അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം (03/03/2025).
ലഹരി വ്യാപനം തടയുന്നതില്‍ സര്‍ക്കാരിന് എന്തെങ്കിലും ആക്ഷന്‍ പ്ലാനുണ്ടോ? ബോധവത്ക്കരണമല്ല എന്‍ഫോഴ്‌സ്‌മെന്റാണ് എക്‌സൈസിന്റെ ജോലി: താമരശേരി കേസിലെ പ്രതികള്‍ പരീക്ഷ എഴുതുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കും; ലഹരി മാഫിയയ്ക്ക് സര്‍ക്കാര്‍ രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കരുത്; രമേശ് ചെന്നിത്തല മിസ്റ്റര്‍ മുഖ്യമന്ത്രി എന്നല്ലേ വിളിച്ചത്, അല്ലാതെ എടോ ഗോപാലകൃഷ്ണാ എന്നല്ലല്ലോ.
കേരളം വലിയ ഭീതിയിലും ഉത്കണഠയിലുമാണ്. ഒന്നിനു പുറകെ ഒന്നായി നടക്കുന്ന സംഭവങ്ങള്‍ എല്ലാവരെയും ഉത്കണ്ഠയിലാഴ്ത്തിയിരിക്കുകയാണ്. രക്ഷിതാക്കള്‍ ഭീതിയിലാണ്. മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ സംശയിക്കുകയാണ്. സമൂഹത്തില്‍ അക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്.
കേരളത്തില്‍ ലഹരി മരുന്ന് വ്യാപനം വര്‍ധിക്കുകയാണ്. ഒരുകാലത്തും ഇല്ലാത്ത നിലയില്‍ 15 മിനിട്ടിനകം ആര്‍ക്കു വേണമെങ്കിലും ഏത് തരത്തിലുള്ള ഡ്രഗ്‌സും കിട്ടും. കഞ്ചാവിന്റെ ഉപഭോഗം കുറയുന്നുവെന്നാണ് എക്‌സൈസ് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ കഞ്ചാവിന്റെ ഉപഭോഗം കുറയുമ്പോള്‍ രാസലഹരിയുടെ ഉപയോഗം കൂടിക്കൊണ്ടിരിക്കുകയാണ്. ഇത്തരം മയക്കുമരുന്നുകള്‍ വലിയ അളവില്‍ കേരളത്തിലേക്ക് വരികയാണെന്ന യാഥാര്‍ത്ഥ്യം മനസിലാക്കണം.
ഈ വിഷയം മൂന്നാമത്തെ തവണയാണ് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവരുന്നത്. രണ്ടു തവണ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറായി. ലഹരി ഇല്ലാതാക്കുന്നതിന് സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചാലും ഒപ്പമുണ്ടെന്ന ഉറപ്പാണ് പ്രതിപക്ഷം നല്‍കിയത്. എന്നാല്‍ ഈ വിഷയം വീണ്ടും കൊണ്ടുവരാനുള്ള സാഹചര്യം കേരളത്തിലുണ്ടായി. അങ്ങോട്ടും ഇങ്ങോട്ടും പിന്തുണ പ്രഖ്യാപിച്ചാല്‍ മാത്രം മതിയോ? മൂന്നാമത്തെ തവണയും പ്രതിപക്ഷം പിന്തുണ പ്രഖ്യാപിക്കണോ? സര്‍ക്കാരിന് എന്തെങ്കിലും ആക്ഷന്‍ പ്ലാന്‍ വേണ്ടേ? എന്തെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് പ്ലാനുണ്ടോ? നിങ്ങളുടെ കയ്യില്‍ ഒന്നുമില്ല. പിന്നെ നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും പിന്തുണ പ്രഖ്യാപിച്ച് പിരിഞ്ഞു പോയാല്‍ മതിയോ?
കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ സ്പിരിറ്റ് വന്നിരുന്ന സംസ്ഥാനമായിരുന്നു കേരളം. അന്ന് കേരളത്തിലെ പൊലീസ് സോഴ്‌സില്‍ പോയി പ്രതികളെ പിടികൂടി. അങ്ങനെയാണ് കേരളത്തിലേക്കുള്ള സ്പിരിറ്റ് വരവ് നിലച്ചത്. അതുപോലെ ലഹരിമരുന്നിന്റെ വരവ് ഇല്ലാതാക്കാന്‍ നിങ്ങള്‍ രണ്ട് ഐ.ജിമാര്‍ക്ക് സ്വതന്ത്ര ചുമതല നല്‍കി സ്രോതസ് കണ്ടെത്ത്. അങ്ങനെ 25 കേസുകള്‍ പിടികൂടിയാല്‍ കേരളത്തിലേക്ക് ഡ്രഗ്‌സ് അയയ്‌ക്കേണ്ടെന്ന് ഡ്രഗ്‌സ് ലോബി തന്നെ തീരുമാനിക്കും.
