പ്രതിപക്ഷ നേതാവ് നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനം (03/03/2025)
സ്വകാര്യ സര്‍വകലാശാല ബില്‍ അവ്യക്തകളുടെ കൂടാരം; ബില്‍ സെലക്ട് കമ്മിറ്റിക്ക് അയച്ച് വിശദമായ ചര്‍ച്ച നടത്തണം; പൊതു സര്‍വകലാശാലകളെ സര്‍ക്കാര്‍ ഡിപ്പാര്‍ട്‌മെന്റുകളാക്കി മാറ്റുന്ന ഭേദഗതി ബില്ലുകള്‍ പിന്‍വലിക്കണം.
സംസ്ഥാനത്ത് ഇന്ന് ഉന്നത സര്‍വകലാശാലകളുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകള്‍ വരികയാണ്. അതില്‍ ആദ്യത്തേത് സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിനു വേണ്ടിയുള്ള ബില്ലാണ്. തത്വത്തില്‍ പ്രതിപക്ഷം സ്വകാര്യ സര്‍വകലാശാലകള്‍ക്ക് എതിരല്ല. പക്ഷെ ഈ ബില്ലില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം നേരിടുന്ന ഗൗരവതരമായ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന ബില്ലല്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രശ്‌നങ്ങള്‍ കുട്ടികള്‍ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ബ്രെയ്ന്‍ ഡ്രെയിനും സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ കോളജുകളില്‍ വിദ്യാര്‍ത്ഥികള്‍
കുറയുന്നതുമാണ്. പ്രധാനപ്പെട്ട കോളജുകളില്‍ പോലും വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ വിദേശ സര്‍വകലാശാലകള്‍ വന്ന് 40 ശതമാനം സീറ്റുകളില്‍ സംവരംണം നല്‍കിക്കഴിയുമ്പോള്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ കോളജുകളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയും. അതുണ്ടാക്കുന്ന ആഘാതത്തെ കുറിച്ചുള്ള ഒരു പഠനവും നടത്തിയിട്ടില്ല. കേരളത്തിലെ കുട്ടികള്‍ വിദേശത്തേക്ക് പോകുന്നത് പഠിക്കുന്നതിനു വേണ്ടി മാത്രമല്ല. അവര്‍ ജോലിക്ക് വേണ്ടിയാണ് പോകുന്നത്. ഇവിടെ സര്‍വകലാശാലകള്‍ വന്നാല്‍ കുട്ടികള്‍ പുറത്തേക്ക് പോകില്ലെന്ന് പറയുന്നതില്‍ യുക്തിയില്ല. മികച്ച സ്ഥാപനങ്ങള്‍ ഇല്ലാത്തതല്ല ബ്രെയ്ന്‍ ഡ്രെയ്‌നിന് കാരണം.
ആര്‍ക്കും കോളജുകള്‍ ആരംഭിക്കാമെന്ന രീതി ശരിയല്ല. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന വിശ്വാസ്യതയുള്ളവര്‍ക്ക് പരിഗണന നല്‍കണം. കേരളത്തിലെ പൊതു സര്‍വകലാശാലകള്‍ വിദേശത്ത് എവിടെയെങ്കിലും കാമ്പസുകള്‍ തുടങ്ങുന്നതിന് അനുമതിയില്ല. എന്നാല്‍ കേരളത്തില്‍ പുതുതായി വരുന്ന വിദേശ സര്‍വകലാശാലകള്‍ക്ക് കേരളത്തിന് പുറത്ത് കാമ്പസുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഇത് പൊതു സര്‍വകലാശാലകളെ തകര്‍ക്കുന്നതിന് കാരണമാകുമോയെന്ന് പരിശോധിച്ചിട്ടില്ല.
വിദേശ സര്‍വകലാശാലകളുടെ ഫീസ് അവര്‍ തന്നെയാണ് നിശ്ചയിക്കുന്നത്. സര്‍ക്കാരിന് ഒരു നിയന്ത്രണവും ഇല്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. ഒരു അക്കാദമിക് യോഗ്യതയും ഇല്ലാത്ത ആളെ പ്രവേശിപ്പിക്കുന്നതിനും ബിരുദം നല്‍കുന്നതിനും ഒരു തടസവും ഇല്ലെന്നാണ് ബില്ലിന്റെ 12(1) ല്‍ പറയുന്നത്. ഇത്തരത്തില്‍ അവ്യക്തതകളുടെ കൂടാരമായ സ്വകാര്യ സര്‍വകലാശാല ബില്‍ സെലക്ട് കമ്മിറ്റിക്ക് അയയ്ക്കണം. ഗൗരവതരമായ ചര്‍ച്ചയ്ക്കു ശേഷമെ ബില്‍ കൊണ്ടു വരാവൂ.
