തിരുവനന്തപുരം : നുണകൾ കൊണ്ട് ഊതി വീർപ്പിച്ച ഒന്നിനെ പ്രോഗ്രസ് കാർഡ് എന്ന് വിളിക്കാൻ ആവില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിയേയും കെടുകാര്യസ്ഥതയേയും പച്ച നുണകൾ കൊണ്ട് വെള്ളപൂശുന്ന ഒന്നാണ് പ്രോഗ്രസ് റിപ്പോർട്ട് എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്നത്.
സംസ്ഥാന സർക്കാർ നാലാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തുവിട്ട പ്രോഗ്രസ് റിപ്പോർട്ട് നാലുവർഷത്തെ ഭരണ പരാജയങ്ങളുടെ റിപ്പോർട്ടാണ്.
ഭരണം സമസ്ത മേഖലകളിലും സ്തംഭിച്ചിരിക്കുന്നു. കേരളം ഏറ്റവും വലിയ കടക്കണിയിലാണ്.
കേരളത്തിൻറെ ക്ഷേമ പെൻഷനുകൾ കൊടുക്കാൻ സർക്കാരിന് കഴിയുന്നില്ല. കേരളത്തിലെ പേരുകേട്ട ആരോഗ്യ വ്യവസ്ഥിതി പാടേ തകർന്നിരിക്കുന്നു. മിക്ക ആശുപത്രികളിലും അവശ്യമരുന്നുകൾ പോലുമില്ല.
കോർപ്പറേറ്റുകൾക്ക് കോടികളുടെ ലാഭം ഉണ്ടാക്കി കൊടുത്ത കെ ഫോൺ എന്ന പദ്ധതിയാണ് സർക്കാർ വലിയ ഭരണ നേട്ടമായി ഉയർത്തി കാട്ടുന്നത്. കോടിക്കണക്കിന് രൂപയുടെ കേബിളുകൾ കുഴിച്ചിട്ടതല്ലാതെ ഇതുകൊണ്ട് ആർക്കും കാര്യമായ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല.
കേരളത്തിൻറെ വൈദ്യുത മേഖല പാടെ തകർന്നിരിക്കുന്നു. ദീർഘകാല കരാറുകൾ റദ്ദാക്കിയിട്ട വർഷങ്ങളായി. വൻകിടക്കാരിൽ നിന്ന് ഇരട്ടിവിലയ്ക്കും മൂന്നരട്ടി വിലയ്ക്കും വൈദ്യുതി വാങ്ങി അതിൻറെ അധികഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്.
ഇതുപോലെ സമ്പൂർണ്ണമായി പരാജയപ്പെട്ട സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുക എന്ന് പറയുന്നതു തന്നെ അപഹാസ്യമാണ്.
ദേശീയപാതയ്ക്ക് മുന്നിൽ നിന്ന് പടമെടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ഇവർ ദേശീയപാത തകർന്നതോടെ ഓടി രക്ഷപ്പെട്ടിരിക്കുന്നു. ഇനി ഒന്നും ഉയർത്തിക്കാട്ടാൻ ഇല്ലാത്ത അവസ്ഥയാണ്.
മലയോര മേഖല കടുത്ത പട്ടിണിയിലേക്ക് നീങ്ങുന്നു. വന്യമൃഗങ്ങളുടെ ശല്യം കാരണം പുറത്തിറങ്ങാനോ കൃഷി നടത്താനോ കഴിയാത്ത അവസ്ഥയാണ്.
അഴിമതി എല്ലാ സീമകളെയും ലംഘിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തെ അഴിമതിക്കാരുടെ ഏറ്റവും വലിയ അഭയകേന്ദ്രമായി മാറിയിരിക്കുന്നു.
നുണകൾ കൊണ്ട് ഊതി പെരുപ്പിച്ച ഒരു ബലൂൺ ആണ് ഈ സർക്കാർ.
രാജ്യത്ത് തന്നെ ഏറ്റവും വലിയ നാണയപ്പരുപ്പവും വിലകയറ്റവും ഇപ്പോൾ കേരളത്തിലാണ്.
കെട്ടിപ്പൊക്കിയ ഒരു നുണകൾ കൊണ്ടും ‘യാഥാർത്ഥ്യങ്ങളെ മറയ്ക്കാൻ ആവില്ല – ചെന്നിത്തല പറഞ്ഞു.