10 എന്‍.ക്യു.എ.എസ്., 2 ലക്ഷ്യ, 1 മുസ്‌കാന്‍ അംഗീകാരങ്ങള്‍
ആകെ 227 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.
തിരുവനന്തപുരം: സംസ്ഥാനത്തെ 10 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രി (96.74%), മലപ്പുറം നിലമ്പൂര്‍ ജില്ലാ ആശുപത്രി (92%), കുടുംബാരോഗ്യ കേന്ദ്രങ്ങളായ പാലക്കാട് മരുതറോഡ് (96.38%), ആലപ്പുഴ താമരകുളം (95.08%), ഭരണിക്കാവ് (91.12%), വയനാട് വാഴവറ്റ (95.85%), കൊല്ലം പുനലൂര്‍ നഗര കുടുംബാരോഗ്യ കേന്ദ്രം (95.33%), ജനകീയ ആരോഗ്യ
കേന്ദ്രങ്ങളായ കൊല്ലം മടത്തറ (87.52%), മലപ്പുറം അത്താണിക്കല്‍ (94%), വയനാട് മാടക്കുന്ന് (97.24%) എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) ലഭിച്ചത്. പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രി എന്‍.ക്യു.എ.എസ്., ലക്ഷ്യ, മുസ്‌കാന്‍ എന്നീ അംഗീകാരങ്ങള്‍ ഒരുമിച്ച് ലഭിക്കുന്ന ആദ്യ ആശുപത്രിയായി. നിലമ്പൂര്‍ ജില്ലാ ആശുപത്രിയ്ക്ക് എന്‍.ക്യു.എ.എസ്., ലക്ഷ്യ എന്നീ അംഗീകാരങ്ങളാണ് ലഭിച്ചത്. ജില്ലാതല ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നത് ഈ സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക ലക്ഷ്യമായി ഏറ്റെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബഹുമതിയാണ് ഈ അംഗീകാരങ്ങള്‍. മുഴുവന്‍ ടീം അംഗങ്ങളേയും മന്ത്രി അഭിനന്ദിച്ചു.
ഇതോടെ സംസ്ഥാനത്തെ ആകെ 227 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരവും, 5 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് മുസ്‌കാന്‍ അംഗീകാരവും 14 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ലക്ഷ്യ അംഗീകാരം ലഭിച്ചു. സംസ്ഥാനത്തെ 7 ജില്ലാ ആശുപത്രികള്‍, 5 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 44 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 152 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 8 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്.
മാതൃശിശു മരണ നിരക്ക് കുറയ്ക്കുക അതോടൊപ്പം തന്നെ ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും നവജാതശിശുക്കള്‍ക്കും മികച്ച പരിചരണം നല്‍കിവരുന്നു എന്നു ഉറപ്പു വരുത്തുക, ലോകോത്തര നിലവാരത്തിലുള്ള പ്രസവ ചികിത്സ ലഭ്യമാക്കുക, അണുബാധ കുറയ്ക്കുക, പ്രസവ സമയത്ത് മെച്ചപ്പെട്ട സംരക്ഷണം, ഇതുകൂടാതെ പ്രസവാനന്തര ശുശ്രൂക്ഷ, ഗുണഭോക്താക്കളുടെ സംതൃപതി, ലേബര്‍ റൂമുകളുടെയും ഗര്‍ഭിണികള്‍ക്കുള്ള ഓപ്പറേഷന്‍ തീയേറ്ററുകളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
എന്‍.ക്യു.എ.എസ്., മുസ്‌കാന്‍, ലക്ഷ്യ അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.