സ്വകാര്യ സര്‍വകലാശാലകളെ ശക്തിപ്പെടുത്തുമ്പോള്‍ പൊതുസര്‍വകലാശാലകളെ ദുര്‍ബലപ്പെടുത്തി സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റുകളാക്കി മാറ്റുന്നതാണ് രണ്ടും മൂന്നും സര്‍വകലാശാല ഭേദഗതി ബില്ലുകള്‍. താല്‍പര്യമില്ലാത്തവര്‍ വൈസ് ചാന്‍സലര്‍മാരാകുമെന്നു കരുതി വി.സിമാരുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. ഗവര്‍ണറെയും വി.സിമാരെയും മാറ്റി നിര്‍ത്തി മന്ത്രിക്ക് സര്‍വകലാശാലകളില്‍ ഇടപെടാന്‍ അധികാരം നല്‍കിയിരിക്കുകയാണ്. ഇത്തരമൊരു രീതി ലോകത്ത് എവിടെയെങ്കിലും ഉണ്ടോ? പ്രോ. ചാന്‍സിലറായ മന്ത്രിക്ക് അക്കാദമിക് കാര്യങ്ങളില്‍ ഇടപെടാനും ബിരുദദാന ചടങ്ങുകളില്‍ അധ്യക്ഷ സ്ഥാനം വഹിക്കാമെന്നുമാണ് പറയുന്നത്. ബോര്‍ഡ് ഓഫാ സ്റ്റഡീസിനെ നിയമിക്കാനുള്ള അധികാരം രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമിക്കുന്ന സിന്‍ഡിക്കേറ്റിന് നല്‍കിയിരിക്കുകയാണ്.
കേരളത്തിലെ പൊതുസര്‍വകലാശാലകളിലെ വി.സിമാരുടെ അധികാരങ്ങള്‍ പൂര്‍ണമായും വെട്ടിക്കുറയ്ക്കുമ്പോഴാണ് സ്വകാര്യ സര്‍വകലാശാലകളിലെ വി.സിമാരെ കരുത്തന്മാരാക്കി മാറ്റുകയും ചെയ്യുന്ന പിന്തിരിപ്പന്‍ സമീപനമാണ് മൂന്നു ബില്ലുകളിലൂടെയും സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഡിഗ്രി പാസായില്ലെങ്കിലും പി.ജിക്ക് ചേരാവുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ സ്വകാര്യ സര്‍വകലാശാല ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാനും മറ്റു രണ്ട് ബില്ലുകള്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ തയാറാകണം. ഈ നിര്‍ദ്ദേശം കാര്യോപദേശക സമിതിയിലും ഉന്നയിച്ചതാണ്.
ആശ വര്‍ക്കര്‍മാര്‍ക്ക് പിന്തുണ നല്‍കി എല്ലാ ജില്ലകളിലും കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുന്നുണ്ട്. സമരം ചെയ്യുന്നവരെ ശത്രുക്കളെ പോലെ കാണുന്നത് ശരിയല്ല. ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീവച്ച് നാല് പേരെ കൊലപ്പെടുത്തിയ പാര്‍ട്ടിയാണ് സി.പി.എം. അതേ സി.പി.എമ്മാണ് സമരം ചെയ്യുന്നവരെ അപമാനിക്കുന്നത്. രാത്രി മഴ പെയ്യുമ്പോള്‍ നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പോളില്‍ പൊലീസിനെക്കൊണ്ട് അഴിച്ചുമാറ്റുന്ന പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റാണോ? കെ.എസ്.ആര്‍.ടി.സിയില്‍ സമരം ചെയ്യുന്നവര്‍ക്ക് ശമ്പളം എഴുതേണ്ടെന്നാണ് പറയുന്നത്. ആരോഗ്യമന്ത്രിയുടെ വീട്ടിലെത്തിയ സമരക്കാരെ ആക്ഷേപിച്ചു. സ്ത്രീകള്‍ സമരം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ എന്തിനാണ് ഭയപ്പെടുന്നത്. മറ്റു സമരമങ്ങളോടൊന്നും ഇത്രയും ഭീഷണിയില്ലല്ലോ?