അങ്ങനെയൊരു നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായില്ല. ഇതൊക്കെ പ്രതിപക്ഷത്തിന് ചെയ്യാന്‍ പറ്റുമോ? അതുകൊണ്ടാണ് രമേശ് ചെന്നിത്തല, ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കെതിരെ ചൂണ്ടുവിരല്‍ ഉയര്‍ത്തിയത്. പൊലീസ് അങ്ങയുടെ കീഴിലാണ്. എന്‍ഫോഴ്‌സ്‌മെന്റ്
നടത്തേണ്ട എക്‌സൈസ് പാട്ടു പാടി ബോധവത്ക്കണം നടത്തുകയാണ്. അത് അവരുടെ ജോലിയല്ല. അതിന് മറ്റ് ഏതെങ്കിലും വകുപ്പുകളെ ചുമതലപ്പെടുത്തണം. അല്ലെങ്കില്‍ മറ്റ് എന്തെങ്കിലും സംവിധാനം ഒരുക്കണം. എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്നതിനു വേണ്ടി എക്‌സൈസിനെ ശക്തിപ്പെടുത്തണം. കുറ്റവാളികളെയും മാഫിയകളെയും നേരിടാന്‍ നമ്മുടെ സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കണം.
ലഹരി മരുന്ന് മാഫിയകള്‍ അവരുടെ നെറ്റ് വര്‍ക്കിന്റെ വലുപ്പം കൂട്ടിക്കൊണ്ടിരിക്കുകയാണ്. അവരുടെ വിതരണ സംവിധാനം തകര്‍ക്കുന്നതിനു പകരം മൈക്ക് കെട്ടി ഉപദേശം നല്‍കിയാല്‍ മതിയോ? ഏറ്റവും ശക്തമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് ലഹരിമരുന്ന് മാഫിയയെ നേരിടണം.
16 മുതല്‍ 18 വയസുവരെയുള്ളവര്‍ കുറ്റകൃത്യം ചെയ്താല്‍ മുതിര്‍ന്നവര്‍ ചെയ്യുന്ന കുറ്റകൃത്യം പോലെ കണക്കാക്കണമെന്നും ശിക്ഷ നല്‍കണമെന്നും നിര്‍ഭയ കേസില്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. വിദ്യാഭ്യാസം നല്‍കുന്നതിനൊപ്പം കുട്ടികളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയെന്നു കൂടി നിരീക്ഷിക്കണം. വിദ്യാര്‍ത്ഥി രാഷ്ട്രീയം നന്നായുള്ള സ്ഥലങ്ങളിലും റാഗിങും ഡ്രഗ്‌സ് ഉപയോഗവും നടക്കുന്നുണ്ട്. കോട്ടയത്തെ നഴ്‌സിങ് കോളജില്‍ നേതാക്കള്‍ക്ക് ഡ്രഗ്‌സ് അടിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ഒരു കുട്ടിയുടെ ശരീരം കുത്തിക്കീറി ഫെവികോള്‍ ഒട്ടിച്ചത്. താമരശേരിയില്‍ ഒരു കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പരീക്ഷ എഴുതുകയാണ്. അവര്‍ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ പറഞ്ഞതു പോലെ തന്നെ അവര്‍ക്ക് ഒരു കുഴപ്പവും ഉണ്ടായില്ല. സിദ്ധാര്‍ത്ഥിന്റെ മരണത്തിന് കാരണക്കാരായവര്‍ പരീക്ഷ എഴുതി സന്തോഷമായി നടക്കുകയാണ്. ഇതൊക്കെ കേരളം മുഴുവന്‍ കാണുകയല്ലേ. താമരശേരിയിലെ കുട്ടികളും പരീക്ഷ എഴുതുകയാണ്. ഇതൊക്കെ സമൂഹത്തിന് നല്‍കുന്ന സന്ദേശങ്ങളാണ്. നാടിനെ നടുക്കിയ കുറ്റകൃത്യം ചെയ്തവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കാണുന്നുണ്ട്. ഇതൊന്നും അത്ര വലിയ സംഭവമല്ലെന്ന സന്ദേശമാണ് ഇത് മറ്റു കുട്ടികള്‍ക്ക് നല്‍കുന്നത്. ഇത് ക്രൈം ആണ്. കുറ്റകൃത്യങ്ങളുടെ രീതി തന്നെ മാറിപ്പോയി.
