സംഘപരിവാര്‍ അജണ്ടയുടെ വക്താവ് ഷൈജ ആണ്ടവന്റെ സ്ഥാനക്കയറ്റം പിന്‍വലിക്കണം : കെ.സി.വേണുഗോപാല്‍ എംപി

Spread the love

ഗാന്ധി ഘാതകനായ ഗോഡ്‌സെയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട കേസില്‍ പ്രതിയായി ജാമ്യത്തില്‍ കഴിയുന്ന കാലിക്കറ്റ് എന്‍ഐടി പ്രൊഫ. ഷൈജ ആണ്ടവനെ പ്ലാനിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ് ഡീനായി സ്ഥാനക്കയറ്റം നല്‍കിയ നടപടി പിന്‍വലിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.

ഗോഡ്‌സെയെ മഹത്വവത്കരിച്ചതിന്റെ പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ സീനിയോറിറ്റി മറികടന്ന് ഷൈജയ്ക്ക് ഡീനായി സ്ഥാനക്കയറ്റം നല്‍കിയത്. ചരിത്രത്തെ വക്രീകരിച്ച് വര്‍ഗീയതയും വിഘടനവാദവും പ്രോത്സാഹിപ്പിക്കുന്ന സംഘപരിവാര്‍ ആശയങ്ങളുടെ നാവായി പ്രവര്‍ത്തിക്കുകയും രാഷ്ട്രപിതാവിന്റെ ഘാതകനെ അഭിമാനമായി കാണുകയും ചെയ്ത ഷൈജയ്ക്ക് ഒട്ടും ഭൂഷണമല്ല അധ്യപക പദവി. ആ ജോലിയുടെ പവിത്രതയെ കളങ്കപ്പെടുത്തിയ ഷൈജയ്ക്ക് അധ്യാപികയായി തുടരാനുള്ള യോഗ്യത പോലുമില്ല. ആര്‍എസ്എസ് അജണ്ടകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ് ഷൈജയ്ക്ക് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി നല്‍കിയ സ്ഥാനക്കയറ്റം. രാഷ്ട്രശില്‍പ്പികളെ അധിക്ഷേപിച്ച് വര്‍ഗീയ ഉത്പാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇത്തരം ആളുകളെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ സ്ഥാനക്കയറ്റം നല്‍കി ആദരിക്കുകയല്ല ചെയ്യേണ്ടതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

രാഷ്ട്രപിതാവിന്റെ ത്യാഗോജ്വലമായ ജീവിതത്തെ താഴ്ത്തിക്കെട്ടി അദ്ദേഹത്തിന്റെ ഘാതകനെ മഹത്വവത്കരിക്കുന്നത് സംഘപരിവാറിന്റെ സംസ്‌കാരമാണ്. അതേ പാത തിരഞ്ഞെടുത്ത് ഷൈജ അപമാനിച്ചത് നാടിന്റെ ദേശീയതയെയും രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യസമര ചരിത്രത്തെയുമാണ്. ഇങ്ങനെയുള്ള ഒരു വ്യക്തിക്ക് അമിത പരിഗണന മോദി ഭരണകൂടം നല്‍കുന്നത് സംഘപരിവാര്‍ അജണ്ടകള്‍ ഒളിപ്പിച്ച് കടത്താനുള്ള കുത്സിത ശ്രമങ്ങളാണെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *