സംസ്ഥാനത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന പ്രക്രിയയുടെ ഭാഗമായി വിജ്ഞാപനം ചെയ്ത കരട് നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ഉയര്‍ന്നു വന്ന 16896 പരാതികളിന്മേല്‍ മാര്‍ഗ്ഗരേഖ പ്രകാരം ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്മാര്‍ നിഷ്പക്ഷവും, നീതിപൂര്‍വ്വവുമായ നടപടികള്‍ സ്വീകരിക്കാതെ പരാതിക്കാരെ അപഹസിക്കുകയും, അപമാനിക്കുകയുമാണ് ചെയ്തതെന്ന് കോണ്‍ഗ്രസ്സിന്റെ തദ്ദേശ സ്വയംഭരണസ്ഥാപന വിഭാഗമായ രാജീവ്ഗാന്ധി പഞ്ചായത്തിരാജ് സംഘടനാ ചെയര്‍മാന്‍ എം.മുരളി ആക്ഷേപമുന്നയിച്ചു.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത്രയും പരാതികള്‍ ഇതുമായി ബന്ധപ്പെട്ട് ഒരിക്കലുമുണ്ടായിട്ടില്ല. ഈ പരാതികള്‍ അന്വേഷിച്ചും, പരിശോധിച്ചും, തെളിവെടുത്തും റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സര്‍വ്വീസ് സംഘടനകളില്‍പ്പെട്ടവര്‍ മാത്രമായിരുന്നു. കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കളക്ടര്‍മാര്‍ പ്രത്യക്ഷത്തില്‍ തന്നെ പരസ്യമായ രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്ന് മുരളി പറഞ്ഞു.
ഈ വ്യാജ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ സംസ്ഥാനത്ത് കഴിഞ്ഞ 16 ദിവസങ്ങളായി ജില്ലാതലത്തില്‍ സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സിറ്റിംഗുകള്‍ നടത്തി ഈ പരാതിക്കാരെ നേരിട്ട് കേള്‍ക്കുവാനും, പരാതികള്‍ പരിശോധിക്കാനും, മാര്‍ഗ്ഗരേഖ പ്രകാരം തയ്യാറായി എങ്കിലും ജില്ലാതല സിറ്റിംഗുകളും വെറും പ്രഹസനം മാത്രമായി മാറി. 16 ദിവസങ്ങള്‍കൊണ്ട് 17000 പരാതിക്കാരെ നേരിട്ട് കേള്‍ക്കുവാന്‍ കഴിയണമെങ്കില്‍ ഒരു ദിവസം ആയിരം പേരെ എങ്കിലും നേരിട്ടുള്ള സിറ്റിംഗിലും ഹിയറിംഗിലും പങ്കെടുപ്പിക്കണം.
ഒരു മിനിറ്റില്‍ ഒരു പരാതി പരിശോധിച്ചാല്‍ തന്നെ ഒരു ദിവസം ആയിരം പേരെ ഒരു ജില്ലയിലും കമ്മീഷന്‍ നേരിട്ട് കണ്ടിട്ടില്ല. കണ്ടുവെന്നത് ലോകാത്ഭുതങ്ങളില്‍ ഒന്നായി മാറുവാന്‍ പേകുന്ന അവകാശ വാദമാണ്.
മാത്രവുമല്ല 14 ജില്ലകളിലും അഞ്ചംഗ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ അംഗങ്ങള്‍ സിറ്റിംഗു നടത്തുന്നതിനു പകരം കമ്മീഷന്‍ ചെയര്‍മാന്‍ മാത്രമാണ് ഏകാംഗ കമ്മീഷനായി ഭൂരിഭാഗം ജില്ലകളിലും സിറ്റിംഗിന് എത്തിയത്. മറ്റ് രണ്ട് അംഗങ്ങള്‍ ഏതാനും ജില്ലകളില്‍ വഴിപാടിനായി സന്നിഹിതരായിരുന്നു എന്ന തൊഴിച്ചില്‍. ഈ സാഹചര്യത്തില്‍ ഉന്നയിക്കപ്പെട്ട 17000 പരാതികളില്‍ ഒരു പരിഹാരവും ഉണ്ടാകില്ല എന്നത് ഉറപ്പായിരിക്കുകയാണ്.
സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷനില്‍ സര്‍ക്കാര്‍ തിരുകികയറ്റി വച്ചിരിക്കുന്ന സി.പി.എം. യൂണിയനുകളില്‍പ്പെട്ട ഉദ്യാഗസ്ഥരും, ജില്ലാതലങ്ങളില്‍ യാതൊരു യാഥാര്‍ത്ഥ്യ ബോധവുമില്ലാത്ത പല ജില്ലാ കളക്ടര്‍മാരും ഇതേ പരിഗണന വച്ച് കൊണ്ട് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരും ചേര്‍ന്ന് വാര്‍ഡ് വിഭജന പ്രക്രിയയെ തീര്‍ത്തും രാഷ്ട്രീയമായി അട്ടിമറിച്ചിരിക്കുകയാണെന്ന് എം.മുരളി ആരോപിച്ചു.
ഡീലിമിറ്റേഷന്‍ കമ്മീഷന്‍ എന്നത്, സമയമില്ലാത്തവരുടെ ഒരു നോക്കുകുത്തി യന്ത്രമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ തീര്‍ത്തും പരാജയപ്പെട്ടുപോയ ജില്ലാതല പരാതി ഹിയറിംഗുകളുടെ വെളിച്ചത്തില്‍ ഇനിയെങ്കിലും നീതിയും, ന്യായവും നടപ്പിലാക്കിക്കൊണ്ട് വാര്‍ഡ് വിഭജന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ തയ്യാറാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
പരാതികള്‍ നല്‍കിയവരുടെ പരാതികളിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അവരെ അറിയിക്കാനുള്ള നടപടികള്‍ സ്വാഭാവിക നീതിയുടെ ഭാഗമായതിനാല്‍ അതിന് കമ്മീഷന്‍ തയ്യാറാകണമെന്നും, അതല്ലാതെ ഏകപക്ഷീയമായി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ശ്രമിച്ചാല്‍ ഈ ഗുരുതരമായ പ്രശ്നം രാജ്യത്തെ പരമോന്നത നീതിപീഠം വരെ എത്തിക്കുവാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും എം.മുരളി പറഞ്ഞു.