കോളജ് ഹോസ്റ്റലുകളില്‍ ഉള്‍പ്പെടെ നടക്കുന്ന പല അക്രമസംഭവങ്ങളും പുറത്തുവരുന്നില്ല. ഇതൊക്കെ നിരീക്ഷിക്കാന്‍ സംവിധാനം വേണ്ടേ? അധ്യാപകര്‍ക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് പോകുകയാണ്. നമ്മുടെ കുട്ടികളെ കൊലയ്ക്ക് വിട്ടുകൊടുക്കാനാകില്ല. ലഹരി ഉപയോഗിക്കുന്ന കുട്ടികള്‍ മരണത്തിലേക്കാണ് പോകുന്നത്. ഏത് കുട്ടികളായാലും അവര്‍ നമ്മുടെ കുഞ്ഞുങ്ങളല്ലേ? പ്രതിയായ കുഞ്ഞും അക്രമത്തിന് ഇരയായ കുഞ്ഞും ഒരു പോലെയല്ലേ. ഒരാളെ കൊന്നവനും കൊല്ലാന്‍ നിന്നവനുമൊക്കെ ജീവിതം നശിപ്പിക്കുയല്ലേ? ഇതൊക്കെ നേരിടാന്‍ ഗൗരവതരമായ പ്ലാന്‍ ഓഫ് ആക്ഷന്‍ ഉണ്ടാകണം. മുഖ്യമന്ത്രിയാണ് ഇതൊക്കെ ചെയ്യേണ്ടത്. എല്ലാവരെയും ചേര്‍ത്തുകൊണ്ടുള്ള മൂവ്‌മെന്റ് നടത്തുന്നതിനൊപ്പം വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകാണ്. ലഹരി മാഫിയയ്ക്ക് സര്‍ക്കാര്‍ രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കരുത്.
നവകേരള സദസില്‍ തല അടിച്ചുപൊട്ടിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് അത് രക്ഷാപ്രവര്‍ത്തനമാണെന്നാണ്. വധശ്രമം നടത്തിയവര്‍ ചെയ്തത് രക്ഷാപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ അത് നല്‍കുന്ന സന്ദേശം എന്താണ്? അതുകൊണ്ടാണ് ഭരണത്തലവനായ മുഖ്യമന്ത്രിയില്‍ പ്രതിപക്ഷം സമ്മര്‍ദ്ദം ചെലുത്തുന്നത്. കഴിഞ്ഞ നാലു വര്‍ഷവും മുഖ്യമന്ത്രിയെ അപമാനിച്ച് ഒരു വാക്കും ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഞാന്‍ ഇരിക്കുന്ന ഈ സ്ഥാനത്ത് ഇരുന്നു കൊണ്ട് ഞങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നവരെ ഇവിടെ ഇരുന്നുകൊണ്ട് പറഞ്ഞതൊക്കെ മുഖ്യമന്ത്രിക്ക് അറിയാം. അതൊന്നും ഓര്‍മ്മിപ്പിക്കരുത്. രമേശ് ചെന്നിത്തല മിസ്റ്റര്‍ മുഖ്യമന്ത്രി എന്നല്ലേ വിളിച്ചത്. അല്ലാതെ പണ്ട് മുഖ്യമന്ത്രി വിളിച്ചതു പോലെ എടോ ഗോപാലകൃഷ്ണാ എന്നല്ലല്ലോ.
ലഹരി മാഫിയകള്‍ക്കെതിരെ സര്‍ക്കാര്‍ അതിശക്തമായ നടപടികള്‍ സ്വീകരിക്കണം. നടപടി സ്വീകരിക്കുന്നില്ല എന്നതാണ് ഞങ്ങളുടെ പരാതി. സ്വീകരിച്ചാല്‍ അതിന് പൂര്‍ണമായ പിന്തുണ നല്‍കും.