സിപിഎം കണ്ണുതുറക്കണം , കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചത് ഫാസിസം: കെ സുധാകരന്‍ എംപി

Spread the love

ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ ദശാബ്ദങ്ങളായി നടന്നുവരുന്ന കുരുശിന്റെ വഴിക്ക് അനുമതി നിഷേധിച്ച മോദി സര്‍ക്കാരിന്റെ നടപടി ഫാസിസമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപി എന്ന പാര്‍ട്ടിയും മോദി സര്‍ക്കാരും ഫാസിസ്റ്റ് ആണോയെന്നു ശങ്കിക്കുന്ന സിപിഎമ്മിന്റെ കണ്ണുതുറക്കാന്‍ ഈ സംഭവം മതി.

ഡല്‍ഹി സെന്റ് മേരീസ് പള്ളിയില്‍നിന്ന് സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലിലേക്ക് എല്ലാവര്‍ഷവും നടത്തുന്ന കുരിശിന്റെ വഴിക്ക് ഞായറാഴ്ച ദിവസത്തെ ഗതാഗത തടസവും ക്രമസമാധാന ഭീഷണിയും ചൂണ്ടിക്കാട്ടിയാണ് ഇത്തവണ അനുമതി നിഷേധിച്ചത്. കുരിശിന്റെ വഴി ഇതുവരെ റോഡിലോ ഗതാഗതത്തിനോ ഒരു തരത്തിലുള്ള തടസവും സൃഷ്ടിച്ചിട്ടില്ല. ഞായറാഴ്ച ആയതിനാല്‍ ഗതാഗത തിരക്ക് പൊതുവെ കുറവാണു താനും. ഞായറാഴ്ചകളിലും ഇടദിവസങ്ങളിലും ഡല്‍ഹിയില്‍ രാഷ്ട്രീയസംഘടനകളുടെയും മറ്റു മതസംഘടനകളുടെയും ജാഥയും പ്രകടനവുമൊക്കെ നടത്തുമ്പോള്‍ വര്‍ഷങ്ങളായി നടത്തുന്ന കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചത് ഭരണഘടന ഉറപ്പുനല്കുന്ന മതസ്വാതന്ത്ര്യത്തിന്മേലുള്ള നഗ്‌നമായ കടന്നുകയറ്റമാണ്.
ക്രിസ്ത്യാനികള്‍ക്കെതിരേ രാജ്യത്തു നടക്കുന്ന അക്രമങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണിത്. ഒഡീഷ്യയില്‍ പള്ളിയില്‍ കയറി മലയാളി വൈദികന്‍ ഫാ ജോഷി ജോര്‍ജിനെ മര്‍ദിച്ചതും ഛത്തീസ്ഗഡിലെ ഹോളിക്രോസ് നഴ്സിംഗ് കോളജ് അടച്ചുപൂട്ടണമെന്ന് സംഘപരിവാര്‍ ആവശ്യപ്പെട്ടതും കന്യാസ്ത്രീക്കെതിരേ കേസെടുത്തതും സമീപകാലത്താണ്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ മലയാളി വൈദികര്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടകര്‍ക്കെതിരേ വിഎച്ച്പിയാണ് ആക്രമണം അഴിച്ചുവിട്ടത്.

2024ല്‍ രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരേ 834 ആക്രമണങ്ങള്‍ ഉണ്ടായെന്ന് 79 ക്രൈസ്തവസംഘടനകളുടെ ആഭിമുഖ്യത്തിലുള്ള യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ചൂണ്ടിക്കാട്ടി. 2023ല്‍ അത് 734 ആയിരുന്നു. 2022ല്‍ ക്രൈസ്തവര്‍ക്കെതിരേ 21 സംസ്ഥാനങ്ങളില്‍ 597 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടൊപ്പമാണ് കത്തോലിക്കാ സഭയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ബിജെപി നീക്കം തുടങ്ങിയത്. ക്രിസ്ത്യാനികള്‍ക്കെതിരേ നടക്കുന്ന വ്യാപകമായ ആക്രമണങ്ങള്‍ ഫാസിസമല്ലെങ്കില്‍ മറ്റെന്താണ്? ബി ജെ പിയിലേക്കു ചായാന്‍ ശ്രമിക്കുന്ന എല്ലാ വിഭാഗങ്ങളും ജാഗ്രത പുലര്‍ത്തണ മെന്ന് സുധാകരന്‍ അഭ്യത്ഥിച്ചു.

 

Author

Leave a Reply

Your email address will not be published. Required fields are marked *