സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും ഉണ്ടാക്കിയ ധനപ്രതിസന്ധിയുടെ പാപഭാരം ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ചത് ഇന്നു മുതല്‍ പ്രബല്യത്തില്‍ വരും – വി ഡി സതീശന്‍

Spread the love

സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളും കെടുകാര്യസ്ഥതയും സംസ്ഥാനത്തിന് ഉണ്ടാക്കിയ ധനപ്രതിസന്ധിയുടെ പാപഭാരം ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ചത് ഇന്നു മുതല്‍ പ്രബല്യത്തില്‍ വരും.

ഇതുവരെ കണ്ടിട്ടില്ലാത്ത രൂക്ഷമായ ധനപ്രതിസന്ധിയുടെ കയത്തിലേക്കാണ് പിണറായി വിജയന്റെ 9 വര്‍ഷത്തെ ഭരണം കേരളത്തെ തള്ളിയിട്ടത്. രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും സാധാരണക്കാരെ വലയ്ക്കുമ്പോഴാണ് വിവിധ നിരക്ക് വര്‍ധനകള്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത്.

സപ്ലൈകോയില്‍ 13 ഇന അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ പോലും സാധിക്കുന്നില്ല.
വിതരണക്കാര്‍ക്ക് കുടിശിക നല്‍കാത്തതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാസങ്ങളായി മരുന്നില്ല. കാരുണ്യ കാര്‍ഡ് വഴിയുള്ള സൗജന്യ ചികിത്സയും മുടങ്ങി. കമ്മീഷന്‍ മാത്രം ലക്ഷ്യമിട്ട് 26 സര്‍ക്കാര്‍ ആശുപത്രികളിലാണ് ഇവര്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തത്. കര്‍ഷകരും മത്സ്യത്തൊഴിലാളികളും വറുതിയിലാണ്. കൈത്തറി, കയര്‍, കശുവണ്ടി ഉള്‍പ്പെടെയുള്ള പരമ്പരാഗത തൊഴില്‍ മേഖലകള്‍ തകര്‍ത്തതിലൂടെ പാവപ്പെട്ട സ്ത്രീകളുടെ തൊഴിലിടങ്ങളാണ് ഇവര്‍ ഇല്ലാതാക്കിയത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കെ.എസ്.ഇ.ബിയെ ലാഭത്തിലാക്കുകയും വൈദ്യുതി നിരക്ക് യൂണിറ്റിന് 20 പൈസ കുറയ്ക്കുകയും ചെയ്തിരുന്നു. അദാനിയെ സഹായിക്കാനും അതുവഴി കമ്മീഷന്‍ കൈപ്പറ്റാനും ഈ സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കി കെ.എസ്.ഇ.ബിയെയും കടക്കെണിയിലാക്കി. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്.

കോവിഡ് മഹാമാരിയുടെ മറവിലും ഇവര്‍ ഖജനാവ് കൊള്ളയടിച്ചു. അഴിമതി നടത്തിയെന്ന പ്രതിപക്ഷ ആരോപണം സി.എ.ജിയും ശരിവച്ചിരിക്കുകയാണ്. കേരളത്തിലെ ഒരു കമ്പനികളും അറിയാതെ, ജല ദൗര്‍ലഭ്യമുള്ള എലപ്പുള്ളിയില്‍ മധ്യപ്രദേശിലെ ഒയാസിസ് കമ്പനിക്ക് മദ്യനിര്‍മ്മാണ ശാല തുടങ്ങാന്‍ അനുമതി നല്‍കിയതിന് പിന്നിലെ ലക്ഷ്യവും അഴിമതി അല്ലാതെ മറ്റേന്താണ്?
പൊതുഖജനാവിലെ 61 കോടി രൂപ ആരും അറിയാതെ അനില്‍ അംബാനിയുടെ പൊളിഞ്ഞുകൊണ്ടിരിക്കുന്ന കമ്പനിയില്‍ നിക്ഷേപിച്ച് കമ്മീഷന്‍ കൈപ്പറ്റിയതും ഇതേ ആളുകള്‍ തന്നെയാണ്. കരാര്‍ ലംഘനം നടത്തിയ ടീ കോം കമ്പനിക്ക് സര്‍ക്കാര്‍ അങ്ങോട്ട് പണം നല്‍കി സ്മാർട് സിറ്റി പദ്ധതിയില്‍ നിന്നും

ഒഴിവാക്കുന്നതിന് പിന്നിലും റിയല്‍ എസ്റ്റേറ്റ് താല്‍പര്യവും അഴിമതിയും മാത്രമാണ്. നമ്മുടെ ഓരോരുത്തരുടെയും പണമാണ് ഇവര്‍ കൊള്ളയടിക്കുന്നത്.
കേരളത്തെ സാമ്പത്തികമായി തകര്‍ത്തതിനു പിന്നാലെയാണ് ആ ബാധ്യത പാവങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇന്ന് മുതല്‍ ഭൂ നികുതി അമ്പത് ശതമാനമാണ് വര്‍ധിക്കുന്നത്. ഇതിലൂടെ മാത്രം 100 കോടി പിരിച്ചെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചില്ലെന്നു മാത്രമല്ല കുടിശികയാക്കുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ക്ഷേമ-വികസന പദ്ധതികളും വെട്ടിക്കുറച്ചു. വൈദ്യുത നിരക്ക് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വര്‍ധിപ്പിച്ചപ്പോള്‍ ഇന്ന് മുതല്‍ നിലവില്‍ വരുന്ന നിരക്ക് വര്‍ധനയും സര്‍ക്കാര്‍ കൗശലത്തോടെ പ്രഖ്യാപിച്ചു. ആശ പ്രവർത്തകരായ സ്ത്രീകൾ മുടി മുറിച്ച് പ്രതിഷേധിച്ചിട്ടും ഭരണകൂടത്തിന് കുലുക്കമില്ല. ഭരണത്തുടര്‍ച്ച നല്‍കിയ ജനങ്ങളെയാണ് ഇവര്‍ വെല്ലുവിളിക്കുന്നത്.
കേരളത്തെ തകര്‍ത്ത്, ജനത്തെ കൊള്ളയടിക്കുന്ന ഈ അഴിമതിക്കാര്‍ക്ക് ജനം മറുപടി നല്‍കുന്ന കാലം വിദൂരമല്ല.
സർക്കാരല്ലിത് കൊള്ളക്കാർ.

Author

Leave a Reply

Your email address will not be published. Required fields are marked *