അരനൂറ്റാണ്ടു മുമ്പ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു സ്ഥാപിച്ച നെഹ്രു യുവകേന്ദ്രത്തിന്റെ പേരു മാറ്റുന്നവരും പാലക്കാട് നൈപുണ്യവികസന കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകന്‍ ഹെഗ്‌ഡെ വാറിന്റെ പേരുനല്കുന്നവരുമെല്ലാം ആത്യന്തികമായി ലക്ഷ്യമിടുന്നത് മതരാഷ്ട്രത്തിന്റെ സ്ഥാപനമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
രാഷ്ട്രശില്പി നെഹ്രുവിനെ മായിക്കാനുള്ള ഓരോ നടപടിയും രാജ്യത്തെ ഫാസിസത്തിലേക്ക് ഒരുപടി കൂടി അടുപ്പിക്കുകയാണ്. നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലൂടെ നെഹ്രുവിനെ അപനിര്‍മിക്കാനും അദ്ദേഹം രാജ്യത്തിനു സംഭാവന ചെയ്ത ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയ ആദര്‍ശങ്ങള്‍ ഇല്ലാതാക്കാനുമാണ് ശ്രമം. കേരളത്തില്‍പോലും ഹെഗ്‌ഡെ വാറിനെയും ഗോള്‍വര്‍ക്കറേയും പ്രചരിപ്പിക്കുന്നു. ആത്യന്തിക ലക്ഷ്യം മതരാഷ്ട്രമാണെന്ന യാഥാര്‍ത്ഥ്യം മറക്കരുതെന്ന് സണ്ണി ജോസഫ് പറഞ്ഞു.
എല്ലാ മതസ്ഥരും സ്നേഹത്തോടെയും സഹവര്‍ത്തിത്തോടെയും കഴിയുന്ന രാജ്യത്തെ സൃഷ്ടിക്കുക എന്ന ഗാന്ധിയന്‍ സ്വപ്നം യഥാര്‍ത്ഥ്യമാക്കിയ ഭരണാധികാരിയാണ് നെഹ്റു. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിച്ച ആസൂത്രണ കമ്മീഷനും വികസന മുന്നേറ്റത്തിനായി നടപ്പാക്കിയ പഞ്ചവത്സര പദ്ധതിയും അധികാര വികേന്ദ്രീകരണം സാധ്യമാക്കിയ പഞ്ചായത്തീരാജും സുശക്തമായ വിദേശനയവും ശാസ്ത്രസാങ്കേതിക രംഗത്ത് വിപ്ലവകരമായ കുതിപ്പും സാധ്യമാക്കിയ നെഹ്റുവിനെ അവര്‍ ലക്ഷ്യമിടുന്നു. രാജ്യത്തിനായി ഒന്‍പത് വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ച നെഹ്റുവിന്റെ നാമം ഇന്ത്യാചരിത്രം ഉള്ളിടത്തോളം കാലം തിളങ്ങി നില്‍ക്കും. ചരിത്രം എത്രയൊക്കെ തിരുത്തിയാലും പേരു മാറ്റിയാലും രാഷ്ട്രശില്പിയെ അങ്ങനെയൊന്നും മായിക്കാനാകില്ലെന്നു സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.