ആറാട്ടുപുഴയില്‍ തീരത്തടിഞ്ഞ കണ്ടെയ്‌നറില്‍ കോട്ടണ്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ല : മന്ത്രി പി പ്രസാദ്

Spread the love

മന്ത്രിയും ജില്ലാ കളക്ടറും തീരം സന്ദര്‍ശിച്ചു.

കണ്ടെയ്‌നറുകളുമായി കൊച്ചിയിലേക്ക് പോയ ലൈബീരിയന്‍ ചരക്ക് കപ്പല്‍ എംഎസ്‌സി എല്‍സ 3 മുങ്ങിയ സംഭത്തെത്തുടര്‍ന്ന് ആലപ്പുഴയിലെ ആറാട്ടുപുഴ തറയില്‍ക്കടവ് തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകളില്‍ കോട്ടണാണെന്നും അപകടകരമായതൊന്നുമില്ലെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. കണ്ടെയനര്‍ തീരത്തടിഞ്ഞ തറയില്‍ക്കടവ് പ്രദേശം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
തീരത്ത് അടിഞ്ഞ രണ്ടു കണ്ടെയ്‌നറിലുണ്ടായിരുന്നത് കോട്ടണാണെന്ന് കസ്റ്റംസ് പരിശോധനയില്‍ ബോധ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. കണ്ടെയ്‌നറുകളും അതിലുള്ള വസ്തുക്കളും നീക്കുന്നതിനാവശ്യമായ യന്ത്രോപകരണങ്ങളും വാഹനങ്ങളും എത്തിച്ചുകൊണ്ടിരിക്കുകയാണ്. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. കണ്ടെയനറുകളും അതിലുള്ള വസ്തുക്കളും വളരെ വേഗത്തില്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കൊല്ലം യാഡിലേക്കാണ് ഇത് നീക്കുക.
മറ്റു ചില കണ്ടെയിനറുകളില്‍ അടങ്ങിയ വസ്തുക്കള്‍ സംബന്ധിച്ചാണ് തൊടരുത് എന്ന മട്ടില്‍ നിര്‍ദേശം നല്‍കിയിരുന്നതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടാകരുത് എന്നതുകൊണ്ടാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയത്. നിലവില്‍ തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകളില്‍ അപകടകരമായതൊന്നുമില്ല. എങ്കിലും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. കടലില്‍ ഒഴുകി നടക്കുന്ന മറ്റു കണ്ടെയ്‌നറുകള്‍ തീരത്തടുക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്.
കടലില്‍ എണ്ണ കലര്‍ന്നിട്ടുണ്ട് എന്ന ആശങ്കയെത്തുടര്‍ന്ന് ഇന്നലെ തന്നെ അടിയന്തര യോഗം ചേര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ ജില്ലയിലെ തീരദേശ പഞ്ചായത്തുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റവന്യു, ഫിഷറീസ്, എല്‍എസ് ജി ഡി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സംയുക്തമേല്‍നോട്ടം വഹിക്കും. തീരവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ മൈക്ക് അനൗണ്‍സ്‌മെന്റ് അടക്കം നടത്തുന്നുണ്ട്.
പൊഴികളിലൂടെ എണ്ണപ്പാട മറ്റ് ജലാശയങ്ങളിലേക്ക് പടരാതിരിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പിളുകള്‍ എടുത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തുന്നുണ്ട്. പരിസ്ഥിതി പ്രശ്‌നങ്ങളില്ലാത്ത രീതിയില്‍ ഇത് എങ്ങനെ പരിഹരിക്കാമെന്നത് സംബന്ധിച്ച് മേഖലയിലെ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച് വേണ്ട ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നിരീക്ഷണം തുടരുമെന്നും മന്ത്രി പറഞ്ഞു.
തീരം സന്ദര്‍ശിച്ച സംഘത്തില്‍ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, ദുരന്തനിവാരണം ഡെ. കളക്ടര്‍ സി പ്രേംജി, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമുണ്ടായിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *