മാസപ്പടി കേസില്‍ മുഖ്യമന്ത്രി ഇടതുമുന്നണിയില്‍ ഒറ്റപ്പെട്ടു, ദുര്‍ബലനായെന്നും കെ സുധാകരന്‍

Spread the love

മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസ് ഇടതുമുന്നണിയുടേതല്ലെന്ന് സിപിഐ സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയതോടെ മുന്നണിയില്‍ മുഖ്യമന്ത്രി ഒറ്റപ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ജനങ്ങളില്‍നിന്നും മുന്നണയില്‍നിന്നും ഒറ്റപ്പെട്ട പിണറായി വിജയന്റെ അവസ്ഥ കൂടുതല്‍ ദുര്‍ബലമായി. എത്രയും പെട്ടെന്നു രാജിവച്ചാല്‍ അല്പമെങ്കിലും മാനം സംരക്ഷിക്കാമെന്നും സുധാകരന്‍ പറഞ്ഞു.

സിപിഐ നിലപാടുകളെ ഇത്രയും കാലം പുറംകാല്‍കൊണ്ട് തട്ടിയെറിഞ്ഞ പിണറായി വിജയനെ മാസപ്പടി വിഷയത്തില്‍ മുട്ടുകുത്തിക്കാനുള്ള നിലപാട് സ്വാഗതാര്‍ഹമാണ്. പിണറായിയുടെ മുന്നില്‍ എന്നും മുട്ടുകൂട്ടിയിടിക്കാറുള്ള സിപിഐ ഇത്തവണയെങ്കിലും ധൈര്യത്തോടെ നിലപാട് എടുത്തു. എന്നാല്‍ അതില്‍ എത്രനാള്‍ സിപി ഐയ്ക്ക് ഉറച്ചുനില്‍ക്കാന്‍ കഴിയുമെന്ന് കാത്തിരുന്നുതന്നെ കാണണം.

മുന്‍പ് പലതവണ സിപിഎമ്മിന് മുന്‍പില്‍ കീഴടങ്ങിയ ചരിത്രമാണ് സിപി ഐക്കുള്ളത്. പാലക്കാട് മദ്യനിര്‍മാണ പ്ലാന്റിന് അനുമതി നല്കിയതിനെതിരേ സിപിഐ നിലപാട് എടുത്തെങ്കിലും സിപിഎം അതു തള്ളിക്കളഞ്ഞു. പുതുതായി നിര്‍മിച്ച സിപിഐയുടെ സംസ്ഥാന ഓഫീസായ എംഎന്‍ സ്മാരകത്തില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് പാര്‍ട്ടിയെ നിഷ്‌കരുണം പിണറായി വിജയന്‍ വെട്ടിയത്. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതില്‍ സിപിഐ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും മുഖ്യമന്ത്രി അതുമായി മുന്നോട്ടു പോകുന്നു. പിണറായി സര്‍ക്കാരെന്ന് ഇടതുസര്‍ക്കാരിനെ ബ്രാന്‍ഡ് ചെയ്യുന്നതിനെതിരേ സിപിഐ ശബ്ദമുയര്‍ത്തിയെങ്കിലും സിപിഎം അതും തട്ടിക്കളഞ്ഞു. തൃശൂര്‍ പൂരം കലക്കിയതില്‍ ഗൂഢാലോചനയും ബാഹ്യ ഇടപെടലും ഉണ്ടായെന്ന സിപിഐ നിലപാടിന് പുല്ലുവിലയാണ് നല്കിയത്.

മാസപ്പടി കേസും ആവിയാകുമെന്ന സിപിഎം സെക്രട്ടറിയുടെ നിലപാടിനോട് സിപിഐ യോജിക്കുന്നുണ്ടോ? സ്വര്‍ണക്കടത്ത് കേസും ഡോളര്‍ കടത്തുകേസും ലൈഫ് മിഷന്‍ കേസും കരുവന്നൂര്‍ കേസും ഒതുക്കിയ സിപിഎം മാസപ്പടി കേസും ആവിയാക്കാന്‍ ബിജെപിയുടെ കൈയും കാലും പിടിച്ചുകൊണ്ടിരിക്കുകയാണ്. സിപിഎം- ബിജെപി അന്തര്‍ധാരയെ സിപിഐ അനുകൂലിക്കുന്നുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *