ദേശീയപാത വികസനം സംസ്ഥാനത്തിന്റെ പൊതുവായ വികസനത്തിനും പ്രാദേശിക വികസനത്തിനും സഹായകമാകുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ നാഷണല്‍ ഹൈവെ അതോറിട്ടി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേതു പേലെയാണ് കേരളത്തിലും ദേശീയപാത ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇത്രയും ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് ദേശീയപാതയിലേക്കുള്ള പ്രവേശനം പൂര്‍ണമായും നിഷേധിക്കുന്ന ഡീസൈനാണ് നടപ്പാക്കുന്നത്. ഡിസൈനിലെ ചെറിയ ചെറിയ പാളിച്ചകള്‍ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തി പരിഹാരമുണ്ടാക്കിയതാണ്. എന്നാല്‍ ഗൗരവതരമായ അടിപ്പാത പ്രശ്നങ്ങളും നടപ്പാത പ്രശ്നങ്ങളും ഇപ്പോഴും പരിഹരിക്കപ്പെടാതെ നിലനില്‍ക്കുകയാണ്. ഇതേക്കുറിച്ച് ജില്ലാ ഭരണകൂടവും എം.പിമാരും ഉള്‍പ്പെടെ പ്രൊജക്ട് ഡയറക്ടറുമായി നിരന്തരമായി സംസാരിച്ചിട്ടും പരിഹാരമുണ്ടായിട്ടില്ല.
പറവൂര്‍ നിയോജക മണ്ഡലത്തിലെ 18 കിലോമീറ്ററിലധികം ദൂരത്തിലാണ് ദേശീയപാത കടന്നു പോകുന്നത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കൂനമ്മാവ് ജംഗ്ഷനില്‍ അടിപ്പാതയില്ല. പട്ടണം, കുര്യാപ്പിള്ളി ജംഗ്ഷനുകളിലും അടിപ്പാതയില്ല. അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ നിരന്തരമായ സമരത്തിലാണ്. പറവൂര്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് പെരുമ്പടന്ന ജംഗ്ഷനില്‍ നടപ്പാത പോലുമില്ല. ദേശീയപാതയുടെ ഡസൈനില്‍ നിരവധി ഗൗരവതരമായ പ്രശ്നങ്ങളാണുള്ളത്. ഇക്കാര്യത്തില്‍ സര്‍ക്കാരും പൊതുമരാമത്ത് വകുപ്പും ഇടപെട്ട് പരിഹാരം ഉണ്ടാക്കണം.