ക്രിമിനലുകളെ നിയന്ത്രിക്കാന്‍ സി.പി.എം തയാറാകണം – പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Spread the love

പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് (14/05/2025).

മലപ്പട്ടത്ത് സി.പി.എം ഗുണ്ടായിസം; കെ. സുധാകരനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും ആക്രമിക്കാന്‍ ശ്രമിച്ചു; സി.പി.എം ക്രിമിനലുകള്‍ക്ക് സംരക്ഷണമൊരുക്കിയ പൊലീസ് റെഡ് വോളന്റിയേഴ്‌സായി അധഃപതിക്കരുത്; ക്രിമിനലുകളെ നിയന്ത്രിക്കാന്‍ സി.പി.എം തയാറാകണം.

കണ്ണൂര്‍ : ഗുണ്ടകളും കൊലയാളികളും ഉള്‍പ്പെടെയുള്ള ക്രിമിനലുകളുടെ സംഘമായി കേരളത്തിലെ സി.പി.എം പൂര്‍ണമായും മാറിയെന്നു വ്യക്തമാക്കുന്ന സംഭവമാണ് ഇന്ന് മലപ്പട്ടത്തുണ്ടായത്. കെ.സുധാകരന്‍ എം.പി പ്രസംഗിക്കുന്നതിനിടെ വേദിക്ക് നേരെ കല്ലെറിയാനും പദയാത്രയ്ക്ക് നേതൃത്വം നല്‍കിയ രാഹുല്‍

മാങ്കൂട്ടത്തില്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റം ചെയ്യാനും സി.പി.എം ക്രിമിനലുകള്‍ ശ്രമിച്ചു. സമാധാനപരമായി പദയാത്ര സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് സി.പി.എം ക്രിമിനലുകള്‍ക്ക് സംരക്ഷണമൊരുക്കിയ നാണംകെട്ട കാഴ്ചയാണ് കേരളം കണ്ടത്.

ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലയിലാണ് സി.പി.എം ക്രിമിനലുകള്‍ പൊലീസ് നോക്കി നില്‍ക്കെ അഴിഞ്ഞാടിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലത്തിലാണ് സി.പി.എം ക്രിമിനലുകള്‍ പ്രാകൃതമായ രീതിയില്‍ ആക്രമണം നടത്തിയത്. ക്രിമിനലുകള്‍ക്ക് സംരക്ഷണം ഒരുക്കുന്നവര്‍ സി.പി.എം റെഡ് വോളന്റിയേഴ്‌സിന്റെ നിലവാരത്തിലേക്ക് തരംതാഴരുതെന്നാണ് പൊലീസിനോട് പറയാനുള്ളത്.

യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി സനീഷ് അടുവാപ്പുറത്തിന്റെ വീട്ടുപറമ്പില്‍ സ്ഥാപിച്ച ഗാന്ധി സ്തൂപവം തകര്‍ക്കുകയും വീട് ആക്രമിക്കുകയും ചെയ്ത അതേ ക്രിമിനലുകളാണ് തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നത്.

ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണ്. പൊലീസ് തലപ്പത്ത് ഇരിക്കുന്ന പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സ്വന്തം പാര്‍ട്ടിയില്‍പ്പെട്ട ക്രിമിനലുകളെ നിയന്ത്രിക്കാന്‍ തയാറാകണം. എന്തൊക്കെ ഭീഷണി മുഴക്കിയാലും കോണ്‍ഗ്രസ് മുന്നോട്ട് പോകുക തന്നെ ചെയ്യും. നിങ്ങള്‍ അവകാശപ്പെടുന്ന പാര്‍ട്ടി ഗ്രാമങ്ങളിലൊക്കെ കോണ്‍ഗ്രസ് കടന്നു വരും. പാര്‍ട്ടി ക്രിമിനലുകളെയും കൊട്ടേഷന്‍ സംഘങ്ങളെയും ഇറക്കി തടുക്കാമെന്ന് ഒരു സി.പി.എം നേതാവും കരുതേണ്ട.

Author

Leave a Reply

Your email address will not be published. Required fields are marked *