേശത്ത് കൂടിയാണ് കുട്ടികള്‍ പഠിക്കാനായി സ്‌കൂളുകളിലേക്ക് പോകുന്നത്. ഇവിടെ കാട്ടാനയുടെ സാന്നിധ്യം ഉണ്ടെന്ന് പ്രദേശവാസികളും നാട്ടുകാരും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. അടിക്കാട് വെട്ടി തെളിയ്ക്കുന്നത് കൊണ്ട് ഇവിടത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നില്ല. വന്യമൃഗങ്ങള്‍ കാടിറങ്ങിവരാതിരിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം.
പട്ടികജാതി,പട്ടിക വര്‍ഗ്ഗ, ആദിവാസി വിഭാഗങ്ങളുടെ ക്ഷേമവും സുരക്ഷയും ഒരുക്കാന്‍ ഉത്തരവാദിത്തപ്പെട്ട വകുപ്പ് മന്ത്രി ഒ ആര്‍ കേളു വെറും നോക്കുകുത്തിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്.വന്യജീവി ആക്രമണത്തിന് ആദിവാസികളുടെ ജീവന്‍ വിട്ടുകൊടുത്ത് അവരുടെ ജീവിതം പന്താടുന്ന സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം കോണ്‍ഗ്രസ് ഉയര്‍ത്തുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.