മേളയിൽ ഹിറ്റായി ഹ്യൂമനോയിഡ് റോബോട്ട് അധ്യാപിക.
രാജ്യത്തെ ആദ്യത്തെ എ ഐ ടീച്ചിംഗ് ഹ്യൂമനോയിഡ് റോബോട്ടായ ഐറിസിനെ കാണണമെങ്കിൽ കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം മേളയിലേക്ക് വരണം. സ്റ്റാർട്ടപ്പ് മിഷൻ സംരംഭക സ്റ്റാളിലാണ്, കുട്ടികളുടെ ചോദ്യങ്ങൾക്ക് ചടുലമായി മറുപടി പറയുന്ന ഐറിസ് ടീച്ചറുള്ളത്. ഇൻ്റലിജൻ്റ് റോബോട്ടിക് ഇൻ്ററാക്ഷൻ സിസ്റ്റം എന്നാണ് ഐറിസ് എന്നതിന്റെ പൂർണരൂപം.
സ്കൂൾ സാഹചര്യങ്ങൾക്ക് ഉതകുന്ന രീതിയിൽ ചോദിക്കുന്ന എന്തിനുമുള്ള ഉത്തരം ഐറിസിന്റെ കയ്യിൽ തയ്യാറാണ്. ഓരോ വിദ്യാഭ്യാസ മേഖലയ്ക്കും അനുസരിച്ചുള്ള ടീച്ചിംഗ് മൊഡ്യൂൾസ് ഈ ബോട്ടിലേക്ക് ഫീഡ് ചെയ്യാൻ സാധിക്കും. ഫീഡ് ചെയ്തു കൊടുക്കുന്ന കാര്യങ്ങളല്ലാതെ അതുമായി ബന്ധപ്പെട്ട് അധികമായി വരുന്ന ചോദ്യങ്ങളെ ഇൻ്റർനെറ്റിൽ നിന്ന് സ്വയം തിരഞ്ഞ് കൃത്യമായ ഉത്തരം പറഞ്ഞ് കൊടുക്കാനും ഐറിസ് ടീച്ചർ പ്രാപ്തയാണ്.
കുട്ടികൾക്ക് ഉപകാരപ്രദമല്ലാത്ത ചോദ്യങ്ങൾക്ക് ഈ ഹ്യൂമനോയിഡ് ഉത്തരം നൽകില്ല. നഴ്സറി മുതൽ സീനിയർ സെക്കൻഡറി തലം വരെയുള്ള കുട്ടികൾക്ക് ഈ ബോട്ട് സേവനം നൽകുന്നു. നിലവിൽ ഇന്ത്യ ഒട്ടാകെ 80 ഐറിസ് ബോട്ടുകൾ വ്യത്യസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്.