മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായിരുന്ന ശൂരനാട് രാജശേഖരന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു.
സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന ശൂരനാട് രാജശേഖരന്‍ കോണ്‍ഗ്രസിന്റെ ഉറച്ച ശബ്ദവും മുഖവുമായിരുന്നു. അന്ത്യശ്വാസം വരെ കോണ്‍ഗ്രസ് ആശയങ്ങളും ആദര്‍ശങ്ങളും മുറുകെ പിടിച്ച അദ്ദേഹം എന്നും ജനപക്ഷത്ത് നിന്ന നേതാവാണ്. വലിയ അനുഭവ സമ്പത്തുള്ള അദ്ദേഹത്തിന്റെ നേതൃപാടവം കോണ്‍ഗ്രസിന് കരുത്തായിരുന്നു. എഴുത്തിന്റെയും വായനയുടെയും വഴിയിലൂടെ സഞ്ചരിച്ച ശൂരനാടിന് കോണ്‍ഗ്രസിന്റെ നിലപാടും ചരിത്രവും ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞിരുന്നു. അക്കാദമിക് തലത്തിലും മികച്ച നേട്ടം കൈവരിച്ച അദ്ദേഹത്തിന്റെ മനസ്സ് എപ്പോഴും ഒരു വിദ്യാര്‍ത്ഥിയുടേതായിരുന്നു. മികച്ച സംഘാടകനും സഹകാരിയും കൂടിയായിരുന്ന ശൂരനാട് രാജശേഖരന്റെ നിര്യാണം വ്യക്തിപരമായി തനിക്കും കോണ്‍ഗ്രസിനും കനത്ത നഷ്ടമാണെന്നും വേണുഗോപാല്‍ പറഞ്ഞു.