സി.പി.എമ്മിലെ ജീര്‍ണത ഉത്തമരായ കമ്മ്യൂണിസ്റ്റുകള്‍ ഇനിയും തുറന്നു കാട്ടും : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Spread the love

തിരുവനന്തപുരം : സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന ജീര്‍ണതയുടെ ഭാഗമായുള്ള തുറന്നു പറച്ചിലാണ് മുതിര്‍ന്ന സി.പി.എം നേതാവ് ജി സുധാകരന്‍ ഇന്ന് നടത്തിയത്. വൈകിയ വേളയിലെങ്കിലും സി.പി.എം നടത്തിയ ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ തുറന്നു കാട്ടാന്‍ ധൈര്യം കാട്ടിയജി. സുധാകരനെ അഭിനന്ദിക്കുന്നു. ജി. സുധാകരന്റെ വെളിപ്പെടുത്തലില്‍ സ്വമേധയാ കേസെടുത്ത തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടും സ്വാഗതാര്‍ഹമാണ്.

രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും മാത്രമല്ല, ജനാധിപത്യത്തെയും സി.പി.എം അട്ടിമറിച്ചിട്ടുണ്ടെന്നതാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. കണ്ണൂരില്‍ ഉള്‍പ്പെടെ മുന്‍ തിരഞ്ഞെടുപ്പുകളില്‍ സി.പി.എം വ്യാപകമായി ബൂത്തുകള്‍ പിടിച്ചെടുക്കുകയും കള്ളവോട്ടുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ അതത് കാലങ്ങളില്‍ കോണ്‍ഗ്രസും യു.ഡി.എഫും ചൂണ്ടിക്കാട്ടിയതുമാണ്. അതു തന്നെയാണ് കാലങ്ങള്‍ക്ക് ശേഷം ജി. സുധാകരനും തുറന്നു സമ്മതിച്ചിരിക്കുന്നത്.

സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന ജീര്‍ണതയുടെ ഭാഗമായുണ്ടായ തുറന്നു പറച്ചിലാണ് ജി സുധാകരന്‍ നടത്തിയിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറിക്കും മുകളിലേക്ക് പിണറായി വിജയന്‍ വളരുകയും അധികാരത്തെ അഴിമതിക്ക് വേണ്ടി മാത്രം വിനിയോഗിക്കുകയും ചെയ്യുന്ന സി.പി.എമ്മിന്റെ ജീര്‍ണത ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ജി. സുധാകരനെ പോലെ ആത്മാഭിമാനമുള്ള ഉത്തമ കമ്മ്യൂണിസ്റ്റുകള്‍ ഇത്തരം ചെയ്തികള്‍ തുറന്നു പറയും.

Author

Leave a Reply

Your email address will not be published. Required fields are marked *